തകര്‍പ്പന്‍ സെഞ്ചുറിയുമായി തിരിച്ചുവരവറിയിച്ച് ശ്രേയസ് അയ്യര്‍; ഇന്ത്യയുടെ ലോകകപ്പ് അവസാന 11ല്‍ ആര് ഇടംനേടും? സൂര്യയുടെ ബാറ്റിംഗ് പൊസിഷന്‍ ഏതാകും?

തകര്‍പ്പന്‍ സെഞ്ചുറിയുമായി തിരിച്ചുവരവറിയിച്ച് ശ്രേയസ് അയ്യര്‍; ഇന്ത്യയുടെ ലോകകപ്പ് അവസാന 11ല്‍ ആര് ഇടംനേടും? സൂര്യയുടെ ബാറ്റിംഗ് പൊസിഷന്‍ ഏതാകും?

ഐസിസി ഏകദിന ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ ടീമിന്റെ അവസാന പതിനൊന്നില്‍ സ്ഥാനമുറപ്പിക്കാന്‍ കടുത്ത മല്‍സരം. സെപ്റ്റംബര്‍ 27ന് ഓസ്‌ട്രേലിയയുമായുള്ള മൂന്നാം ഏകദിനത്തിനു ശേഷം 28ാം തീയതിയാണ് ഇന്ത്യ ലോകകപ്പ് അന്തിമ 11-നെ പ്രഖ്യാപിക്കുക.

ഈ വര്‍ഷം ടി20 യില്‍ അപാര ഫോമില്‍ കളിക്കുന്ന താരമാണ് സൂര്യകുമാര്‍ യാദവ്. നിലവിലെ ലോക ഒന്നാം നമ്പര്‍ ടി20 ബാറ്റര്‍ കൂടെയായ സൂര്യകുമാറിനു പക്ഷേ ഏകദിനത്തില്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ അടുത്തിടെ വരെ സാധിച്ചിരുന്നില്ല.

എന്നാല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും അര്‍ധസെഞ്ചുറി നേടി തനിക്ക് ഏകദിനവും വഴങ്ങുമെന്നു തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍ സ്‌കൈ എന്ന ഓമനപേരില്‍ അറിയപ്പെടുന്ന സൂര്യകുമാര്‍. ഇതോടെ ആരെ ടീമിലെടുക്കണം, അന്തിമ പതിനൊന്നില്‍ ആരെ ഉള്‍പ്പെടുത്തണം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ആദ്യ ഏകദിനത്തില്‍ 49 പന്തില്‍ നിന്ന് അര്‍ധസെഞ്ചുറി തികച്ച സൂര്യകുമാര്‍ രണ്ടാം ഏകദിനത്തില്‍ തകര്‍ത്തടിച്ച സൂര്യകുമാര്‍ 37 പന്തില്‍ നിന്ന് 72 റണ്‍സു നേടി. സൂര്യകുമാറിന്റെ വെടിക്കെട്ട് മികവില്‍ ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏറ്റവും ഉയര്‍ന്ന ഏകദിന സ്‌കോറും കുറിച്ചു. അഞ്ചു വിക്കറ്റു നഷ്ടത്തില്‍ 399 റണ്‍സാണ് ഇന്ത്യ ഇന്നു നേടിയത്.

ശ്രേയസ് അയ്യര്‍ പരുക്കിന്റെ പിടിയിലായ അവസരത്തിലാണ് സൂര്യകുമാറിന് ടീമിലേക്ക് വിളിയെത്തിയത്. എന്നാല്‍ ഇപ്പോള്‍ ശ്രേയസ് അയ്യര്‍ ടീമിലേക്ക് പരുക്കു ഭേദമായി തിരിച്ചെത്തിയിരിക്കുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ സെഞ്ചുറി കുറിച്ച് തന്റെ തിരിച്ചുവരവ് ആഘോഷമാക്കിയ അയ്യര്‍ തന്റെ സ്ഥാനവും ഉറപ്പിച്ചിട്ടുണ്ട്.

മൂന്നാം നമ്പറിലുള്ള കോലിക്കു ശേഷം നാലാം നമ്പറിലാണ് ശ്രേയസിന്റെ സ്ഥാനം. ഗില്ലും രോഹിത് ശര്‍മയും ഓപ്പണറായെത്തിയാല്‍ അഞ്ചാം നമ്പറിലാകും കെഎല്‍ രാഹുല്‍ എത്തുക. തുടര്‍ന്ന് ആറാം സ്ഥാനത്ത് ഫിനിഷര്‍ എന്ന റോളിലാകും സൂര്യകുമാര്‍ എത്തുക.

ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരും മികച്ച ഫിനിഷര്‍മാരാണ്. ഇരുവരും ആറാം നമ്പറിലും ഏഴാം നമ്പരിലും ബാറ്റിംഗ് ചെയ്ത് മികവ് തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ടീമിലെടുത്താലും സൂര്യകുമാറിനെ ഏതു പൊസിഷനില്‍ കളിപ്പിക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇനി എട്ടാം നമ്പറില്‍ സൂര്യകുമാറിനെ കളിപ്പിക്കുമോ എന്നും പറയാനാവില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.