പത്തനംതിട്ട സഹകരണ ബാങ്കിലും കള്ളവോട്ട്: ആരോപണം ശരിവച്ച് എസ്എഫ്ഐ നേതാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്

 പത്തനംതിട്ട സഹകരണ ബാങ്കിലും കള്ളവോട്ട്: ആരോപണം ശരിവച്ച് എസ്എഫ്ഐ നേതാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്

പത്തനംതിട്ട: പത്തനംതിട്ട സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന് സാധൂകരിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ പുറത്ത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തിരഞ്ഞെടുപ്പില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്‌തെന്ന് യുഡിഎഫ് ആരോപിച്ചതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നത്. എന്നാല്‍ ആരോപണം എസ്എഫ്ഐ നിഷേധിച്ചു.

പത്തനംതിട്ട നഗരസഭയിലെ 22 വാര്‍ഡുകളിലുള്ളവര്‍ക്ക് മാത്രമാണ് വോട്ട് ചെയ്യാനുള്ള അവകാശം ഉള്ളത്. എന്നാല്‍ തിരുവല്ല സ്വദേശിയായ എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ.എസ് അമല്‍ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇയാള്‍ അഞ്ച് തവണ കള്ളവോട്ട് ചെയ്തതായാണ് ആരോപണം. ഇത്തരത്തില്‍ സിപിഎം നഗരസഭാ പരിധിക്ക് പുറത്തുള്ള നിരവധി സിപിഎം അനുഭാവികളും എസ്എഫ്ഐ-ഡിവൈഎഫ്ഐ നേതാക്കളും പ്രവര്‍ത്തകരും പത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതായാണ് ആരോപണം. ആരോപണങ്ങള്‍ ശരിവെക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

എന്നാല്‍ കള്ളവോട്ട് ആരോപണവുമായി എസ്എഫ്ഐ ജില്ലാ സെക്രട്ടറിയോട് പ്രതികരണം തേടിയപ്പോള്‍ താന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പിന്തുണ അറിയിക്കാന്‍ വേണ്ടി എത്തിയതാണെന്നായിരുന്നു മറുപടി. അതേസമയം തിരഞ്ഞെടുപ്പില്‍ യുഡിഎഫാണ് വിജയിച്ചത്.

ദീര്‍ഘകാലമായി യുഡിഫിന് തന്നെയാണ് ബാങ്കിന്റെ ഭരണം. ഇത്തവണ ബാങ്ക് പിടിക്കണമെന്ന തീരുമാനത്തിലായിരുന്നു എല്‍ഡിഎഫ്. എന്നാല്‍ ഭരണസമിതി അംഗങ്ങളെ കണ്ടെത്തുന്നതിനുള്ള 11 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പത്തിലും യുഡിഎഫ് വിജയിക്കുകയായിരുന്നു. കള്ളവോട്ട് ആരോപണങ്ങള്‍ക്കിടയിലും ഒരിടത്ത് മാത്രമാണ് എല്‍ഡിഎഫിന് ജയിക്കാനായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.