കൊളംബോ: കാനഡയുമായുള്ള തര്‍ക്കത്തില്‍ ഇന്ത്യക്ക് പിന്തുണയുമായി ശ്രീലങ്ക. കാനഡയില്‍ തീവ്രവാദികള്‍ സുരക്ഷിത താവളമൊരുക്കുന്നുവെന്നും നിജ്ജാറിന്റെ കൊലപാതകത്തില്‍ തെളിവുകളൊന്നുമില്ലാതിരുന്നിട്ട് കൂടി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയ്‌ക്കെതിരെ അതിരൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നും ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി അലി സാബ്രി.
തെളിവുകളില്ലാതെ ആരോപണം ഉന്നയിക്കുന്നത് ഇതാദ്യമല്ല. ശ്രീലങ്കയ്ക്കെതിരെയും ഇതേ കാര്യമാണ് അവര്‍ ചെയ്തത്. ശ്രീലങ്കയില്‍ വംശഹത്യ നടന്നുവെന്ന വലിയ നുണയാണ് കാനഡ സൃഷ്ടിച്ചത്. വംശഹത്യ നടന്നിട്ടില്ലെന്ന കാര്യം എല്ലാവര്‍ക്കുമറിയാമെന്നും സാബ്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തില്‍ ഇന്ത്യയിലുള്ളവര്‍ക്കും ഇന്ത്യയിലേയ്ക്ക് വരുന്നവരുമായ തങ്ങളുടെ പൗരന്മാര്‍ക്ക് കാനഡ വീണ്ടും ജാഗ്രതാ നിര്‍ദേശം നല്‍കി. കനേഡിയന്‍ പൗരന്മാര്‍ക്കുള്ള യാത്രാ മാര്‍ഗ നിര്‍ദേശം അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയാണ് കാനഡ പുതുക്കുന്നത്. ഖാലിസ്ഥാന്‍ തീവ്രവാദികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
സെപ്തംബര്‍ 18 ന് കാനഡയില്‍ വച്ച് ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ വെടിവച്ച് കൊന്ന സംഭവത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിന് പിന്നാലെയാണ് ഇന്ത്യ-കാനഡ ബന്ധം വഷളായത്. കാനഡയിലെ സറേയിലുള്ള ഒരു ഗുരുദ്വാരയ്ക്ക് പുറത്തു വച്ചാണ് തീവ്രവാദിയായ നിജ്ജാര്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.