ജന്മദേശത്തു നിന്ന് കുടിയിറക്കപ്പെട്ട് അര്‍മേനിയന്‍ ക്രൈസ്തവര്‍; അസര്‍ബൈജാന്‍ നിയന്ത്രണമേറ്റെടുത്ത നാഗോര്‍ണോ-കരാബാഖില്‍ നിന്ന് കൂട്ടപലായനം

ജന്മദേശത്തു നിന്ന് കുടിയിറക്കപ്പെട്ട് അര്‍മേനിയന്‍ ക്രൈസ്തവര്‍; അസര്‍ബൈജാന്‍ നിയന്ത്രണമേറ്റെടുത്ത നാഗോര്‍ണോ-കരാബാഖില്‍ നിന്ന് കൂട്ടപലായനം

യെരവാന്‍ (അര്‍മീനിയ): മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ അസര്‍ബൈജാന്‍ സൈനിക നടപടിയിലൂടെ തങ്ങളുടെ നിയന്ത്രണത്തിലാക്കിയ നാഗോര്‍ണോ-കരാബാഖിലെ അര്‍മേനിയന്‍ ക്രൈസ്തവര്‍ പലായനം ചെയ്യാന്‍ തുടങ്ങി. വംശീയ ഉന്മൂലനം ഭയന്ന് ആയിരക്കണക്കിന് അര്‍മേനിയന്‍ വംശജരാണ് അയല്‍രാജ്യമായ അര്‍മേനിയയിലേക്ക് പലായനം ചെയ്യുന്നത്. ആറായിരത്തോളം പേര്‍ അര്‍മേനിയയിലെത്തിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ പേര്‍ പലായനം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സി.എന്‍.എന്‍, ബി.ബി.സി, ദ ഗാര്‍ഡിയന്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ വലിയ പ്രധാന്യത്തോടെയാണ് പലായന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

1,20,000 അര്‍മേനിയന്‍ വംശജരാണ് പര്‍വത മേഖലയായ നാഗോര്‍ണോയിലുള്ളത്. ഇവിടെ ക്രൈസ്തവ ജനതയുടെ വംശീയ ഉന്മൂലനത്തിനു സാധ്യതയുള്ളതായി അര്‍മേനിയന്‍ സര്‍ക്കാരും മനുഷ്യാവകാശ പ്രവര്‍ത്തകരും നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു.

ആയിരക്കണക്കിന് ആളുകള്‍ ഭക്ഷണമോ പാര്‍പ്പിടമോ ഇല്ലാതെ തകര്‍ന്ന കെട്ടിടങ്ങളില്‍ കഴിയുകയാണ്. ഇവിടേക്കു ഭക്ഷണം അടക്കം എത്തുന്നത് അസര്‍ബൈജാന്‍ സൈന്യം തടഞ്ഞതായാണ് റിപ്പോര്‍ട്ട്. അര്‍മേനിയന്‍ വംശജരെല്ലാം അര്‍മേനിയയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നിക്കോള്‍ പഷിന്‍യാന്‍ പ്രതികരിച്ചു. മേഖലയില്‍ സഹായമൊരുക്കാന്‍ റഷ്യന്‍ സമാധാന സേന രംഗത്തുണ്ട്.

അതേസമയം, നാഗോര്‍ണോ വാസികളുടെ പുനരധിവാസത്തിനായി അര്‍മേനിയന്‍ സര്‍ക്കാരിന് വ്യക്തമായ പദ്ധതിയില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 40,000 പേര്‍ക്ക് അഭയം നല്‍കുന്ന പദ്ധതി പരിഗണനയിലുണ്ടെന്നാണ് അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പഷിന്‍യാന്‍ കഴിഞ്ഞയാഴ്ച പറഞ്ഞത്.

അസര്‍ബൈജാന്റെ ഭൂപ്രദേശത്ത് സ്ഥിതി ചെയ്യുന്ന നാഗോര്‍ണോ-കരാബാഖ് പ്രദേശത്ത് അര്‍മേനിയന്‍ വംശജര്‍ക്കാണ് ഭൂരിപക്ഷം. അന്താരാഷ്ട്ര സമൂഹം പ്രദേശത്തെ അസര്‍ബൈജാന്റെ ഭാഗമായാണ് അംഗീകരിക്കുന്നതെങ്കിലും മൂന്ന് പതിറ്റാണ്ടായി അര്‍മേനിയന്‍ വംശജരുടെ നിയന്ത്രണത്തിലായിരുന്നു.

കഴിഞ്ഞയാഴ്ച അസര്‍ബൈജാന്‍ നടത്തിയ മിന്നലാക്രമണത്തില്‍ അര്‍മേനിയന്‍ പോരാളികള്‍ ആയുധംവെച്ചു കീഴടങ്ങിയിരുന്നു. നാഗോര്‍ണോ-കരാബാഖ് തിരിച്ചുപിടിച്ചതായി അസര്‍ബൈജാന്‍ പ്രഖ്യാപിച്ചു. ആക്രമണത്തില്‍ ഇരുനൂറോളം അര്‍മേനിയന്‍ വംശജരും അഞ്ച് റഷ്യന്‍ സമാധാന സേനാംഗങ്ങളും കൊല്ലപ്പെട്ടതോടെയാണ് പലായനം തുടങ്ങിയത്.

നാഗോര്‍ണോയിലെ പരാജയത്തില്‍ അര്‍മേനിയയില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം ശക്തമായിട്ടുണ്ട്. തലസ്ഥാനമായ യെരവാനില്‍ ഇന്നലെ 140 പ്രതിഷേധക്കാര്‍ അറസ്റ്റിലായി.

അതിനിടെ അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവുമായി കൂടിക്കാഴ്ച നടത്താന്‍ തുര്‍ക്കി പ്രസിഡന്റ് റെസിപ് തയീപ് എര്‍ദോഗാന്‍ രാജ്യത്ത് എത്തി. നാഗോര്‍ണോ-കരാബാഖിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനാണ് സന്ദര്‍ശനമെന്നാണു സൂചന.

കൂടുതല്‍ വായനയ്ക്ക്:


അസര്‍ബൈജാന്റെ ക്രൂരതയില്‍ 1,20,000 ക്രൈസ്തവര്‍ വംശനാശത്തിന്റെ വക്കില്‍; യുഎന്‍ സംഘത്തെ ഉടന്‍
വിന്യസിക്കണമെന്ന് അര്‍മേനിയ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.