ന്യൂസിലൻഡ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മലയാളിയായ മഹേഷ്‌ മുരളീധർ മത്സര രം​ഗത്ത്

ന്യൂസിലൻഡ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മലയാളിയായ മഹേഷ്‌ മുരളീധർ മത്സര രം​ഗത്ത്

ഓക്ലൻഡ്: ന്യൂസിലൻഡ് പാർലമെന്റിലേക്ക് മത്സരിക്കാനൊരുങ്ങി മലയാളിയായ മഹേഷ്‌ മുരളീധർ. ഓക്ലാൻഡ് സെൻട്രൽ മണ്ഡലത്തിൽ മുഖ്യ പ്രതിപക്ഷമായ നാഷണൽ പാർട്ടിയുടെ സ്ഥാനാർത്ഥിയാണ് മഹേഷ്‌ മുരളീധർ മത്സരിക്കുന്നത്. ഇപ്പോൾ അമേരിക്കയിൽ താമസമാക്കിയിരിക്കുന്ന കോഴിക്കോട് സ്വദേശികളായ മുരളി മീമ്പാട്ടിന്റെയും മീര മുരളിയുടെയും മകനാണ് മഹേഷ് മുരളീധർ. ഭാര്യ: പ്രവീണ കരുണാകരൻ. കോഴിക്കോട് ജനിച്ചു വളർന്ന മഹേഷ് മുരളീധർ പിന്നീട് സിം​ഗപ്പൂരിലേക്ക് ചേക്കേറുകയായിരുന്നു. അവിടെ നിന്നാണ് ന്യൂസിലൻഡിലേക്കെത്തുന്നത്.

നിലവിലെ ഓക്ലാൻഡ് സെൻട്രൽ എംപിയായ ക്ലോ സ്വാർബ്രിക്കിനെതിരെയാണ് മഹേഷ് മുരളീധർ മത്സരിക്കുന്നത്. വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ ഫേസ് വൺ വെഞ്ച്വേഴ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് എന്ന നിലയിൽ മഹേഷ് മുരളീധർ സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകുകയും വളർച്ചയിൽ അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ന്യൂസിലൻഡിലെയും ഓസ്‌ട്രേലിയയിലെയും നിരവധി സ്റ്റാർട്ട്-അപ്പ് കമ്പനികളുടെ ഉപദേശകനും നിക്ഷേപകനുമാണ് മഹേഷ് മുരളീധർ.

നേപ്പിയർ ബോയ്‌സ് ഹൈസ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മഹേഷ് ഓക്ലാൻഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്‌സിൽ ബിരുദവും കലയിൽ ബിരുദ ഡിപ്ലോമയും കരസ്ഥമാക്കി. ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിൽ നിന്ന് എംബിഎയും ഓക്ലാൻഡ് സർവകലാശാലയിൽ നിന്ന് പബ്ലിക് പോളിസിയിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്.

ഒക്ടോബർ 14 നാണ് ന്യൂസിലൻഡിലെ തിര‍ഞ്ഞെടുപ്പ്. ന്യൂസിലാൻഡ് പാർലമെന്റിൽ 120 അം​ഗങ്ങളാണുള്ളത്. 72 പേരെ മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുമ്പോൾ 48 പേർ പാർട്ടി പ്രതിനിധികളായി എത്തപ്പെടും. ന്യൂസിലാൻഡിൽ നിലവിലെ ഭരണകക്ഷിയായ ലേബൽ പാർട്ടിയും മുഖ്യ പ്രതിപക്ഷമായ നാഷണൽ പാർട്ടിയും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ലേബർ പാർട്ടിയുടെ ജനപ്രിയ പ്രധാനമന്ത്രി ജസീന്ത ആർഡെൻ രാജിവെച്ചതിന് പിന്നാലെയാണ് ക്രിസ് ഹിപ്കിൻസ് അധികരമേറ്റെടുക്കുന്നത്. ഈ തിരഞ്ഞെടുപ്പ് ഇരു പാർട്ടികൾക്കും നിർണായകമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.