ഒക്ടോബർ ഏഴിലെ പുരുഷന്മാരുടെ അന്താരാഷ്ട്ര ജപമാലയിൽ 40 രാഷ്ട്രങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും

ഒക്ടോബർ ഏഴിലെ പുരുഷന്മാരുടെ അന്താരാഷ്ട്ര ജപമാലയിൽ 40 രാഷ്ട്രങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും

ബ്യൂണസ് അയേഴ്സി: ജപമാല രാജ്ഞിയുടെ തിരുനാൾ ദിനമായ ഒക്ടോബർ ഏഴിന് അർജന്റീനയിൽ നടക്കുന്ന നാലാമത് പുരുഷൻമാരുടെ ജപമാല പ്രദിക്ഷണത്തിൽ നാൽപ്പതിലധികം രാഷ്ട്രങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. അർജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ പ്ലാസാ ഡെ മായോയിൽ രാവിലെ 11 മണിക്കാണ് പുരുഷൻമാരുടെ ജപമാല നടക്കുക.

2022 മെയ് 28നാണ് ആദ്യത്തെ പുരുഷൻമാരുടെ ജപമാല റാലി സംഘടിപ്പിച്ചത്. അതേ വർഷം ഒക്ടോബർ എട്ടിന് ബ്യൂണസ് അയേഴ്സിൽ സംഘടിപ്പിച്ച രണ്ടാമത്തെ ജപമാല റാലിയിൽ അഞ്ച് ഭൂഖണ്ഡങ്ങളിലെ നൂറ്റിയൻപത്തോളം നഗരങ്ങളിൽ നിന്നുമായി ആയിരകണക്കിന് പുരുഷൻമാരാണ് പങ്കെടുത്തത്.

2023 മെയ് ആറിന് നടന്ന മൂന്നാമത് പുരുഷൻമാരുടെ ജപമാല റാലിയിൽ നാൽപ്പതിലധികം രാഷ്ട്രങ്ങളുടെ പങ്കാളിത്തമുണ്ടായിരിന്നു. ഈ ലോകത്ത് തങ്ങളുടെ വിശ്വാസവും, സ്വന്തം സത്തയും വീണ്ടെടുക്കുവാൻ ആഗ്രഹിക്കുന്ന പുരുഷൻമാരിലാണ് ഈ ജപമാല പ്രദിക്ഷണത്തിന്റെ പ്രാധാന്യം കുടികൊള്ളുന്നതെന്നു ബ്യൂണസ് അയേഴ്സിലെ പുരുഷൻമാരുടെ ജപമാല പ്രദിക്ഷണത്തിന്റെ സംഘാടകരിൽ ഒരാളായ സെഗുണ്ടോ കാരാഫി പറഞ്ഞു. കുടുംബത്തിലെ പിതാവെന്ന നിലയിൽ തന്റെ പരമമായ സത്തയെ സംരക്ഷിക്കുവാൻ പുരുഷൻമാരെ പ്രാപ്തരാക്കുകയാണ് ഈ ജപമാല പ്രദിക്ഷണത്തിന്റെ ലക്ഷ്യമെന്നും അദേഹം കൂട്ടിച്ചേർത്തു.

മാതാവിന്റെ അമലോത്ഭവ ഹൃദയത്തിനെതിരായി ചെയ്ത എല്ലാ പാപങ്ങൾക്കുമുള്ള പരിഹാരമായും വിശുദ്ധ യൗസേപ്പിതാവിന്റെ മാതൃക പിന്തുടർന്നുകൊണ്ട് കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും വിശുദ്ധി സംരക്ഷിക്കുന്നതിനായും നിയോഗംവെച്ചാണ് ജപമാല പ്രദിക്ഷണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26