'പാകിസ്ഥാനില്‍ ശക്തമായ ഭൂചലന സാധ്യത'; പ്രവചനവുമായി ഗവേഷക സംഘം

 'പാകിസ്ഥാനില്‍ ശക്തമായ ഭൂചലന സാധ്യത'; പ്രവചനവുമായി ഗവേഷക സംഘം

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വരും ദിവസങ്ങളില്‍ ശക്തമായ ഭൂചലനങ്ങള്‍ക്ക് സാധ്യതയെന്ന് നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനം. സാമൂഹിക മാധ്യമമായ എക്സ് വഴിയാണ് ഭൂകമ്പ സാധ്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ ഗവേഷണ സംഘം പുറത്ത് വിട്ടത്. സോളാര്‍ സിസ്റ്റം ജ്യോമെട്രി സര്‍വേ പ്രകാരം പാകിസ്ഥാന്റെ പല ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ അന്തരീക്ഷ ഏറ്റക്കുറച്ചിലുകള്‍ കാണപ്പെട്ടുവെന്നും അത് വരാനിരിക്കുന്ന ശക്തമായ ഭൂചലനത്തിന്റെ സൂചനകളാകാമെന്നുമാണ് ഗവേഷകരുടെ നിഗമനം.

പ്രവചങ്ങള്‍ പലരിലും ആശങ്ക സൃഷ്ടിക്കുമെങ്കിലും ഭൂകമ്പ പ്രവചനത്തെക്കുറിച്ച് ഒരു നിഗമനത്തില്‍ എത്തുംവരെ എല്ലാവരും ജാഗരൂകരായിരിക്കണമെന്ന് ഡച്ച് ശാസ്ത്രജ്ഞനായ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്‌സ് നിര്‍ദേശം നല്‍കി. മുന്‍പ് നടത്തിയ പഠനങ്ങളില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 30 ന് പാകിസ്ഥാന്റെയും സമീപ പ്രദേശങ്ങളുടെയും ഭാഗങ്ങളില്‍ ശക്തമായ രീതിയില്‍ അന്തരീക്ഷ ഏറ്റക്കുറച്ചിലുകള്‍ രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

മുന്‍പ് തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പങ്ങളില്‍ പ്രവചനം നടത്താന്‍ ഇത്തരം പഠനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഗ്രഹങ്ങളുടെ വിന്യാസം അടിസ്ഥാനമാക്കി നടത്തുന്ന ഹൂഗര്‍ബീറ്റ്‌സ് സാങ്കേതിക വിദ്യയാണ് ഇത്തരത്തിലുള്ള പഠനങ്ങള്‍ നടത്താന്‍ ഗവേഷകരെ പ്രാപ്തരാക്കുന്നത്. ഇപ്പോള്‍ വന്നിരിക്കുന്ന പഠന റിപ്പോര്‍ട്ട് ശക്തമായ ഭൂചലനത്തിന്റെ സൂചകമായിരിക്കാമെന്നും എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് സംഭവിക്കുമെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ലെന്നും ഒരു നിഗമനത്തിലെത്തുംവരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.

ഒക്ടോബര്‍ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള ദിവസങ്ങള്‍ കൂടുതല്‍ നിര്‍ണായകമാണെന്നും വൈകാതെ സ്ഥിരീകരണങ്ങള്‍ ലഭിക്കുമെന്നും ആശങ്കപ്പെടുത്തുന്ന കിംവദന്തികള്‍ക്കും പ്രസ്താവനകള്‍ക്കും ഇതില്‍ സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ശക്തമായ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറയുമ്പോള്‍, ചില ആളുകള്‍ വലിയ ഭൂകമ്പമുണ്ടാകുമെന്ന് പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്നും ഫ്രാങ്ക് ഹൂഗര്‍ബീറ്റ്‌സ് കുറിപ്പില്‍ വ്യക്തമാക്കി.

നിര്‍ദേശത്തില്‍ പ്രതികരണവുമായി നാഷണല്‍ സുനാമി സെന്റര്‍ കറാച്ചിയിലെ ഡയറക്ടര്‍ അമീര്‍ ഹൈദര്‍ ലഘരി രംഗത്ത് വന്നു. ഇപ്പോള്‍ പ്രവചിച്ച ഭൂകമ്പത്തിന്റെ സമയവും സ്ഥലവും പ്രവചിക്കാന്‍ കഴിയില്ലെന്നും പാകിസ്ഥാനിലൂടെ കടന്നുപോകുന്ന രണ്ട് പ്രധാന ടെക്റ്റോണിക് പ്ലേറ്റുകളുടെ അതിര്‍ത്തിരേഖയ്ക്കുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ഭൂകമ്പം ഉണ്ടാകാമെന്നും അത് പ്രവചിക്കാന്‍ കഴിയില്ലെന്നും നിലവില്‍ ഇത്തരം ആശങ്കക്ക് സാധുതയില്ലെന്നും ലഘരി പറഞ്ഞതായി ദി എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.