ജോസ് വിൻ കാട്ടൂർ
വത്തിക്കാൻ സിറ്റി: ക്രിസ്തുവിൽ വിശ്വസിക്കുന്നവർ ദൈവമുമ്പാകെ എപ്പോഴും ഹൃദയപരമാർത്ഥതയോടെ വ്യാപരിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. ക്ലേശങ്ങളിലും പരാജയങ്ങളിലും ബലഹീനതകളിലും കാപട്യത്തിന്റെ മുഖംമൂടികൾ എടുത്തണിഞ്ഞ്, അസ്വസ്ഥപ്പെടുത്തുന്ന മനസ്സാക്ഷിയിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കരുതെന്നും പാപ്പ കൂട്ടിച്ചേർത്തു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഞായറാഴ്ചത്തെ മദ്ധ്യാഹ്ന പ്രാർത്ഥനയോടനുബന്ധിച്ച്, വചനസന്ദേശം നൽകവെയാണ് മാർപാപ്പ ഇക്കാര്യങ്ങൾ വിശ്വാസികളെ ഓർമ്മപ്പെടുത്തിയത്. അന്നേ ദിവസത്തെ സുവിശേഷ വായനയായ മത്തായിയുടെ സുവിശേഷത്തിലെ, രണ്ടു പുത്രന്മാരുടെ ഉപമയെ (മത്തായി 21: 28 - 32) ആധാരമാക്കിയായിരുന്നു പാപ്പായുടെ സന്ദേശം.
മുന്തിരിത്തോട്ടത്തിൽ ജോലി ചെയ്യാനായി തൻ്റെ രണ്ടു പുത്രന്മാരോടും ആവശ്യപ്പെട്ട പിതാവിനോട്, ഒരു മകൻ ചെയ്യാമെന്ന് പറഞ്ഞെങ്കിലും ചെയ്യാതിരിക്കുകയും, രണ്ടാമൻ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് ചെയ്യുകയും ചെയ്ത ഉപമയാണ് അത്. ജോലി ചെയ്യാനുള്ള അവരുടെ വിമുഖതയെക്കാൾ, പിതാവിനോടും തങ്ങളോടു തന്നെയുമുള്ള അവരുടെ ആത്മാർത്ഥതയിലെ വ്യത്യാസത്തെക്കുറിച്ചാണ് യേശു ഈ ഉപമയിലൂടെ നമ്മെ പഠിപ്പിക്കുന്നത് - പാപ്പ പറഞ്ഞു.
ഒരു മകൻ പിതാവിനോട് കള്ളം പറഞ്ഞു. എന്നാൽ മറ്റെയാൾ ആദ്യം തെറ്റു ചെയ്യുകയും എന്നാൽ പിന്നീട് ആത്മാർത്ഥത കാണിക്കുകയും ചെയ്തു. ആദ്യത്തെയാൾ പിതാവിന്റെ ഇഷ്ടം നിറവേറ്റാൻ ത്യാഗം ഏറ്റെടുക്കുന്നില്ലെന്നു മാത്രമല്ല, അതിനെക്കുറിച്ച് സംസാരിക്കാൻ പോലും ആഗ്രഹിച്ചില്ല. രണ്ടു പേരുടെയും പെരുമാറ്റരീതികളിലെ വ്യതാസം പാപ്പ ചൂണ്ടിക്കാണിച്ചു.
കാപടനാട്യക്കാരനെക്കാൾ ഭേദം പാപി
ആദ്യത്തെ മകൻ 'ചെയ്യാം' എന്ന വാക്കിന്റെ മറവിൽ, തന്റെ കാപട്യം മറച്ചുവയ്ക്കുകയും അലസത ഒളിപ്പിക്കുകയും, അങ്ങനെ താത്കാലിമായി മുഖം രക്ഷിക്കുകയും ചെയ്തു. എന്നാൽ യഥാർത്ഥത്തിൽ അവൻ പിതാവിനെയും തന്നെത്തന്നെയും വഞ്ചിക്കുകയായിരുന്നു. 'മനസ്സില്ല' എന്ന തുറന്നടിച്ചുള്ള മറുപടിയെക്കാൾ കൂടുതൽ മോശമായ കാര്യമാണ് ഇത്.
പരിശുദ്ധ പിതാവ് ഇപ്രകാരം തുടർന്നു: ഇങ്ങനെയുള്ളവരുടെ പ്രശ്നം, അനുസരണക്കേട് മറയ്ക്കാനായി ആദ്യത്തെ മകൻ ചെയ്തതുപോലെ, ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ കള്ളം പറയുന്നുവെന്നതാണ്. പിന്നീട് അവൻ യാതൊരു സംഭാഷണത്തിനോ പ്രതികരണത്തിനോ ശ്രമിക്കുന്നുമില്ല.
സ്വന്തം പെരുമാറ്റശൈലിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുക
രണ്ടാമത്തെ മകനോ, 'മനസ്സില്ല' എന്ന് ആദ്യം പറഞ്ഞെങ്കിലും, പിന്നീട് വീണ്ടുവിചാരമുണ്ടായപ്പോൾ, മുന്തിരിത്തോട്ടത്തിൽ പോയി ജോലി ചെയ്തു. എല്ലാം തികഞ്ഞവനായിരുന്നില്ലെങ്കിലും, അവന്റെ പെരുമാറ്റം ആത്മാർത്ഥതയുള്ളതായിരുന്നു - പാപ്പാ എടുത്തുപറഞ്ഞു.
ഈ മകൻ ആദ്യം വിമുഖത കാട്ടിയെങ്കിലും, പിന്നീട് സ്വന്തം പെരുമാറ്റത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. അവൻ ആത്മശോധന ചെയ്യുകയും സ്വന്തം തെറ്റു മനസ്സിലാക്കുകയും ശരിയായ വഴിലൂടെ ചുവടുവയ്ക്കുകയും ചെയ്തു. അവൻ പാപിയാണെങ്കിലും, അവന്റെ മനസ്സിനെ ജീർണ്ണത ബാധിച്ചിരുന്നില്ല. ഒരു പാപിക്ക് വീണ്ടെടുപ്പിന്റെ പ്രത്യാശ എപ്പോഴുമുണ്ട്.
എന്നാൽ മനസ്സിൽ ജീർണ്ണത ബാധിച്ചവരെ സംബന്ധിച്ചിടത്തോളം ഇത് കൂടുതൽ പ്രയാസകരമാണ്. കാപട്യത്തോടെയുള്ള ഭംഗിവാക്കുകളാൽ, വ്യാജമായ സമ്മതങ്ങൾ അവർ നൽകുന്നു. കപടതയുടെ മുഖംമൂടിയും വ്യാജമായ നാട്യങ്ങളും കൊണ്ട് അവർ ഒരു 'റബ്ബർ മതിൽ നിർമ്മിച്ച്, അതിനു പിന്നിൽ തങ്ങളുടെ അസ്വസ്ഥ മനസ്സാക്ഷിയെ ഒളിപ്പിക്കുന്നു.
നമ്മൾ പിതാവിന്റെ ഇഷ്ടത്തിന് സ്വതന്ത്രമനസോടെ ആമേൻ പറയുന്നവരോ?
ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളെ സത്യസന്ധമായും ഉദാരതയോടെയും അഭിമുഖീകരിക്കാനും, അങ്ങനെ പിതാവിന്റെ ഇഷ്ടം നിറവേറ്റാനും നാം സന്നദ്ധരാണോയെന്ന് പരിശോധിച്ചു കണ്ടെത്താൻ പരിശുദ്ധ പിതാവ് വിശ്വാസികളോട് ആഹ്വാനം ചെയ്തു.
ത്യാഗം സഹിച്ചും പിതാവിന്റെ ഹിതത്തിന് 'ആമേൻ' പറയാൻ ഞാനൊരുക്കമാണോ? എന്റെ പ്രയാസങ്ങളും പരാജയങ്ങളും ബലഹീനതകളും മൂലം എപ്പോഴെങ്കിലും വീണുപോകാനിടയാൽ, ഹൃദയ പരമാർത്ഥതയോടെ, ദൈവത്തിനു മുമ്പിൽ ഞാൻ അത് ഏറ്റുപറയാറുണ്ടോ? തെറ്റുകൾ മനസ്സിലാക്കി പശ്ചാത്തപിച്ച് മടങ്ങിപ്പോകാൻ ഞാൻ സന്നദ്ധനാണോ? അതോ, എല്ലാം ശരിയാണെന്ന് നടിച്ച്, മുഖംമൂടി ധരിച്ച്, നല്ലവനും നീതിമാനുമായി ഞാൻ ഭാവിക്കാറുണ്ടോ? ഈ ചോദ്യങ്ങളെല്ലാം നാം സ്വയം ചോദിക്കണം. അവസാനമായി, 'ഞാനൊരു പാപിയാണോ അതോ, ഒരു കപടനാട്യക്കാരനോ?' എന്ന് ആത്മശോധന ചെയ്തു കണ്ടെത്താനും പാപ്പാ എല്ലാവരെയും ഉദ്ബോധിപ്പിച്ചു.
പരിശുദ്ധിയുടെ നിർമ്മല ദർപ്പണമായ മറിയം, ഹൃദയ പരമാർത്ഥതയുള്ള ക്രിസ്ത്യാനികളായിത്തീരാൻ നമ്മെ സഹായിക്കട്ടെയെന്ന പ്രാർത്ഥനയോടെ പാപ്പാ തൻ്റെ സന്ദേശം അവസാനിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26