ബാങ്കോക്ക്: തായ്ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ ആഡംബര ഷോപ്പിങ് മാളിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഒരു വിദേശ പൗരന്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്ക്. നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന സിയാം പാരഗണ്‍ മാളിലാണ് ചൊവ്വാഴ്ച വൈകിട്ടോടെ വെടിവയ്പ്പുണ്ടായത്.
അക്രമിയെന്ന് സംശയിക്കുന്ന 14-കാരനെ പോലീസ് അറസ്റ്റ് ചെയ്തതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. കുട്ടിയെ ചോദ്യം ചെയ്തുവരികയാണ്. കൈത്തോക്ക് ഉപയോഗിച്ചാണ് 14-കാരന്‍ ഷോപ്പിങ് മാളില്‍ വെടിയുതിര്‍ത്തതെന്നാണ് വിവരം. അതേസമയം, വെടിവെപ്പിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് സമീപത്തെ മെട്രോ സ്റ്റേഷന്‍ ഉള്‍പ്പെടെ അടച്ചിട്ടതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മാളിനടുത്തുള്ള ഒരു സ്‌കൂളിലാണ് പ്രതി പഠിച്ചത്. മാനസികാരോഗ്യ പ്രശ്നത്തിന് ചികിത്സ തേടിയതിന്റെ റെക്കോര്‍ഡ് പ്രതിക്കുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ മരുന്ന് കഴിക്കുന്നത് നിര്‍ത്തിയതായി ദേശീയ പോലീസ് മേധാവി ടോര്‍സാക് സുക്വിമോള്‍ പറഞ്ഞു.
സംഭവത്തിന് പിന്നാലെ മാളില്‍ നിന്നുള്ള ഒട്ടേറെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. മാളില്‍നിന്ന് ജനങ്ങള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടുന്നതിന്റെയും മറ്റും വീഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ദൃശ്യങ്ങളില്‍ വെടിയൊച്ചകളും കേള്‍ക്കാം. വെടിയൊച്ചകള്‍ കേട്ടതോടെ മാളിലുണ്ടായിരുന്നവരെല്ലാം പരിഭ്രാന്തരായി പരക്കംപാഞ്ഞെന്നാണ് ദൃക്സാക്ഷികളുടെ പ്രതികരണം. പലരും വ്യാപാര സ്ഥാപനങ്ങളുടെ അകത്തുകയറിയും ശൗചാലയങ്ങളില്‍ കയറിയുമാണ് ഒളിച്ചിരുന്നതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്നും 'സിയാം പാരഗണ്‍' വെടിവയ്പ്പിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ പൊലീസിനോട് ഉത്തരവിട്ടതായും പ്രധാനമന്ത്രി ശ്രെത്ത തവിസിന്‍ അറിയിച്ചു.
തായ്ലാന്‍ഡില്‍ വെടിവയ്പ്പു സംഭവങ്ങള്‍ ഇപ്പോള്‍ സാധാരണമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നഴ്‌സറിയില്‍ പഠിക്കുന്ന 24 കുട്ടികളെ വെടിവെച്ചുകൊന്നിരുന്നു. 2020 ല്‍ തായ് നഗരമായ നഖോണ്‍ റാച്ചസിമയില്‍ സൈനികന്‍ 29 പേരെ വെടിവച്ചു കൊന്നിരുന്നു. അന്ന് 57 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.