'പ്രേതഭൂമിയില്‍ ഇനി എന്താണ് അവശേഷിക്കുന്നത്?' അര്‍മേനിയന്‍ ക്രൈസ്തവരുടെ പലായനത്തിനു പിന്നാലെ യു.എന്‍ സംഘത്തിന്റെ സന്ദര്‍ശനത്തില്‍ വിമര്‍ശനം

'പ്രേതഭൂമിയില്‍ ഇനി എന്താണ് അവശേഷിക്കുന്നത്?' അര്‍മേനിയന്‍ ക്രൈസ്തവരുടെ പലായനത്തിനു പിന്നാലെ യു.എന്‍ സംഘത്തിന്റെ സന്ദര്‍ശനത്തില്‍ വിമര്‍ശനം

യെരവാന്‍: സൈനിക നടപടിയിലൂടെ അസര്‍ബൈജാന്‍ പിടിച്ചെടുത്ത നാഗോര്‍ണോ-കരാബാഖില്‍ നിന്ന് അര്‍മേനിയന്‍ ക്രൈസ്തവര്‍ പലായനം ചെയ്തതിനു പിന്നാലെ യു.എന്‍ ദൗത്യ സംഘം എത്തിയതില്‍ വിമര്‍ശനം. ജനങ്ങള്‍ ഒഴിഞ്ഞു പോയതോടെ ഏറെക്കുറെ വിജനമായ പര്‍വതപ്രദേശത്ത് ഞായറാഴ്ചയാണ് ഐക്യരാഷ്ട്ര സഭയുടെ ആദ്യ ദൗത്യ സംഘം എത്തിയത്. എന്നാല്‍ ഏറെ വൈകിയുള്ള യു.എന്നിന്റെ സന്ദര്‍ശനത്തില്‍ പലായനം ചെയ്ത അര്‍മേനിയന്‍ വംശജര്‍ കടുത്ത അമര്‍ഷത്തിലാണ്.

30 വര്‍ഷത്തിനിടെ നാഗോര്‍ണോ-കരാബാഖ് മേഖലയിലേക്ക് എത്തിയ ആദ്യത്തെ യുഎന്‍ ദൗത്യ സംഘമാണിത്. പ്രദേശത്ത് അവശേഷിക്കുന്ന ആളുകള്‍ക്കും പലായനം ചെയ്യുന്നവര്‍ക്കും ആവശ്യമായ മാനുഷിക സഹായം എത്തിക്കുകയാണ് തങ്ങളുടെ ദൗത്യമെന്ന് യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു,

എന്നാല്‍ നാഗോര്‍ണോ-കരാബാഖില്‍ നിന്ന് രക്ഷപ്പെട്ട് അര്‍മേനിയയില്‍ അഭയാര്‍ത്ഥികളായെത്തിയവര്‍ യുഎന്‍ സംഘത്തിന്റെ വരവറിഞ്ഞ് അമര്‍ഷം പ്രകടിപ്പിച്ചു. അന്താരാഷ്ട്ര ദൗത്യ സംഘത്തിന്റെ സന്ദര്‍ശനം ഏറെ വൈകിയതായി അഭയാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി.

'യുഎന്‍ സംഘത്തിന് നിരീക്ഷിക്കാന്‍ അവിടെയിനി എന്താണ് അവശേഷിക്കുന്നത്?' നാഗോര്‍ണോ-കരാബാഖ് തലസ്ഥാനമായ സ്റ്റെപാനകേര്‍ട്ടില്‍ നിന്ന് മൂന്ന് ദിവസത്തെ ദുരിതയാത്രയ്ക്ക് ശേഷം അര്‍മേനിയന്‍ തലസ്ഥാനമായ യെരവാനില്‍ എത്തിയ 53 കാരനായ ഹരുത്യുന്‍യന്‍ പറഞ്ഞു.

'ഇനി ആരും അവിടെയില്ല, എല്ലാവരും ഒഴിഞ്ഞുപോയി, അതൊരു പ്രേത നഗരമായി മാറി' - അദ്ദേ ഹം കൂട്ടിച്ചേര്‍ത്തു.

നാഗോര്‍ണോ-കരാബാഖിലെ 1,20,000 വരുന്ന ജനസംഖ്യയില്‍ 100,500-ലധികം ആളുകള്‍ അര്‍മേനിയയിലേക്ക് പലായനം ചെയ്തതായി അര്‍മേനിയന്‍ അധികൃതര്‍ അറിയിച്ചു. വിജനമായ സ്റ്റെപാനകേര്‍ട്ടില്‍ നിന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ മാലിന്യങ്ങള്‍, ഉപേക്ഷിക്കപ്പെട്ട ശിശുവാഹിനികള്‍ (പ്രാം), കുട്ടികളുടെ സ്‌കൂട്ടറുകള്‍ എന്നിവ ചിതറിക്കിടക്കുന്നത് കാണാം.

'ഞങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ അന്താരാഷ്ട്ര നിരീക്ഷകര്‍ എവിടെയായിരുന്നു? ഇപ്പോള്‍ വളരെ വൈകിയിരിക്കുന്നു' - നാഗോര്‍ണോ-കരാബാഖിനെ അര്‍മേനിയയുമായി ബന്ധിപ്പിക്കുന്ന ഒരേയൊരു റോഡായ ലാച്ചിന്‍ ഇടനാഴി മാസങ്ങളോളം ഉപരോധിച്ച അസര്‍ബൈജാനി നടപടിയെ പരാമര്‍ശിച്ച് ഹരുത്യുനിയന്‍ രോഷത്തോടെ പറഞ്ഞു.

നാഗോര്‍ണോ-കരാബാഖില്‍ നിന്നുള്ള അവസാന സംഘവും അര്‍മേനിയയിലേക്കു പലായനം ചെയ്തതായി അര്‍മേനിയന്‍ ഉദ്യോഗസ്ഥനായ അര്‍ട്ടക് ബെഗ്ലാര്യന്‍ പറഞ്ഞു. അവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, എമര്‍ജന്‍സി സര്‍വീസ് ജീവനക്കാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരും ഉള്‍പ്പെടുന്നു.

അതേസമയം, അസര്‍ബൈജാന്‍ നിയന്ത്രണത്തിലാക്കിയ കരാബാക്ക് മേഖലയില്‍ 50 മുതല്‍ 1,000 വരെ അര്‍മേനിയക്കാര്‍ അവശേഷിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ലക്ഷത്തിലധികം പേര്‍ പലായനം ചെയ്തു.

'ഞങ്ങള്‍ ഉപേക്ഷിച്ചത് വീട് മാത്രമല്ല... ഞങ്ങളുടെ ചരിത്രം കൂടിയാണ് - നാഗോര്‍ണോ-കരാബാഖില്‍ നിന്ന് അര്‍മേനിയയിലെത്തിയ തമര എന്ന യുവതി പറഞ്ഞു. തന്റെ പുസ്തകങ്ങളും പഴയ പിയാനോ ഉള്‍പ്പെടെയുള്ള മറ്റ് സ്വകാര്യ വസ്തുക്കളും അസര്‍ബൈജാനിയുടെ കൈകളില്‍ അകപ്പെടുമെന്ന് ഭയന്ന് കത്തിച്ചതായും തമര പറഞ്ഞു.

ആറ് ബന്ധുക്കളുമായി ഒരു ഇടുങ്ങിയ ഫ്‌ളാറ്റിലാണ് തമര അര്‍മേനിയയില്‍ താമസിക്കുന്നത്. 'അവിടെ ഞങ്ങള്‍ക്ക് സ്വന്തമായി പൂന്തോട്ടമുണ്ടായിരുന്നു, ഇപ്പോള്‍ ഞങ്ങള്‍ക്ക് തറയില്‍ കിടക്കണം. എന്നാലും എന്റെ കുട്ടികളെങ്കിലും എന്റെ കൂടെയുണ്ട്, അവര്‍ സുരക്ഷിതരാണ് - യുവതി ആശ്വസിച്ചു.

കൂടുതല്‍ വായനയ്ക്ക്:

കൂട്ടപ്പലായനത്തെതുടർന്ന് ഒ​​​രു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ക്രിസ്ത്യാനികൾ രാജ്യത്ത് എത്തിയതായി അർമേനിയൻ സർക്കാർ

കൂട്ടപ്പലായനം തുടരുന്നു; അര്‍മേനിയയില്‍ അഭയം പ്രാപിച്ചത് 60,000ത്തിലധികം ക്രൈസ്തവര്‍; പിന്തുണയുമായി സംവിധായകന്‍ മെല്‍ ഗിബ്‌സണ്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.