നാഗോര്‍ണോ-കരാബാഖിലെ ഉന്നത നേതാവ് അസര്‍ബൈജാന്റെ കസ്റ്റഡിയില്‍
യെരവാന്‍: അസര്‍ബൈജാന്‍ പിടിച്ചടക്കിയ നാഗോര്‍ണോ-കരാബാഖിലെ ജനസംഖ്യയുടെ പകുതിയിലധികം പേരും അര്‍മേനിയയിലേക്ക് പലായനം ചെയ്തതായി റിപ്പോര്‍ട്ടുകള്‍. 60,000ത്തിലധികം അര്‍മേനിയന്‍ ക്രൈസ്തവരാണ് വംശഹത്യ ഭയന്ന് പ്രാണരക്ഷാര്‍ത്ഥം ജന്മദേശം വിട്ടോടിയത്.
നാഗോര്‍ണോ-കരാബാഖില്‍ നിന്ന് 68,386 പേര്‍ അര്‍മേനിയയിലെത്തിയതായി പ്രധാനമന്ത്രി നിക്കോള്‍ പഷിന്‍യാന്‍ അറിയിച്ചു. പലായനത്തെ വംശീയ ഉന്മൂലമെന്നാണ് പഷിന്‍യാന്‍ വിശേഷിപ്പിച്ചത്. അസര്‍ബൈജാനെതിരെ അന്താരാഷ്ട്ര തലത്തില്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ അര്‍മേനിയന്‍ അഭയാര്‍ത്ഥികളോടൊപ്പം പ്രദേശത്തുനിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ നാഗോര്‍ണോ കരാബാഖിലെ ഉന്നത നേതാവും മുന്‍ മന്ത്രിയുമായ റൂബന്‍ വര്‍ദന്യനെ അസര്‍ബൈജാന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു. തീവ്രവാദത്തിനും മറ്റ് കുറ്റകൃത്യങ്ങള്‍ക്കും സഹായം നല്‍കിയെന്ന് ആരോപിച്ചാണ് റൂബന്‍ വര്‍ദന്യനെതിരെ കുറ്റം ചുമത്തിയത്. അര്‍മേനിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കസ്റ്റഡിയിലെടുത്തത്.
കൈവിലങ്ങ് അണിയിച്ച്, 55 കാരനായ റൂബന്‍ വര്‍ദന്യനെ അസര്‍ബൈജാന്‍ തലസ്ഥാനമായ ബാക്കുവിലേക്ക് കൊണ്ടുപോകുന്നതിന്റെ ചിത്രം അസെറി പ്രസ് ഏജന്‍സി പുറത്തുവിട്ടു.
അര്‍മേനിയന്‍ ക്രൈസ്തവ ഭൂരിപക്ഷമുള്ള, റിപ്പബ്ലിക് ഓഫ് അര്‍ത്സാഖ് എന്ന് വിളിക്കുന്ന നാഗോര്‍ണോ കരാബാഖ് എന്ന സ്വയംപ്രഖ്യാപിത ദേശത്തിന്റെ മുന്‍ മന്ത്രിയായിരുന്നു റൂബന്‍.
റൂബന്‍ വര്‍ദന്യന്റെ ഭാര്യ വെറോണിക്ക സോനബെന്‍ഡ് തന്റെ ഭര്‍ത്താവിന്റെ മോചനത്തിന് പിന്തുണ തേടി സമൂഹ മാധ്യമത്തിലൂടെ പ്രസ്താവന പുറത്തിറക്കി.
'അസര്‍ബൈജാന്റെ അധിനിവേശത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ആയിരക്കണക്കിന് അര്‍മേനിയക്കാര്‍ക്കൊപ്പം ആര്‍ട്സാഖ് വിടാന്‍ ശ്രമിക്കുന്നതിനിടെ, തന്റെ ഭര്‍ത്താവും മനുഷ്യസ്നേഹിയും മുന്‍ മന്ത്രിയുമായ റൂബന്‍ വര്‍ദന്യനെ അസര്‍ബൈജാനി അധികൃതര്‍ അതിര്‍ത്തിയില്‍ വെച്ച് പിടികൂടി' - വെറോണിക്ക സോനബെന്‍ഡ് അറിയിച്ചു. 'റൂബന്‍ ആര്‍ട്‌സാഖിലെ ജനങ്ങള്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്നുനിന്നു, കഷ്ടപ്പാടുകള്‍ സഹിച്ചു, അവരോടൊപ്പം അതിജീവനത്തിനായി പോരാടി. തന്റെ ഭര്‍ത്താവിനെ മോചിപ്പിക്കാന്‍ നിങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിക്കുന്നു' - വെറോണിക്ക കൂട്ടിച്ചേര്‍ത്തു.
അതേസമയം, സ്വയം പ്രഖ്യാപിത നാഗോര്‍ണോ-കരാബാഖ് റിപ്പബ്ലിക് പിരിച്ചുവിടുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 2024 ജനുവരി ഒന്നിനകം എല്ലാ സംസ്ഥാന സ്ഥാപനങ്ങളും പിരിച്ചുവിടാനുള്ള ഉത്തരവില്‍ നാഗോര്‍ണോ-കരാബാഖ് പ്രസിഡന്റ് സാംവെല്‍ ഷഹ്രാമന്യന്‍ ഒപ്പുവച്ചതായി പ്രസ്താവനയില്‍ പറഞ്ഞു. നാഗോര്‍ണോ-കരാബാഖിലെ ജനസംഖ്യയുടെ പകുതിയിലധികം പേരും അര്‍മേനിയയിലേക്ക് പലായനം ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.
അസര്‍ബൈജാന്റെ പുനഃസംയോജനത്തിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കുന്നതായും പ്രദേശത്ത് തുടരണോ വിട്ടുപോകണോ എന്ന കാര്യത്തിലും ജനങ്ങള്‍ സ്വതന്ത്രവും വ്യക്തിഗതവുമായ തീരുമാനമെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.
നാഗോര്‍ണോ-കരാബാഖില്‍ നിന്ന് അര്‍മേനിയയിലേക്കുള്ള പാത പത്ത് മാസങ്ങള്‍ക്ക് ശേഷം തുറന്നു നല്‍കിയതോടെയാണ് ജനങ്ങള്‍ പലായനം ചെയ്യാന്‍ ആരംഭിച്ചത്. അസര്‍ബൈജാന്‍ സൈന്യം നാഗോര്‍ണോ-കരാബാഖിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതോടെ വംശീയ ഉന്മൂലനം ഭയന്ന് ആയിരക്കണക്കിന് അര്‍മേനിയന്‍ വംശജരാണ് പലായനം ചെയ്യുന്നത്. മേഖലയില്‍ 1,20,000 അര്‍മേനിയന്‍ വംശജരാണുള്ളത്.
സംഘര്‍ഷത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ട അര്‍മേനിയക്കാര്‍ക്ക് അമേരിക്ക പിന്തുണ അറിയിച്ചു. ഈ മേഖലയിലേക്ക് കൂടുതല്‍ മാനുഷിക സഹായം അയയ്ക്കുമെന്ന് വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് അഡ്രിയന്‍ വാട്സണ്‍ അറിയിച്ചു.
പിന്തുണയുമായി വിഖ്യാത സംവിധായകന്‍ മെല്‍ ഗിബ്സണ്‍
അര്‍മേനിയന്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള അസര്‍ബൈജാന്റെ നടപടികളെ അപലപിച്ച് 'പാഷന്‍ ഓഫ് ക്രൈസ്റ്റ്' എന്ന വിഖ്യാത സിനിമയുടെ സംവിധായകനും അഭിനേതാവുമായ മെല്‍ ഗിബ്‌സണ്‍ രംഗത്തെത്തി. അര്‍മേനിയന്‍ ക്രൈസ്തവര്‍ നേരിടുന്ന ക്രൂരതകള്‍ക്കു നേരെ മാധ്യമങ്ങള്‍ നിശബ്ദത പാലിക്കുകയാണെന്നും അവരെ സംരക്ഷിക്കാനും രക്ഷിക്കാനും ദ്രുതഗതിയിലുള്ള അന്താരാഷ്ട്ര ഇടപെടല്‍ അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ ആധുനിക കാലത്തും വംശഹത്യ അരങ്ങേറുന്നതിന് നാം സാക്ഷ്യം വഹിക്കുമ്പോള്‍ ചരിത്രം ദാരുണമായി ആവര്‍ത്തിക്കപ്പെടുകയാണ് - ഗിബ്സണ്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
'വിശ്വാസത്തിന്റെ പേരില്‍ നൂറ്റാണ്ടുകളായി പീഡനം സഹിക്കുന്ന അര്‍മേനിയന്‍ ജനത വീണ്ടും ക്രൂരമായ വംശീയ ഉന്മൂലനത്തിന് വിധേയരാവുന്നു. ദുരിതമനുഭവിക്കുന്ന അര്‍മേനിയന്‍ ജനതയോട്, നിങ്ങള്‍ ധൈര്യം നഷ്ടപ്പെടുത്തരുത്, ദൈവം നിങ്ങളോടൊപ്പമുണ്ട്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.