യെരവാൻ: അസർബൈജാൻറെ നിയന്ത്രണത്തിലായ നാഗോർണോ - കരാബാക് പ്രദേശത്തെ ക്രിസ്ത്യാനികളിൽ ഭൂരിഭാഗവും അയൽ രാജ്യമായ അർമേനിയയിലേക്കു പലായനം ചെയ്തു. ഒരു ലക്ഷത്തിലധികം പേർ പാലായനം ചെയ്ത് രാജ്യത്ത് എത്തിയതായി അർമേനിയൻ സർക്കാർ അറിയിച്ചു. നാഗോർണോയിൽ 1.2 ലക്ഷം അർമേനിയൻ ക്രൈസ്തവരാണ് ഉണ്ടായിരുന്നത്.
പലായനം ചെയ്തവരുടെ എണ്ണം ഒരു ലക്ഷത്തിനു മുകളിലായെന്ന കാര്യം യുഎൻ അഭയാർഥി ഏജൻസിയും സ്ഥിരീകരിച്ചിട്ടുണ്ട്. പലായനം ചെയ്തവർ ഭക്ഷണത്തിൻറെയും മരുന്നിൻറെയും അഭാവം നേരിടുന്നതായും യുഎൻ അറിയിച്ചു. ഉദ്യോഗസ്ഥർ, അടിയന്തര സേവന മേഖലകളിലെ ജീവനക്കാർ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവരാണ് നാഗോർണോയിൽ അവശേഷിക്കുന്നതെന്ന് അർമേനിയൻ സർക്കാർ അറിയിച്ചു. വരും ദിവസങ്ങളിൽ ഇവരും സ്വദേശം ഉപേക്ഷിക്കും.
നൂറ്റാണ്ടുകളായി അർമേനിയൻ ക്രൈസ്തവർ പാർത്തിരുന്ന നാഗോർണോ- കരാബാക് പ്രദേശം അസർബൈജാൻറെ ഭാഗമാണ്. സോവിയറ്റ് യൂണിയൻറെ പതനശേഷമുള്ള മൂന്നു പതിറ്റാണ്ടുകാലം അർമേനിയൻ വംശജരാണ് അർമേനിയൻ സർക്കാരിൻറെ പിന്തുണയോടെ ഇവിടം നിയന്ത്രിച്ചിരുന്നത്. രണ്ടാഴ്ച മുന്‍പ് അസർബൈജാൻറെ മിന്നലാക്രമണത്തിൽ നാഗോർണോയിലെ പോരാളികൾ കീഴടങ്ങിയതിനു പിന്നാലെയാണ് ജനങ്ങൾ അർമേനിയയിലേക്കു പലായനം ആരംഭിച്ചത്.
നാഗോർണോ- കരാബാക് പ്രദേശം ജനുവരി ഒന്നിന് അസർബൈജാനിൽ ലയിക്കുമെന്ന് ഇവിടത്തെ സ്വയം പ്രഖ്യാപിത സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചു. നാഗോർണോ വാസികളെ തുല്യപൗരന്മാരായി പരിഗണിക്കുമെന്ന മുസ്ലിം ഭൂരിപക്ഷ അസർബൈജാൻറെ വാഗ്ദാനത്തിൽ വിശ്വാസമില്ലാത്തതാണ് അർമേനിയൻ വംശജരെ പിറന്നനാട് ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചത്.
നാഗോർണോയിൽ വംശീയ ഉന്മൂലനമാണ് നടക്കുന്നതെന്ന് അർമേനിയൻ സർക്കാർ ആരോപിക്കുന്നു. അസർബൈജാൻറെ അനുമതി ലഭിച്ച സാഹചര്യത്തിൽ നാഗോർണോയിലേക്ക് നിരീക്ഷണ സംഘത്തെ അയയ്ക്കുമെന്ന് യുഎൻ അറിയിച്ചിട്ടുണ്ട്.
അതിനിടെ അർമേനിയൻ അഭയാർത്ഥികളോടൊപ്പം പ്രദേശത്തുനിന്ന് പലായനം ചെയ്യാൻ ശ്രമിക്കുന്നതിനിടെ നാഗോർണോ കരാബാഖിലെ ഉന്നത നേതാവും മുൻ മന്ത്രിയുമായ റൂബൻ വർദന്യനെ അസർബൈജാൻ അധികൃതർ അറസ്റ്റ് ചെയ്തു. തീവ്രവാദത്തിനും മറ്റ് കുറ്റകൃത്യങ്ങൾക്കും സഹായം നൽകിയെന്ന് ആരോപിച്ചാണ് റൂബൻ വർദന്യനെതിരെ കുറ്റം ചുമത്തിയത്. അർമേനിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു കസ്റ്റഡിയിലെടുത്തത്.
കൈവിലങ്ങ് അണിയിച്ച്, 55 കാരനായ റൂബൻ വർദന്യനെ അസർബൈജാൻ തലസ്ഥാനമായ ബാക്കുവിലേക്ക് കൊണ്ടുപോകുന്നതിന്റെ ചിത്രം അസെറി പ്രസ് ഏജൻസി പുറത്തുവിട്ടു.
അർമേനിയൻ ക്രൈസ്തവ ഭൂരിപക്ഷമുള്ള, റിപ്പബ്ലിക് ഓഫ് അർത്സാഖ് എന്ന് വിളിക്കുന്ന നാഗോർണോ കരാബാഖ് എന്ന സ്വയംപ്രഖ്യാപിത ദേശത്തിന്റെ മുൻ മന്ത്രിയായിരുന്നു റൂബൻ. റൂബൻ വർദന്യന്റെ ഭാര്യ വെറോണിക്ക സോനബെൻഡ് തന്റെ ഭർത്താവിന്റെ മോചനത്തിന് പിന്തുണ തേടി സമൂഹ മാധ്യമത്തിലൂടെ പ്രസ്താവന പുറത്തിറക്കി.
'അസർബൈജാന്റെ അധിനിവേശത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ആയിരക്കണക്കിന് അർമേനിയക്കാർക്കൊപ്പം ആർട്സാഖ് വിടാൻ ശ്രമിക്കുന്നതിനിടെ, തന്റെ ഭർത്താവും മനുഷ്യസ്നേഹിയും മുൻ മന്ത്രിയുമായ റൂബൻ വർദന്യനെ അസർബൈജാനി അധികൃതർ അതിർത്തിയിൽ വെച്ച് പിടികൂടി' - വെറോണിക്ക സോനബെൻഡ് പറഞ്ഞു. 'റൂബൻ ആർട്‌സാഖിലെ ജനങ്ങൾക്കൊപ്പം തോളോട് തോൾ ചേർന്നുനിന്നു, കഷ്ടപ്പാടുകൾ സഹിച്ചു, അവരോടൊപ്പം അതിജീവനത്തിനായി പോരാടി. എന്റെ ഭർത്താവിനെ മോചിപ്പിക്കാൻ നിങ്ങളുടെ പിന്തുണ അഭ്യർത്ഥിക്കുന്നു' - വെറോണിക്ക കൂട്ടിച്ചേർത്തു.
കൂടുതൽ വായനക്ക്
വംശഹത്യ ഭയന്ന് അര്‍മേനിയയിലെത്തിയത് 42,500 ക്രൈസ്തവര്‍; പലായനത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ 68 പേര്‍ കൊല്ലപ്പെട്ടു
കൂട്ടപ്പലായനം തുടരുന്നു; അര്‍മേനിയയില്‍ അഭയം പ്രാപിച്ചത് 60,000ത്തിലധികം ക്രൈസ്തവര്‍; പിന്തുണയുമായി സംവിധായകന്‍ മെല്‍ ഗിബ്‌സണ്‍
ജന്മദേശത്തു നിന്ന് കുടിയിറക്കപ്പെട്ട് അര്‍മേനിയന്‍ ക്രൈസ്തവര്‍; അസര്‍ബൈജാന്‍ നിയന്ത്രണമേറ്റെടുത്ത നാഗോര്‍ണോ-കരാബാഖില്‍ നിന്ന് കൂട്ടപലായനം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.