വംശഹത്യ ഭയന്ന് അര്‍മേനിയയിലെത്തിയത് 42,500 ക്രൈസ്തവര്‍; പലായനത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ 68 പേര്‍ കൊല്ലപ്പെട്ടു

വംശഹത്യ ഭയന്ന് അര്‍മേനിയയിലെത്തിയത് 42,500 ക്രൈസ്തവര്‍; പലായനത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ 68 പേര്‍ കൊല്ലപ്പെട്ടു

മോസ്‌കോ: അസര്‍ബൈജാന്‍ നിയന്ത്രണം ഏറ്റെടുത്ത നാഗോര്‍ണോ-കരാബാഖില്‍നിന്ന് ഏകദേശം 42,500 ക്രൈസ്തവര്‍ പലായനം ചെയ്ത് അര്‍മേനിയയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. നാഗോര്‍ണോ-കരാബാഖിലെ ജനസംഖ്യയുടെ ഏകദേശം 35 ശതമാനം വരുമിത്. പലായനത്തിനിടെ പെട്രോള്‍ പമ്പിലുണ്ടായ സ്‌ഫോടനത്തില്‍ 68 പേര്‍ കൊല്ലപ്പെട്ട ദാരുണ സംഭവവുമുണ്ടായി. 300-ലധികം പേര്‍ക്ക് പരിക്കേറ്റു.

അസര്‍ബൈജാന്‍ സൈനിക നടപടിയിലൂടെ നാഗോര്‍ണോ-കരാബാഖ് പിടിച്ചെടുത്തതിന് പിന്നാലെ, വംശഹത്യ ഭയന്ന് മേഖല വിടാനായി വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ഗ്യാസ് ലീക്കായതിനെ തുടര്‍ന്നാണ് പമ്പില്‍ സ്‌ഫോടനം നടന്നതെന്നാണ് നിഗമനം.



പരിക്കേറ്റ ഭൂരിപക്ഷം പേരുടെയും ആരോഗ്യനില ഗുരുതരമോ അത്യന്തം ഗുരുതരമോ ആണെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. പരിക്കേറ്റവരെ ശുശ്രൂഷിക്കാന്‍ നാഗോര്‍ണോ-കരാബാഖിന്റെ മെഡിക്കല്‍ ശേഷി മതിയാകുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

മേഖലയില്‍ അര്‍മേനിയന്‍ സൈന്യവും അസര്‍ബൈജാന്‍ സൈന്യവും തമ്മില്‍ പോരാട്ടം രൂക്ഷമായിരുന്നു. കഴിഞ്ഞയാഴ്ചയാണ് മേഖല അസര്‍ബൈജാന്‍ പൂര്‍ണമായി പിടിച്ചെടുത്തത്. ഇതിനു പിന്നാലെ, ഇവിടെനിന്ന് കൂട്ട പലായനം ആരംഭിച്ചിരുന്നു. അര്‍മേനിയന്‍ വംശജരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും ആരും മേഖല വിട്ടുപോകേണ്ടതില്ലെന്നും അസര്‍ബൈജാന്‍ പറയുന്നുണ്ടെങ്കിലും, ജനങ്ങള്‍ കൂട്ട പലായനം നടത്തുകയാണ്. ഇതിനോടകം, 42500പേര്‍ അര്‍മേനിയയിലേക്ക് എത്തിയതായി അര്‍മേനിയന്‍ അധികൃതര്‍ അറിയിച്ചു. റഷ്യന്‍ സേനയും നാഗോര്‍ണോ-കരാബാഖിലുണ്ട്. തങ്ങളുടെ സൈന്യം പലായനം ചെയ്യുന്നവരെ സഹായിക്കുന്നുണ്ടെന്ന് മോസ്‌കോ അറിയിച്ചു.

'70 ടണ്‍ ഭക്ഷണത്തിന്റെ ഡെലിവറി മാത്രമേ പ്രദേശത്ത് എത്തിക്കാന്‍ കഴിഞ്ഞിട്ടൊള്ളു. 'നാഗോര്‍ണോ-കറാബാക്ക് നിവാസികളെക്കുറിച്ച് ഭയമുണ്ട്. ആയിരക്കണക്കിന് ആളുകള്‍ ഭക്ഷണമോ പാര്‍പ്പിടമോ ഇല്ലാതെ ബേസ്മെന്റുകളിലും സ്‌കൂള്‍ കെട്ടിടങ്ങളിലും പുറത്തും കഴിയുകയാണ് ' അര്‍മേനിയന്‍ നേതാക്കള്‍ പറയുന്നു.

പര്‍വതമേഖലയായ നാഗോര്‍ണോ-കരാബാഖ് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടതുപ്രകാരം അസര്‍ബൈജാന്റെ ഭാഗമാണെങ്കിലും മൂന്ന് പതിറ്റാണ്ടായി അര്‍മേനിയന്‍ വംശജരായ സായുധ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലായിരുന്നു. അര്‍മേനിയന്‍ സൈന്യത്തിന്റെ പിന്തുണയോടെയാണ് ഇവര്‍ അധികാരം നിലനിര്‍ത്തിയത്. 2020ല്‍ നടന്ന യുദ്ധത്തില്‍ മേഖലയുടെ ചില ഭാഗങ്ങള്‍ അസര്‍ബൈജാന്‍ പിടിച്ചെടുത്തിരുന്നു.

അസര്‍ബൈജാന്‍ സൈന്യം കഴിഞ്ഞയാഴ്ച നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 200 അര്‍മേനിയക്കാരും പന്ത്രണ്ടിലേറെ അസര്‍ബൈജാനി സൈനികരും അഞ്ച് റഷ്യന്‍ സമാധാന സേനാംഗങ്ങളും കൊല്ലപ്പെട്ടു. വലിയ തോതിലുള്ള റോക്കറ്റുകള്‍, പീരങ്കി ഷെല്ലുകള്‍, ഖനികള്‍, വെടിക്കോപ്പുകള്‍ എന്നിവയുള്‍പ്പെടെ കൂടുതല്‍ സൈനിക ഉപകരണങ്ങള്‍ കണ്ടുകെട്ടിയതായി ഞായറാഴ്ച അസര്‍ബൈജാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കൂടുതല്‍ വായനയ്ക്ക്:

അസര്‍ബൈജാന്റെ ക്രൂരതയില്‍ 1,20,000 ക്രൈസ്തവര്‍ വംശനാശത്തിന്റെ വക്കില്‍; യുഎന്‍ സംഘത്തെ ഉടന്‍ വിന്യസിക്കണമെന്ന് അര്‍മേനിയ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.