സാംസ്കാരികാനുരൂപണത്തിന്റെ മികച്ച മാതൃകയായി കേരളത്തിലെങ്ങും പിണ്ടികുത്തി തിരുന്നാൾ

സാംസ്കാരികാനുരൂപണത്തിന്റെ മികച്ച മാതൃകയായി കേരളത്തിലെങ്ങും പിണ്ടികുത്തി തിരുന്നാൾ

കൊച്ചി: കേരളത്തിലെ വിവിധ ദൈവാലയങ്ങളിൽ ഇന്ന് തനതു പരമ്പരാഗത ഭക്താനുഷ്ഠാനമായ ‘പിണ്ടി കുത്തി’ തിരുന്നാള്‍ ആഘോഷിച്ചു . സാധാരണയായി ജനുവരി അഞ്ചാം തീയ്യതി വൈകിട്ട് പിണ്ടിയിൽ കുത്തി വച്ചിരിക്കുന്ന വിളക്ക് തെളിയിച്ച് ആറാം തീയ്യതി പുലർച്ചെയും അന്നു വൈകീട്ടും ഏഴാം തീയ്യതി പുലർച്ചെയും ഉൾപ്പടെ നാലു തവണ പിണ്ടി തെളിയിക്കുന്ന ആചാരം പരമ്പരാഗത ക്രിസ്തീയ കുടുംബങ്ങളിലുണ്ട്.


കേരളത്തിലേയും കേരളത്തിൽ നിന്നും മറ്റു സ്ഥലങ്ങളിലേയ്ക്ക് കുടിയേറിയ സുറിയാനി ക്രിസ്ത്യാനികൾക്കിടയിലും മാത്രമൊതുങ്ങി നിൽക്കുന്ന ഒരാചാരമായി പിണ്ടിപ്പെരുന്നാളിനെ കാണാം. ദീപങ്ങളുടെയും അതു പരത്തുന്ന പ്രകാശത്തിന്റെയും തിരുനാളായാണു പിണ്ടികുത്തി തിരുന്നാള്‍ പൊതുവിൽ അറിയപ്പെടുന്നത്.

വാഴപ്പിണ്ടി അതിന്റെ പുറം പോളകൾ നീക്കി ഭംഗിയാക്കിയ ശേഷം പള്ളിമുറ്റത്തും വീട്ടുമുറ്റത്തും കുത്തി, വർണ്ണക്കടലാസുകളും തെങ്ങോലകളും കൊണ്ട് വർണാഭമാക്കുന്നു. പിന്നീട് വൈകിട്ട് മൺചിരാതുകളും തിരികളും സജ്ജീകരിച്ച് ദീപാലങ്കാരം നടത്തുന്നു. കത്തോലിയ്ക്കാ കുടുംബങ്ങളിൽ വൈകീട്ട് ഭക്തിയോടെ അർപ്പിക്കപ്പെടുന്ന കുടുംബപ്രാർത്ഥനയോട് ചേർന്നും പള്ളികളിൽ റംശാ പ്രാർത്ഥനയോടും ചേർന്ന് വളരെ ആഘോഷമായി തന്നെയാണ് പരമ്പരാഗതമായ പിണ്ടി തെളിയിയ്ക്കൽ നടത്താറ്.


പളളികളിൽ ബഹു.വൈദികരും കുടുംബങ്ങളിൽ കുടുംബനാഥനും തിരി തെളിയിയ്ക്കുന്നതിന് കാർമ്മികത്വം വഹിയ്ക്കുന്നു. കുടുംബാംഗങ്ങൾക്കൊപ്പം പ്രദക്ഷിണഗീതം (എൽ പയ്യാ ഗീതം) ആലപിച്ചുകൊണ്ട് പിണ്ടിയിലുള്ള ബാക്കി തിരികളും പരിസരങ്ങളിലലങ്കരിച്ചിരിക്കുന്ന മറ്റു ദീപങ്ങളും കുടുംബാംഗങ്ങളെല്ലാവരും ചേർന്ന് തെളിക്കുന്നു. തുടർന്ന് പിറ്റേ ദിവസം (ആറാം തീയ്യതി) പുലർച്ചെയും അന്നു വൈകീട്ടും ഏഴാം തീയ്യതി പുലർച്ചെയും ഉൾപ്പടെ ആകെ നാലു തവണ പിണ്ടി തെളിയിക്കുന്നു.

ദനഹാ എന്ന സുറിയാനി വാക്കിന്റെ മലയാള അർഥം ഉദയം, പ്രകാശം എന്നൊക്കെയാണ്. സ്നാപക യോഹന്നാനിൽ നിന്നുള്ള മിശിഹായുടെ യോർദ്ദാൻ നദിയിലെ മാമോദീസയെ അനുസ്മരിച്ച്, ക്രിസ്തുവിന്റെ പ്രത്യക്ഷീകരണം അനുസ്മരിക്കുകയാണിവിടെ.ദനഹാ തിരുന്നാളിൽ സങ്കീർത്തനങ്ങൾ ആലപിച്ചുകൊണ്ട് കുളത്തിലോ മറ്റെതെങ്കിലും ജലാശയത്തിലോ ഇറങ്ങി ആചാരക്കുളി (പാലായിലെ രാക്കുളി പെരുന്നാൾ) നടത്തുന്ന പതിവ് നസ്രാണിപൂർവ്വികർക്കിടയിൽ ഉണ്ടായിരുന്നു. ലോകത്തു മറ്റൊരിടത്തും ഇത്തരത്തിൽ വ്യാപകമായി ദനഹാ തിരുനാൾ പ്രകാശപൂരിതമായി (പിണ്ടി തെളിയിച്ച് ) ആഘോഷിക്കുന്ന പതിവില്ല.

മിശിഹാ ലോകത്തിന്റെ പ്രകാശമാകുന്നു എന്ന് ഭാരത സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ പ്രഘോഷിക്കുന്നു പിണ്ടി പെരുന്നാൾ. ഭൂരിഭാഗം നസ്രാണി കുടുംബങ്ങളിലും ഈ ആചരണം നടത്തുന്നത് പൈതൃക സംരക്ഷണത്തിനു മികച്ച ഒരു ഉദാഹരണവും ഈ നാടിന്റെ സംസ്കാരവുമായി അവർ എത്ര മാത്രം ഇഴുകി ചേർന്നുവെന്നതിന്റെ അടയാളവുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.