ന്യൂഡല്‍ഹി: പഞ്ചാബ് സ്വദേശികളായ മൂന്ന് പേരെ ഇറാനില്‍ കാണാതായി. പഞ്ചാബിലെ സംഗ്രൂര്‍ സ്വദേശി ഹുഷന്‍പ്രീത് സിങ്, എസ്ബിഎസ് നഗര്‍ സ്വദേശി ജസ്പാല്‍ സിങ്, ഹോഷിയാര്‍പുര്‍ സ്വദേശി അമൃത്പാല്‍ സിങ് എന്നിവരെയാണ് മെയ് ഒന്നിന് ടെഹ്റാനില്‍ വിമാനമിറങ്ങിയതിന് പിന്നാലെ കാണാതായത്. ഇവരെ ടെഹ്റാനില്‍ നിന്ന് തട്ടിക്കൊണ്ട് പോയതാണെന്നാണ് നാട്ടിലെ ബന്ധുക്കള്‍ക്ക് ലഭിച്ച സന്ദേശം.
പഞ്ചാബിലെ ഏജന്റ് മുഖേന ഓസ്ട്രേലിയയിലേക്ക് യാത്രതിരിച്ചതായിരുന്നു മൂവരും. ദുബായ്-ഇറാന്‍ വഴി ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകാമെന്നായിരുന്നു പഞ്ചാബിലെ ഹോഷിയാര്‍പുരിലെ ഏജന്റ് നല്‍കിയ വാഗ്ദാനം. തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് യാത്രതിരിച്ച മൂവരും മെയ് ഒന്നിന് ഇറാനിലെ ടെഹ്റാനില്‍ വിമാനമിറങ്ങി. ടെഹ്റാനില്‍ താമസ സൗകര്യം നല്‍കുമെന്നും ഏജന്റ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ടെഹ്റാനിലെത്തിയതിന് പിന്നാലെ മൂവരെക്കുറിച്ചും വിവരം ഒന്നും ലഭിച്ചില്ലെന്നും പിന്നീടാണ് തട്ടിക്കൊണ്ട് പോയവരുടെ സന്ദേശം ലഭിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു.
യുവാക്കളെ തട്ടിക്കൊണ്ടുപോയവര്‍ ഒരുകോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടാണ് കുടുംബാംഗങ്ങളെ ബന്ധപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ മൂവരെയും കൊലപ്പെടുത്തുമെന്നും ഭീഷണി മുഴക്കിയതായി ബന്ധുക്കള്‍ പറഞ്ഞു. കൈകളില്‍ നിന്ന് ചോരയൊലിക്കുന്ന നിലയില്‍ മൂവരെയും കെട്ടിയിട്ട വീഡിയോ ദൃശ്യങ്ങളും തട്ടിക്കൊണ്ടുപോയവര്‍ ബന്ധുക്കള്‍ക്ക് അയച്ച് നല്‍കി. അക്രമി സംഘത്തിന്റെ ഫോണില്‍ നിന്ന് യുവാക്കളും ബന്ധുക്കളുമായി സംസാരിച്ചിരുന്നു. എന്നാല്‍ മെയ് 11 ന് ശേഷം തട്ടിക്കൊണ്ടുപോയവര്‍ തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നും യുവാക്കളുടെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കുന്നു.
ഇറാനില്‍ നിന്ന് മൂന്ന് പഞ്ചാബ് സ്വദേശികളെ കാണാതായതായി ഇറാനിലെ ഇന്ത്യന്‍ എംബസിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബങ്ങളുടെ പരാതി ലഭിച്ചതിന് പിന്നാലെ ഇറാന്‍ അധികൃതരെ വിവരമറിയിച്ചതായും ഇവരെ കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ഇറാന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംബസി അറിയിച്ചു.
അതേസമയം യുവാക്കളെ വിദേശത്തേക്ക് അയച്ച പഞ്ചാബിലെ ഏജന്റ് ഒളിവില്‍ പോയതായാണ് വിവരം. ഇയാള്‍ക്കായി പഞ്ചാബ് പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.