ഭാരതത്തിലെ മറ്റൊരു സംസ്ഥാനത്തും കാണാത്ത വിധം ജനവിരുദ്ധരായി മാറിയ വനം വകുപ്പിനെ കുറിച്ചും അതിന്റെ ദുര്‍ഭരണത്തെ കുറിച്ചുമുള്ള കടുത്ത ആശങ്കയിലാണ് ഈ കുറിപ്പെഴുതുന്നത്. കഴിഞ്ഞ ഏപ്രില്‍ 12 ന് തൊമ്മന്‍കുത്തിലെ നാരങ്ങാനത്ത് സ്വകാര്യ ഭൂമിയില്‍ സ്ഥാപിച്ച കുരിശ് തകര്‍ത്തു കൊണ്ട് ആരംഭിച്ചതാണ് റെവന്യൂ ഭൂമിയില്‍ അതിക്രമിച്ചു കയറിയുള്ള വനം വകുപ്പിന്റെ ബുള്‍ഡോസര്‍ രാജ്.
തകര്‍ക്കപ്പെട്ട കുരിശ് സ്ഥാപിച്ചിരുന്നത് വനഭൂമിയുടെ അതിരു നിര്‍ണയിച്ചിരിക്കുന്ന അജണ്ടയ്ക്ക് പുറത്താണുള്ളതെന്ന തൊടുപുഴ തഹല്‍സീദാറുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷവും കര്‍ഷക പീഡനം തുടരുന്നത് കാണുമ്പോള്‍ കേരളത്തില്‍ ജനാധിപത്യം മരിച്ചോ എന്നും ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വം വനവാസത്തിനു പോയോ, അല്ലെങ്കില്‍ കുരിശും ക്രിസ്ത്യാനികളുമാണോ ഇവരുടെ പ്രശ്‌നമെന്നോ സംശയിക്കേണ്ടി വരും.
സ്വന്തം കൈവശ ഭൂമിയില്‍ താമസിക്കുന്ന എല്ലാ റെവന്യു അവകാശങ്ങളുമുള്ള മനുഷ്യരോടാണ് റേഞ്ച് ഓഫീസറുടെ മുന്‍പില്‍ പതിനഞ്ച് ദിവസത്തിനകം ഹാജരാകണമെന്ന വിചിത്രമായ ഉത്തരവുമായി വനപാലകര്‍ വീടുവീടാന്തിരം കയറിയിറങ്ങി പീഡനം തുടരുന്നത്. കാട്ടില്‍ നിയന്ത്രിച്ചു നിര്‍ത്തേണ്ട കാട്ടുനീതി നാട്ടിന്‍പുറത്തെടുക്കുന്നത് നിശബ്ദമായി നോക്കി നില്‍ക്കാനാവില്ല.
സ്വകാര്യ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന കുരിശ് തകര്‍ത്തതു തന്നെ തികഞ്ഞ അന്യമാണെന്നിരിക്കെ അത് സ്ഥാപിച്ചതുമായി ബന്ധമുള്ള ആളുകളെയാണിപ്പോള്‍ വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത്. വനം വകുപ്പിന്റെ അതിക്രമങ്ങള്‍ പരിധി കടന്നിട്ടും വാ തുറക്കാത്ത വനം വകുപ്പ് മന്ത്രിയുടെ നിഷ്‌ക്രിയത്വം അടിയന്തിരമായി അവസാനിപ്പിക്കണം.
സിപിഎമ്മിന്റെ പോഷക സംഘടനയായ ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ കര്‍ഷക മുന്നേറ്റ ജാഥയും വനം വകുപ്പിന്റെ ആസ്ഥാന മന്ദിരം ഉപരോധിക്കലും നടക്കുന്നതിനിടയിലാണ് ഈ അതിക്രമമത്രയും വനം വകുപ്പു നടത്തുന്നതെന്നറിയുമ്പോളാണ് രാഷ്ട്രീയ നാടകങ്ങളുടെ കപടമുഖം ജനങ്ങള്‍ തിരിച്ചറിയുന്നത്.
കാര്‍ബണ്‍ ക്രെഡിറ്റ് ഫണ്ട് നേടാനുള്ള രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാണോ വനം വകുപ്പിന്റെ കാട്ടാളത്തം എന്നാണ് പൊതുസമൂഹത്തിനു അറിയേണ്ടത്!
കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കടുവ കടിച്ചും ആനച വിട്ടിയും കാട്ടുപന്നി ആക്രമിച്ചും പൊലിഞ്ഞ മനുഷ്യ ജീവന്റെ എണ്ണം വനം വകുപ്പിനറിയാമോ?
തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിക്കാതെ, സ്വന്തമായി താമസിക്കുകയും കൃഷി ചെയ്തു ജീവിക്കുകയും ചെയ്യുന്നവരുടെമേല്‍ ഉദ്യഗസ്ഥ രാജ് നടപ്പാക്കാന്‍ മാത്രം ശ്രദ്ധിക്കുകയും വന്യമൃഗങ്ങളെ കാടിറങ്ങാതെ നിയന്ത്രിക്കുന്നതില്‍ അമ്പേ പരാജയപ്പെടുകയും ചെയ്ത വനപാലകരെ കൃത്യ വിലോപത്തിനും കൊല കുറ്റത്തിനും കേസെടുത്തു ശിക്ഷിക്കുകയാണ് ജനാധിപത്യ സര്‍ക്കാര്‍ ചെയ്യേണ്ടത്.
തൊമ്മന്‍കുത്തിലെ നിസഹരായ മനുഷ്യര്‍ക്കൊപ്പം കേരളത്തിന്റെ പൊതുമനസാക്ഷി നിലകൊള്ളേണ്ട സമയമാണിത്. ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ ഒരു ജനകീയ മുന്നേറ്റത്തിനുള്ള സമയമായി.
എല്ലാവിധ റവന്യു അവകാശങ്ങളുമുള്ള മനുഷ്യരുടെ വീടുകളില്‍ കടന്നു കയറി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കാന്‍ മുതിരുന്ന വനം വകുപ്പിന്റെ കാട്ടുനീതി കാട്ടില്‍ ത്തന്നെ നിയന്ത്രിച്ചു നിര്‍ത്താന്‍ പൊതു സമൂഹത്തിന്റെ പിന്തുണ തൊമ്മന്‍കുത്തിലെ മനുഷ്യര്‍ക്ക് നല്‍കുന്നതില്‍ ഇനിയും വൈകരുത്.
സ്വന്തം വീട്ടിലും കൃഷിയിടത്തിലും കാട്ടുമൃഗങ്ങളെ മാത്രമല്ല ഉദ്യോഗസ്ഥരുടെ കടന്നു കയറ്റത്തെകൂടി ഭയന്നു ജീവിക്കേണ്ടി വരുന്നത് ഭരണകൂട ഭീകരതയാണെന്നു തിരിച്ചറിയാനും അപഹരിക്കപ്പെടുന്ന സാധാരണക്കാരുടെ പൗരാവകാശങ്ങളെക്കുറിച്ച് പ്രതികരിക്കാനും ഇനിയും വൈകരുത്.
ഫാ. ഡോ. ടോം ഓലിക്കരോട്ട്
പി.ആര്‍.ഒ, സീറോ മലബാര്‍ ചര്‍ച്ച്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.