വത്തിക്കാൻ സിറ്റി: ഇന്ന് ലോകവും മനുഷ്യരാശിയും നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കാലാവസ്ഥാ വ്യതിയാനമാണ്. പ്രകൃതി നിലനിന്നാൽ മാത്രമേ മനുഷ്യന് അസ്തിത്വമുള്ളൂ എന്ന് മറക്കരുതെന്ന് ഉദ്ബോദിപ്പിച്ചുകൊണ്ട് മാർപാപ്പയുടെ പുതിയ അപ്പസ്തോലിക പ്രബോധനം ‘ലൗദാത്തെ ദേവും’ (ദൈവത്തിന് സ്തുതി) പ്രകാശനം ചെയ്തു. സ്രഷ്ടാവിന്റെ മഹനീയത ദർശിക്കുവാനും അവനെ സ്തുതിക്കുവാനും പഠിപ്പിക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്ത അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ തിരുനാൾ ദിനത്തിലാണ് ചാക്രിക ലേഖനം പ്രകാശനം ചെയ്തത്.
പൊതു ഭവനത്തെ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ക്രിസ്തീയ വിശ്വാസത്തിൽ നിന്നുമുയരുന്നുവെന്ന യാഥാർഥ്യം ലേഖനം അടിവരയിടുന്നു. മനുഷ്യൻ ദൈവത്തിന്റെ സ്ഥാനം ഏറ്റെടുക്കാൻ ശ്രമിക്കുമ്പോൾ മനുഷ്യൻ അവന് തന്നെ ഭീഷണിയായി മാറുന്നെന്ന മുന്നറിയിപ്പ് ഈ ലേഖനം നൽകുന്നു. ആറു അധ്യായങ്ങളും 73 ഖണ്ഡികകളും ഉൾക്കൊള്ളുന്നതാണ് ലേഖനം.
രണ്ടു മാസങ്ങൾക്കകം ദുബായിൽ നടക്കുന്ന COP 28 സമ്മേളനത്തിൽ കാലാവസ്ഥാ പ്രതിസന്ധിയിലേക്ക് ആരോഗ്യപരമായ സമീപനങ്ങൾ ഉണ്ടാകുവാനും ലേഖനം ആഹ്വാനം ചെയ്യുന്നു. കാലാവസ്ഥാവ്യതിയാനത്തിന്റെ ഇരകളാകുവാൻ വിളിക്കപ്പെട്ടവരെ ദുർബല ജനവിഭാഗത്തിന്റെ സ്വരമായാണ് പാപ്പാ ലേഖനത്തിലൂടെ ചൂണ്ടികാട്ടുന്നത്. ആഗോള കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ചാണ് ആദ്യ അധ്യായത്തിൽ വിവരിക്കുന്നത്.
കാലവസ്ഥ പ്രശ്‌നത്തെ നിഷേധിക്കാനും മറച്ചുവെക്കാനും എല്ലാ ശ്രമങ്ങളും നടത്തിയിട്ടും കാലാവസ്ഥാ വ്യതിയാനത്തിന്റെ ലക്ഷണങ്ങൾ ഭൂമിയിൽ പ്രകടമായി തന്നെയുണ്ട്. എല്ലാവരെയും ബാധിക്കുന്ന നിശബ്‌ദ രോഗമാണ് അത്. അടുത്തിടെ അസാധാരണമായ കാലാവസ്ഥാ പ്രതിഭാസങ്ങൾ, ചൂട്, വരൾച്ച തുടങ്ങിയവയ്ക്ക് നാം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് പാപ്പ ചൂണ്ടിക്കാട്ടി.
ആഗോള താപനില രണ്ട് ഡിഗ്രിയിൽ കൂടുതൽ വർദ്ധിക്കുകയാണെങ്കിൽ ഗ്രീൻലാൻഡിലെ മഞ്ഞുപാളികളും അന്റാർട്ടിക്കയുടെ വലിയൊരു ഭാഗവും പൂർണ്ണമായും ഉരുകും; തദ്ഫലമായി എല്ലാവർക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് പാപ്പ വിശദീകരിച്ചു. ഒരുപക്ഷേ ഏതാനും വർഷങ്ങൾക്കുള്ളിൽ കാലാവസ്ഥ മാറ്റങ്ങൾ നിമിത്തം പല ജനവിഭാഗങ്ങൾക്കും അവരുടെ വീടുകൾ മാറേണ്ടി വരുമെന്ന മുന്നറിയിപ്പും പാപ്പ നൽകി.
ദരിദ്ര രാജ്യങ്ങളുടെ മേൽ കുറ്റം അടിച്ചേൽപ്പിക്കരുത്
യാഥാർത്ഥ്യത്തെ ലളിതമാക്കാനുള്ള ശ്രമത്തിൽ പാവപ്പെട്ടവരുടെ മേൽ ഉത്തരവാദിത്തം ചുമത്തുന്നവരുണ്ട്. പതിവുപോലെ എല്ലാം പാവപ്പെട്ടവന്റെ തെറ്റാണെന്ന് തോന്നും. എന്നിരുന്നാലും ഏറ്റവും ദരിദ്രരായ 50 ശതമാനം പേരെക്കാൾ ഒരു ശതമാനം സമ്പന്നർ പ്രകൃതിയെ മലിനീകരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. കൂടാതെ സമ്പന്ന രാജ്യങ്ങളുടെ കാർബൺ ബഹിർഗമനം ദരിദ്ര രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാനുള്ള ശ്രമങ്ങൾ തൊഴിൽ ലഭ്യതയുടെ എണ്ണം കുറയുന്നതിന് ഇടയാക്കും എന്ന് ആരോപിക്കുന്നവരെ മാർപ്പാപ്പ വെല്ലുവിളിച്ചു.
വാസ്തവത്തിൽ എന്താണ് സംഭവിക്കുന്നത്? കാലാവസ്ഥാ വ്യതിയാനത്തിന്റെ വ്യത്യസ്‌ത ഫലങ്ങൾ കാരണം ദശ ലക്ഷക്കണക്കിന് ജനങ്ങൾക്ക് ജോലി നഷ്‌ടപ്പെടുന്നു. സമുദ്രനിരപ്പ് ഉയരുന്നതും വരൾച്ചയും ഭൂമിയെ ബാധിക്കുന്ന മറ്റ് പ്രതിഭാസങ്ങളും ആളുകളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നു. അതേ സമയം ശരിയായി കൈകാര്യം ചെയ്യപ്പെടുന്ന പുനരുപയോഗിക്കാവുന്ന ഊർജ്ജ രൂപങ്ങളിലേക്കുള്ള മാറ്റം വിവിധ മേഖലകളിൽ എണ്ണമറ്റ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തമാണ്. രാഷ്ട്രീയക്കാരും ബിസിനസ് നേതാക്കളും ഇപ്പോൾ തന്നെ ഇക്കാര്യത്തിൽ ശ്രദ്ധാലുവായിരിക്കണമെന്നും പാപ്പ പറഞ്ഞു.
ആഗോള താപനത്തിനു പിന്നിലുള്ള മനുഷ്യക ഇടപെടലുകൾ നിസംശയമാണ്
കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണത്തിൽ നിന്ന് മനുഷ്യ വർഗത്തിന് ഒഴിഞ്ഞു നിൽക്കാനാവില്ല, അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ സാന്ദ്രത പത്തൊൻപതാം നൂറ്റാണ്ട് വരെ സ്ഥിരമായിരുന്നു കഴിഞ്ഞ അമ്പത് വർഷത്തിനിടെ ഇത് ഗണ്യമായി വർദ്ധിച്ചു.
അതേ സമയം, ആഗോള താപനില അഭൂതപൂർവമായ വേഗതയിൽ ഉയർന്നു. കഴിഞ്ഞ രണ്ടായിരം വർഷത്തിനിടയിലെ ഏത് സമയത്തേക്കാളും കൂടുതലാണ്. കാലാവസ്ഥാ പ്രതിസന്ധി വലിയ സാമ്പത്തിക ശക്തികൾക്ക് താൽപ്പര്യമുള്ള വിഷയമല്ലെന്ന് പാപ്പ വേദനയോടെ പറഞ്ഞു. കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിൽ പ്രകൃതിയിൽ മനുഷ്യരുടെ അനിയന്ത്രിതമായ ഇടപെടലുമായി ബന്ധപ്പെട്ട് വലിയ മാറ്റങ്ങളുണ്ടായി.
സാങ്കേതിക മാതൃക: പരിധികളില്ലാത്ത ഒരു മനുഷ്യന്റെ ആശയം
സാങ്കേതികവും സാമ്പത്തികവുമായ ശക്തിയിൽ നിന്ന് യാഥാർത്ഥ്യവും നന്മയും സത്യവും സ്വയമേവ ഒഴുകുന്നെന്ന് രണ്ടാം അധ്യായത്തിലൂടെ പാപ്പ ഓർമിപ്പിച്ചു. സാങ്കേതിക വിദ്യയുടെ ഇപ്പോഴത്തെ ഉപയോഗം അണു ബോംബ് പോലെ മനുഷ്യരാശിക്ക് അപകടകരമാണ്. നമ്മുടെ അപാരമായ സാങ്കേതിക വികസനം മാനുഷിക ഉത്തരവാദിത്തം, മൂല്യങ്ങൾ, മനസാക്ഷി എന്നിവയിൽ ഒരു വികസനവും ഉണ്ടാക്കിയിട്ടില്ല. നമ്മളും പ്രകൃതിയുടെ ഭാഗമാണ്.
അധികാരത്തിന്റെ ധാർമ്മിക തകർച്ച
തുടർന്നുള്ള അധ്യായത്തിൽ മനുഷക അധികാരങ്ങളുടെ ധാർമ്മികതകർച്ചയെയും പാപ്പാ ചൂണ്ടിക്കാണിക്കുന്നു. വഞ്ചനകളും വാഗ്ദാനങ്ങളും നൽകി മനുഷ്യരെ ചൂഷണം ചെയുന്ന അധികാരവും ആധിപത്യവും, പാവപെട്ട ജനങ്ങളുടെ ജീവിതം തകർക്കുന്ന പ്രവണതയെയും പാപ്പാ എടുത്തു കാണിക്കുന്നു. അന്താരാഷ്ട്ര തലത്തിലുള്ള നയങ്ങളുടെ ദൗർബല്യതയും പ്രതിസന്ധിയുടെ ഒരു കാരണമായി പാപ്പാ പറയുന്നു. അതിനാൽ ആഗോള പൊതുനന്മ ഉറപ്പാക്കാൻ അധികാരമുള്ള കൂടുതൽ ഫലപ്രദമായ ആഗോള സംഘടനകൾ രംഗത്തേക്ക് കടന്നുവരണമെന്ന് പാപ്പാ ആഹ്വാനം ചെയ്യുന്നു. പുതിയ ആഗോള സാഹചര്യത്തിന്റെ വെളിച്ചത്തിൽ ഒരു പുതിയ ബഹുമുഖവാദം പുനസൃഷ്ടിക്കുക എന്നതാണ് ഇന്നത്തെ വെല്ലുവിളി പാപ്പാ പറയുന്നു.
അതിശയകരമായ സാങ്കേതിക മുന്നേറ്റങ്ങൾ നാം നടത്തിയിട്ടുണ്ട്. അതേ സമയം തന്നെ അനേകം ജീവികളുടെ ജീവനും നമ്മുടെ നിലനിൽപ്പിനും ഭീഷണിയുയർത്താൻ കഴിവുള്ള വളരെ അപകടകരമായ ജീവികളായി നാം മാറിയിരിക്കുന്നു. യഥാർത്ഥ അധികാരത്തിന്റെ ധാർമ്മിക അപചയം മാർക്കറ്റിംഗും തെറ്റായ വിവരങ്ങളും കാരണം മറഞ്ഞിരിക്കുന്നു.
ദുർബലമായ അന്താരാഷ്ട്ര രാഷ്ട്രീയം
കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുന്ന ദരിദ്രരായ ആളുകളാണ് ഈ പ്രതിസന്ധികൾക്ക് കാരണമെന്ന് ആരോപിക്കുന്ന വികസിതലോകം ആത്മശോധന ചെയ്യണമെന്നും, പ്രകൃതിയിന്മേലുള്ള ചൂഷണം അവസാനിപ്പിക്കുവാൻ തയാറാവണമെന്നും പാപ്പാ ആവർത്തിച്ചാവശ്യപ്പെടുന്നു. കാലാവസ്ഥാവ്യതിയാനത്തിന്റെ ഉത്ഭവം മനുഷ്യനെ മാറ്റി നിർത്തി ഇനിയും അന്വേഷിച്ചു പോകുന്നത് ആരോഗ്യകരമല്ലായെന്നും, ഈ പ്രതിസന്ധി മറികടക്കുവാൻ യാഥാർഥ്യങ്ങൾ ഉൾക്കൊണ്ടു കൊണ്ട് വിശാലമായ ഒരു കാഴ്ചപ്പാടോടുകൂടി എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നും പാപ്പാ അഭിപ്രായപ്പെടുന്നു.
പ്രബോധനത്തിന്റെ അടുത്ത അധ്യായത്തിൽ സംസ്ഥാനങ്ങൾക്കിടയിൽ ബഹുമുഖ ഉടമ്പടികൾ വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പാപ്പ സംസാരിച്ചു. നിയമത്താൽ നിയന്ത്രിക്കപ്പെടുന്ന ഏതെങ്കിലും തരത്തിലുള്ള ലോക അധികാരത്തിന്റെ സാധ്യതയെക്കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ ഒരു വ്യക്തിഗത അധികാരത്തെക്കുറിച്ച് നമ്മൾ ചിന്തിക്കേണ്ടതില്ല മറിച്ച് ആഗോള പൊതുനന്മയ്ക്കായി പ്രദാനം ചെയ്യാനുള്ള ശക്തിയുള്ള കൂടുതൽ ഫലപ്രദമായ ലോക സംഘടനകളെക്കുറിച്ച് ചിന്തിക്കണമെന്ന് പാപ്പ അടിവരയിട്ടു.
പട്ടിണിയും ദാരിദ്ര്യവും തുടച്ചുനീക്കലും അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ഉറപ്പുള്ള സംരക്ഷണവും രാഷ്ട്രങ്ങൾ നിർവഹിക്കണം. ആഗോള പ്രതിസന്ധികൾ പ്രയോജനകരമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള അവസരങ്ങളാകുമ്പോൾ അവ നശിപ്പിക്കപ്പെടുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ അപലപിക്കുന്നു. 2007-2008 സാമ്പത്തിക പ്രതിസന്ധിയിലും വീണ്ടും കോവിഡ് -19 പ്രതിസന്ധിയിലും സംഭവിച്ചത് ഇതാണ്.
പഴയ ബഹുരാഷ്ട്രവാദത്തെ സംരക്ഷിക്കുന്നതിനേക്കാൾ, പുതിയ ലോക സാഹചര്യം കണക്കിലെടുത്ത് അത് പുനർരൂപകൽപ്പന ചെയ്യുകയും പുനർനിർമ്മിക്കുകയും ചെയ്യുക എന്നതാണ് നിലവിലെ വെല്ലുവിളി എന്ന് തോന്നുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ ദൗർബല്യങ്ങൾ നികത്താൻ നിരവധി സിവിൽ സൊസൈറ്റി സംഘങ്ങളും സംഘടനകളും സഹായിക്കും.
ദുബായ് COP-യിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത്?
എല്ലാവരുടെയും ആവശ്യങ്ങൾ സംരക്ഷിക്കാനുതകുംവണ്ണം കൂട്ടായി പരിശ്രമിക്കണമെന്ന ആഹ്വാനവും നൽകുന്നു. ഇതിനുള്ള ഒരു വഴിത്തിരിവായി COP 28 സമ്മേളനം മാറട്ടെയെന്നും പാപ്പാ ആശംസിക്കുന്നു. സാമ്പത്തിക താൽപ്പര്യങ്ങൾക്കായി പരിസ്ഥിതി പ്രശ്നത്തെ ലഘൂകരിച്ചുകൊണ്ട് നടത്തുന്ന നിരുത്തരവാദപരമായ പരിഹാസം അവസാനിപ്പിക്കാൻ ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്യുന്നു. അതുപോലെCOP 28 സമ്മേളനത്തിൽ സംസാരിക്കുന്നവർ ഏതെങ്കിലും രാജ്യത്തിന്റെയോ കമ്പനിയുടെയോ പ്രത്യേക താൽപ്പര്യങ്ങളേക്കാൾ, പൊതുനന്മയെയും, കുട്ടികളുടെ ഭാവിയെയും ലക്‌ഷ്യം വച്ചുകൊണ്ട് ചിന്തിക്കുവാനും അങ്ങനെ അവരുടെ കുലീനത കാണിക്കുകയും ചെയ്യട്ടെയെന്നും പാപ്പാ എടുത്തു പറയുന്നു.
ക്രിസ്തീയ വിശ്വാസത്തിൽ നിന്ന് ഒഴുകുന്ന ഒരു പ്രതിബദ്ധത
അവസാനം ഈ പ്രയത്നങ്ങളിൽ ക്രിസ്ത്യാനി എന്ന നിലയിൽ വിശ്വാസികൾക്കുള്ള വലിയ പ്രതിബദ്ധതയും, അവയെ പ്രവൃത്തിപഥത്തിൽ എത്തിക്കുവാനുള്ള ഉത്തരാവാദിത്വവും പാപ്പാ ഓർമിപ്പിക്കുന്നു. ഈ പ്രതിബദ്ധതയ്ക്കുള്ള പ്രചോദനം ക്രിസ്ത്യൻ വിശ്വാസത്തിൽ നിന്നാണ് ഒഴുകുന്നതെന്ന് മാർപ്പാപ്പ തന്റെ വായനക്കാരെ ഓർമ്മിപ്പിക്കുന്നു. മറ്റ് മതങ്ങളിലെ എന്റെ സഹോദരീസഹോദരന്മാരെയും ഇത് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നെന്ന് പാപ്പ കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26