ഇസ്രയേലില്‍ ഹമാസിന്റെ റോക്കറ്റാക്രമണം; ഒരു സ്ത്രീ കൊല്ലപ്പെട്ടു: രാജ്യത്ത് 'യുദ്ധാവസ്ഥ' പ്രഖ്യാപിച്ച് നെതന്യാഹു, സംഘര്‍ഷം രൂക്ഷമാകുന്നു

ഇസ്രയേലില്‍ ഹമാസിന്റെ റോക്കറ്റാക്രമണം; ഒരു സ്ത്രീ കൊല്ലപ്പെട്ടു: രാജ്യത്ത് 'യുദ്ധാവസ്ഥ' പ്രഖ്യാപിച്ച് നെതന്യാഹു, സംഘര്‍ഷം രൂക്ഷമാകുന്നു

ജറുസലേം: ഇസ്രയേലിന് നേരെ പാലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. റോക്കറ്റാക്രമണത്തിന്റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തു.

എഴുപതുകാരിയായ സ്ത്രീയാണ് കൊലപ്പെട്ടത്. ഇന്ന് രാവിലെ ആറരയോടെയാണ് റോക്കറ്റാക്രമണം ഉണ്ടായത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും പ്രതിരോധമന്ത്രി യോവ് ഗാല്ലന്റിന്റെയും നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സുരക്ഷാ വിലയിരുത്തലുകള്‍ നടത്തി വരികയാണ്.

രാജ്യത്ത് 'യുദ്ധാവസ്ഥ' പ്രഖ്യാപിച്ചു. യുദ്ധത്തിന് തയ്യാറാണെന്നും റോക്കറ്റിനെ പ്രതിരോധിക്കാനുള്ള ഉപകരണങ്ങള്‍ വിന്യസിച്ചിട്ടുണ്ടെന്നും ഇസ്രയേല്‍ സേന വ്യക്തമാക്കി.

അല്‍ അഖ്സ സ്റ്റോം എന്ന് പേരിട്ടിരിക്കുന്ന ഓപ്പറേഷന്‍ വഴി ശത്രുക്കളുടെ താവളങ്ങളെയും വിമാനത്താവളങ്ങളെയും സൈനിക കേന്ദ്രങ്ങളെയുമാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ഹമാസ് കമാന്‍ഡര്‍ മുഹമ്മദ് അല്‍ ഡെയ്ഫ് റിക്കോര്‍ഡ് ചെയ്ത ശബ്ദ സന്ദേശത്തില്‍ അറിയിച്ചു. ഇസ്രയേലിലേക്ക് 5000 റോക്കറ്റുകള്‍ തൊടുത്തതായും ഡെയ്ഫ് അവകാശപ്പെട്ടു.


അതേസമയം ഗാസ മുനമ്പിന് സമീപം താമസിക്കുന്ന ഇസ്രയേല്‍ പൗരന്മാരോട് വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) നിര്‍ദേശിച്ചു. ഗാസയില്‍ നിന്ന് ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രയേല്‍ ഭൂപ്രദേശത്തേക്ക് നുഴഞ്ഞു കയറിയതായും ഐഡിഎഫ് അറിയിച്ചു.

വടക്ക് ടെല്‍ അവീവ് പ്രദേശം മുതല്‍ കിഴക്ക് ബിയര്‍ ഷെവ വരെ അപായ സൈറണുകള്‍ മുഴങ്ങിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. വീടുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലുമുള്ള ബോംബ് ഷെല്‍ട്ടറുകള്‍ക്കുള്ളിലേക്ക് ജനങ്ങള്‍ക്ക് മാറാനുള്ള മുന്നറിയിപ്പാണ് ഇത്തരം അപായ സൈറണുകള്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.