ഇരിങ്ങാലക്കുട: രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷം പകരുന്ന കണ്ടുപിടുത്തവുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് രസതന്ത്ര വിഭാഗം മേധാവി ഡോ. വി.ടി ജോയിയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം.
ഇലക്ട്രിക് വാഹനങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന ലിഥിയം അയോണ്‍ ബാറ്ററികള്‍ക്ക് പകരം വിലകുറഞ്ഞതും പരിസ്ഥിതി സൗഹൃദപരവുമായ സിങ്ക് അധിഷ്ടിത ബാറ്ററികളുടെ അപാകതകള്‍ ഒഴിവാക്കി പുതിയ സാങ്കേതിക വിദ്യയാണ് ഇവര്‍ വികസിപ്പിച്ചെടുത്തത്. ഇതിന് അമേരിക്കന്‍ പേറ്റന്റും ലഭിച്ചു.
ഗോള്‍ഡന്‍ ഗേറ്റ് ബാറ്ററി എന്ന അമേരിക്കന്‍ കമ്പനിയുടെ സഹകരണത്തോടെ നടത്തിയ പഠനത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥികളായ ഡെയ്ഫി ഡേവീസ്, ലയ മേരി എന്നിവരും പങ്കാളികളായിരുന്നു. പുതിയ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ബാറ്ററികള്‍ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുമ്പോള്‍ റോയല്‍റ്റി ലഭിക്കുന്ന തരത്തില്‍ അമേരിക്കന്‍ കമ്പനിയുമായി ഉടമ്പടി ഒപ്പുവച്ചിട്ടുണ്ടെന്ന് ഡോ. വി.ടി ജോയി പറഞ്ഞു.
ഉയര്‍ന്ന വില, ലഭ്യതക്കുറവ്, തീ പിടിക്കാനുള്ള സാധ്യത എന്നിവ ലിഥിയം അയോണ്‍ ബാറ്ററികളുടെ പ്രധാന പരിമിതികളാണ്. വാഹനങ്ങളില്‍ മുതല്‍ മൊബൈല്‍ ഫോണുകളില്‍ വരെ ഇപ്പോള്‍ ലിഥിയം അയോണ്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ഇതിന് പകരമായി ഉപയോഗിക്കാവുന്ന സിങ്ക് അധിഷ്ടിത ബാറ്ററികള്‍ക്ക് വില കുറയുമെന്ന് മാത്രമല്ല ഇത്തരം പരിമിതികളുമില്ല.
എന്നാല്‍ ബാറ്ററി ചാര്‍ജ് ചെയ്യുമ്പോള്‍ സിങ്ക് ലോഹം ഒരേ പോലെയല്ല പ്ലേറ്റുകളില്‍ പറ്റിപ്പിടിക്കുന്നത് എന്ന പ്രശ്‌നം ഉണ്ട്.
ഡെന്‍ഡ്രൈറ്റ് എന്ന് വിളിക്കപ്പെടുന്ന ഉന്തിനില്‍ക്കുന്ന പ്രതലം ബാറ്ററിക്കുള്ളില്‍ രൂപപ്പെടുന്നു എന്നതായിരുന്നു നാളിതുവരെ സിങ്ക് അധിഷ്ടിത ബാറ്ററികളുടെ വാണിജ്യപരമായ ഉപയോഗത്തിന് വിഘാതമായി നിന്ന ഘടകം.
ഈ പരിമിതികള്‍ ഒഴിവാക്കി സിങ്ക് പ്ലേറ്റ് ചെയ്യുന്ന പുതിയ സാങ്കേതിക വിദ്യയാണ് ഡോ. വി.ടി ജോയിയും ഗവേഷക വിദ്യാര്‍ത്ഥികളായ ഡെയ്ഫി ഡേവീസും ലയ മേരിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്തത്. സിങ്ക് എയര്‍, സിങ്ക് ബ്രോമിന്‍, സിങ്ക് അയോണ്‍ ബാറ്ററികള്‍ക്ക് പുതിയ സാങ്കേതിക വിദ്യ ഗുണകരമാണ്.
കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഈ മേഖലയില്‍ ഗവേഷണം നടത്തുന്ന വ്യക്തിയാണ് ഡോ. വി.ടി ജോയി. ബാറ്ററിയുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള വിപണനത്തിലായി പല കമ്പനികളും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഡോ. ജോയി സീന്യൂസിനോട് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.