നടക്കുന്നത് ആസൂത്രിത ഭീകരാക്രമണം; ജീവനു മൂല്യം കല്‍പ്പിക്കുന്നവര്‍ ഇസ്രായേലിനൊപ്പം നില്‍ക്കണം: ഉക്രെയ്ന്‍ പ്രസിഡന്റ്

നടക്കുന്നത് ആസൂത്രിത ഭീകരാക്രമണം; ജീവനു മൂല്യം കല്‍പ്പിക്കുന്നവര്‍ ഇസ്രായേലിനൊപ്പം നില്‍ക്കണം: ഉക്രെയ്ന്‍ പ്രസിഡന്റ്

കീവ്: ഇസ്രായേലിനെതിരെ നടന്നത് ആസൂത്രിത ഭീകരാക്രമണമാണെന്നും പ്രതിരോധിക്കാനുള്ള എല്ലാ അവകാശവും ആ രാജ്യത്തിനുണ്ടെന്നും ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി. ഭീകരവാദത്തിനെതിരെ ലോകം ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയില്‍ പറഞ്ഞു. ഒരു ജൂത കുടുംബത്തിലാണ് സെലന്‍സ്‌കി ജനിച്ചത്.

'ഇസ്രായേലില്‍ നിന്നുള്ള നടുക്കുന്ന ദൃശ്യങ്ങള്‍ ലോകം മുഴുവനും കണ്ടു. തീവ്രവാദികള്‍ സ്ത്രീകളെയും പുരുഷന്മാരെയും ദയയില്ലാതെ ഉപദ്രവിക്കുന്നു. പ്രായമായവരെ പോലും വെറുതെ വിടുന്നില്ല. ഇത്തരമൊരു ഭീകരാക്രമണ സാഹചര്യത്തില്‍, ജീവന് മൂല്യം കല്‍പ്പിക്കുന്ന എല്ലാവരും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടതുണ്ട്.

'ഇസ്രായേലില്‍ സംഭവിക്കുന്നത് എന്തെന്ന് ഞങ്ങള്‍ ഉക്രെയ്ന്‍ ജനതക്ക് അറിയാനാകും. ആയിരക്കണക്കിന് റോക്കറ്റുകളാണ് പതിക്കുന്നത്. തെരുവുകളില്‍ ജനം മരിച്ചുവീഴുന്നു. കാറുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നു. പിടികൂടിയവരെ അപമാനിക്കുന്നു'.

ഞങ്ങളുടെ നിലപാട് സുവ്യക്തമാണ്; ഭീകരവാദത്തിനും മരണങ്ങള്‍ക്കും ആരാണോ കാരണമാകുന്നത് അവരാണ് ഉത്തരവാദികള്‍. ഇസ്രായേലിനെതിരായ ഭീകരാക്രമണം നന്നായി ആസൂത്രണം ചെയ്തതാണ്. ഭീകരവാദത്തിന്റെ പ്രായോജകരായ ഏത് സംഘടനയാണ് ഇതിന് പിന്നിലെന്നും, അവരെ പ്രാപ്തരാക്കിയതാരാണെന്നും ലോകത്തിന് അറിയാം.

ഭീകരവാദത്തിനെതിരെ പ്രതിരോധിക്കാനുള്ള എല്ലാ അവകാശവും ഇസ്രായേലിനുണ്ട്. ഭീകരവാദത്തിനെതിരെ ലോകം മുഴുവന്‍ ഒറ്റക്കെട്ടായി അണിനിരക്കേണ്ടത് നിര്‍ണായകമാണ്' -സെലന്‍സ്‌കി വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.