ജീവനു വേണ്ടി യാചിച്ച് ഹമാസിന്റെ കൈയിലകപ്പെട്ട യുവതി; ഇസ്രയേലില്‍നിന്ന് ഹൃദയഭേദകമായ ദൃശ്യങ്ങള്‍

ജീവനു വേണ്ടി യാചിച്ച് ഹമാസിന്റെ കൈയിലകപ്പെട്ട യുവതി; ഇസ്രയേലില്‍നിന്ന് ഹൃദയഭേദകമായ ദൃശ്യങ്ങള്‍

ടെല്‍ അവീവ്: ഇസ്രയേല്‍ പൗരന്മാര്‍ക്കു നേരെയുള്ള ഹമാസിന്റെ ക്രൂരതകളുമായി ബന്ധപ്പെട്ടുവരുന്ന ഓരോ വാര്‍ത്തയും നടുക്കമുണ്ടാക്കുന്നതാണ്. കഴിഞ്ഞ ദിവസം ഗാസ മുമ്പിന് സമീപം അവധി ആഘോഷിക്കാനെത്തിയ നോഹ അര്‍ഗമാനി എന്ന 25-കാരിയെ ഹമാസ് ആയുധധാരികള്‍ ബൈക്കില്‍ കടത്തിക്കൊണ്ടുപോകുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. യുവതിയെ തട്ടിക്കൊണ്ടുപോകുന്നതും അവര്‍ ജീവനു വേണ്ടി യാചിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുക്കാനെയെത്തിയതായിരുന്നു ഇരുവരും. ഇതിനിടയിലേക്കാണ് ആയുധധാരികളെത്തി തലങ്ങും വിലങ്ങും വെടിയുതിര്‍ത്തതും ആളുകളെ പിടിച്ചുകൊണ്ടുപോയതും. നോവയുടെ സുഹൃത്ത് നഥാനെയും ഹമാസ് തടവിലാക്കിയിട്ടുണ്ട്. നഥാന്റെ കുടുംബമാണ് പരാതി നല്‍കിയത്. ഇരുവരെയും ഫോണില്‍ ബന്ധപ്പെടാന്‍ നോക്കിയെങ്കിലും കിട്ടുന്നില്ലെന്നും ഏത് അവസ്ഥയിലാണ് അവരിപ്പോഴെന്നോര്‍ത്ത് സമാധാനമില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.

ഹമാസ് സംഘം ബൈക്കില്‍ കടത്തിക്കൊണ്ടുപോകുന്നതിനിടെ 'എന്നെ കൊല്ലരുതേ' എന്ന് യുവതി വിളിച്ചുപറയുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. ആക്രമണത്തിനിരയായി അവശനായ യുവതിയുടെ സുഹൃത്തിനെയും കാണാനാകും. യുവതിയെ കാണാതായതിനെ തുടര്‍ന്ന് സഹോദരന്‍ കഴിഞ്ഞ ദിവസം പോലീസില്‍ പരാതിപ്പെട്ടിരുന്നു.

ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയ നോഹയുടെ പുതിയ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുവതി സുരക്ഷിതയാണെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങളാണ് ഞായറാഴ്ച പുറത്തുവന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് മറ്റു സ്ഥിരീകരണങ്ങള്‍ ലഭ്യമല്ല. യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന നോഹ അടുത്തിടെയാണ് ശ്രീലങ്കയില്‍ പോയി മടങ്ങിയെത്തിയത്. മാതാപിതാക്കളുടെ ഏക മകളാണ്.

സൈനികരും സാധാരണക്കാരുമടങ്ങുന്ന നിരവധി പേരെ ഹമാസ് തട്ടിക്കൊണ്ടുപോയെന്ന് സ്ഥിരീകരിച്ച ഇസ്രയേല്‍ സൈനിക വക്താവ് ഇവരുടെ എണ്ണമോ നിലവിലെ സ്ഥിതിയോ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് പ്രതികരിച്ചത്. ഇരുപതിലേറെ സ്ഥലങ്ങളില്‍ ഇസ്രയേല്‍ സൈന്യവും ഹമാസുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.