ഓസ്‌ട്രേലിയയില്‍ മൂന്നിലൊന്ന് യുവാക്കള്‍ നേരിടുന്നത് കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങള്‍; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ട് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ്

ഓസ്‌ട്രേലിയയില്‍ മൂന്നിലൊന്ന് യുവാക്കള്‍ നേരിടുന്നത് കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങള്‍; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ട് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ്

പഠനം രാഷ്ട്രീയ-മത നേതാക്കള്‍ സൂക്ഷ്മമായി വിലയിരുത്തണമെന്ന് വിദഗ്ധര്‍

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ മൂന്നിലൊന്ന് യുവാക്കള്‍ ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍. ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് രാജ്യത്തെ നയിക്കേണ്ട യുവതലമുറയില്‍ വിഷാദം ഉള്‍പ്പെടെയുള്ള മാനസിക പ്രശ്‌നങ്ങള്‍ ആശങ്കജനകമാംവിധം വര്‍ധിക്കുന്നതായി കണ്ടെത്തലുള്ളത്.

കഴിഞ്ഞ 12 മാസങ്ങളിലെ കണക്കു പ്രകാരം 16-നും 24-നും ഇടയില്‍ പ്രായമുള്ള അഞ്ച് ഓസ്ട്രേലിയക്കാരില്‍ രണ്ട് പേര്‍ വീതമാണ് കടുത്ത മാനസിക പിരിമുറുക്കങ്ങളും അതിനെതുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളും അനുഭവിക്കുന്നത്. 'മാനസികാരോഗ്യവും ക്ഷേമവും' എന്ന വിഷയത്തില്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ദേശീയ തലത്തില്‍ നടത്തിയ പഠനം കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്.

നാളെ ആഘോഷിക്കുന്ന ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് പുറത്തുവന്ന പഠനം രാഷ്ട്രീയ-മത നേതാക്കള്‍ ഉള്‍പ്പെടെ സൂക്ഷ്മമായി വിലയിരുത്തേണ്ടതും അനിവാര്യമായ പരിഹാര നടപടികള്‍ സ്വീകരിക്കേണ്ടതുമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

2020 ഡിസംബറിനും 2022 ഒക്ടോബറിനും ഇടയില്‍ നടന്ന ഗവേഷണത്തില്‍ 16 നും 85 നും ഇടയില്‍ പ്രായമുള്ള ഏകദേശം 16,000 ഓസ്ട്രേലിയക്കാരെയാണ് പഠനത്തിനു വിധേയമാക്കിയത്. ഇവരില്‍ മാനസിക പ്രശ്‌നങ്ങൡലക്കു നയിച്ച മൂന്നു പ്രധാന ഘടകങ്ങളാണ് പഠനത്തിനായി പരിഗണിച്ചത്. അമിതമായ ഉത്കണ്ഠ, വികാരവിക്ഷോഭങ്ങള്‍, ലഹരിവസ്തുക്കളുടെ ഉപയോഗം.

ഓരോ അഞ്ച് ഓസ്ട്രേലിയക്കാരില്‍ രണ്ടു പേരും അവരുടെ ജീവിതത്തില്‍ മാനസിക വിഭ്രാന്തി അനുഭവിച്ചിട്ടുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. അമിതമായ ഉത്കണ്ഠയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് 28.8% പേരെ ബാധിച്ചിരിക്കുന്നത്. അതേസമയം 16.0% പേര്‍ നേരിടുന്നത് ഏകാന്തതയും വിഷാദരോഗവും പോലുള്ള പ്രശ്‌നങ്ങളാണ്. ലഹരിവസ്തുക്കളുടെ ഉപയോഗത്തെ തുടര്‍ന്നുള്ള മാനസികാരോഗ്യ പ്രശ്നങ്ങളാണ് 19.6% പേര്‍ അനുഭവിക്കുന്നത്.

സമീപകാലത്ത് നടന്ന പഠനങ്ങളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഗണ്യമായി വര്‍ദ്ധിച്ചിട്ടുള്ളത് ചെറുപ്പക്കാരിലും ലൈംഗിക ന്യൂനപക്ഷങ്ങളിലുമാണ്. സ്വവര്‍ഗാനുരാഗികള്‍, ലെസ്ബിയന്‍, ബൈസെക്ഷ്വല്‍ എന്നിങ്ങനെ തങ്ങളുടെ ലൈംഗിക ആഭിമുഖ്യം വെളിപ്പെടുത്തിയവരില്‍ പകുതിയിലധികം ആളുകള്‍ (58.7%) കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ നേരിടുന്നു.

മാനസികാരോഗ്യ പ്രശ്നങ്ങളുമായി വരുന്ന യുവാക്കളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി ആരോഗ്യ, വയോജന പരിപാലന വകുപ്പിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. റൂത്ത് വൈന്‍ പറയുന്നു. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 16 നും 24 നും ഇടയില്‍ പ്രായമുള്ള 38.8 ശതമാനം ചെറുപ്പക്കാര്‍ക്ക് മാനസിക വിഭ്രാന്തി അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് സര്‍വേയില്‍ കാണിക്കുന്നത്. അതില്‍ പകുതിയോളം സ്ത്രീകളാണെന്നുള്ളത് (45.5%) ആശങ്ക വര്‍ധിപ്പിക്കുന്നതാണെന്ന് അവര്‍ പറഞ്ഞു.

2007ലെ സര്‍വേയില്‍ 16-നും 24-നും ഇടയില്‍ പ്രായമുള്ള 26.4 ശതമാനം ചെറുപ്പക്കാരാണ് മാനസിക പ്രശന്ങ്ങള്‍ അനുഭവിച്ചിരുന്നത്.

മാനസിക പ്രശ്‌നങ്ങള്‍ മൂലം ചെറുപ്പക്കാര്‍ സ്വയം ഉപദ്രവിക്കാനും ആത്മഹത്യയ്ക്കു ശ്രമിക്കാനുമുള്ള സാധ്യത കൂടുതലാണെന്നും റൂത്ത് വൈന്‍ പറയുന്നു. സ്വയം ഉപദ്രവിക്കുന്ന കാര്യത്തില്‍ പുരുഷന്മാരേക്കാള്‍ മുന്നില്‍ സ്ത്രീകളാണ്.

കോവിഡ് മഹാമാരിക്കാലത്താണ് പഠനം നടത്തിയത്, എന്നാല്‍ കോവിഡിന്റെ ആഘാതം പഠനത്തില്‍ സ്വാധീനം ചെലുത്തിയിട്ടില്ല. കുടുംബങ്ങളിലെ സാമ്പത്തിക സമ്മര്‍ദം കാരണം ഉത്കണ്ഠ വലിയ തോതില്‍ വര്‍ദ്ധിച്ചതായി ബ്ലാക്ക് ഡോഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കല്‍ റിസര്‍ച്ച് മേധാവി അസോസിയേറ്റ് പ്രൊഫ ജില്‍ ന്യൂബി പറഞ്ഞു. കാലാവസ്ഥാ പ്രതിസന്ധികള്‍, ജീവിതച്ചെലവ്, സാമൂഹിക ബന്ധങ്ങളില്‍ അടുത്ത കാലത്തുണ്ടാകുന്ന തകര്‍ച്ചകള്‍ എന്നിവയൊക്കെ അമിതമായ ഉത്കണ്ഠയിലേക്കു നയിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.