ധാതുക്കളാല്‍ സമ്പന്നം, കോടികള്‍ മൂല്യം: പ്രപഞ്ച രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ സൈക്കി ചിന്നഗ്രഹത്തിലേക്ക് നാസ

ധാതുക്കളാല്‍ സമ്പന്നം, കോടികള്‍ മൂല്യം: പ്രപഞ്ച രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ സൈക്കി ചിന്നഗ്രഹത്തിലേക്ക് നാസ

വാഷിം​ഗ്ടൺ ഡിസി: പാറകളെക്കാൾ ലോഹങ്ങളുള്ള ഛിന്നഗ്രഹത്തെക്കുറിച്ച് പഠിക്കാനുള്ള തയ്യാറെടുപ്പിൽ നാസ. ആയിരം ട്രില്യൺ അല്ലെങ്കിൽ ഒരു ക്വാഡ്രില്യൺ മൂല്യമുള്ള ലോഹങ്ങളാണ് സൈക്കി ഛിന്നഗ്രഹത്തിലുള്ളത്. സൈക്കി എന്നുതന്നെ പേരുള്ള പേടകത്തെയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസി അയക്കുന്നത്.

ചൊവ്വയ്‌ക്കും വ്യാഴത്തിനും ഇടയിലുള്ള പ്രധാന ഛിന്നഗ്രഹ വലയത്തിന്റെ പുറംഭാഗത്തായാണ് സൈക്കി ഛിന്നഗ്രഹം സ്ഥിതി ചെയ്യുന്നത്. ഒക്ടോബർ 12 ന് രാവിലെ പത്ത് മണിയോടെയാകും സൈക്കിയെ ലക്ഷ്യവെച്ച് ‘സൈക്കി പേടകം’ കുതിക്കുക. ഛിന്നഗ്രഹത്തിലെ പാറക്കൂട്ടങ്ങളെ വിശദമായി പഠിക്കുന്നത് വഴി ഗ്രഹങ്ങളുടെ കാമ്പുകളെ കുറിച്ചും ഭൂമിയുടെ രൂപീകരണത്തെ കുറിച്ചുമുള്ള അതിനിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് വിവരം. ഗ്രഹങ്ങൾ എങ്ങനെ രൂപപ്പെട്ടിട്ടുണ്ടാകാമെന്ന ചോദ്യത്തിനുള്ള ഉത്തരം നൽകാൻ ഈ പര്യവേക്ഷണത്തിന് കഴിയുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ പ്രതീക്ഷ.

പാറയേക്കാളും ഐസിനേക്കാളും കൂടുതൽ ലോഹങ്ങളുള്ള ഒരു ഛിന്നഗ്രഹത്തെക്കുറിച്ച് പഠിക്കാനുള്ള നാസയുടെ ആദ്യ ദൗത്യമാണിത്. ആഗോള സമ്പദ് വ്യവസ്ഥയെ മറികടക്കാൻ സാധ്യതയുള്ള ആകാശഗോളത്തെ പര്യവേക്ഷണം ചെയ്യുകയാണ് ദൗത്യത്തിന്റെ ലക്ഷ്യമെന്ന് നാസ വ്യക്തമാക്കി. നിലവിൽ ലോകത്തിന്റെ മൊത്തം ജിഡിപി 105 ട്രില്യൺ ഡോളർ ആണ്. എന്നാൽ ഈ ഛിന്നഗ്രഹത്തിന്റെ മൂല്യം 10,000 ക്വാഡ്രില്യൺ ഡോളർ ആണ്.

ലോഹങ്ങളാൽ സമ്പുഷ്ടമാണ് സൈക്കി ഛിന്നഗ്രഹം. ഗ്രഹങ്ങളുടെ വിവിധ ഭാഗങ്ങൾ ചേർന്നാണ് ഇവ രൂപം കൊണ്ടത്. ഭൂമിയുടെ അടിസ്ഥാന ശിലയെ പരിശോധിക്കുക അസാധ്യമായ കാര്യമാണ്. ഗുരുത്വാകർഷണ ഫലം ശക്തമായതിനാൽ അവിടേക്ക് എത്താൻ സാധിക്കില്ല. അതുകൊണ്ട് ഛിന്നഗ്രങ്ങളെ പരിശോധിക്കുകയാണ് മികച്ച മാർഗം. അതിനാലാണ് സൈക്കിയെ ഛിന്നഗ്രഹത്തിലേക്ക് അയക്കുന്നത്.

പ്രപഞ്ചം ഉണ്ടായത് മുതലുള്ള കാര്യങ്ങൾ ഛിന്നഗ്രഹങ്ങളുടെ പ്രതലത്തിൽ അടങ്ങിയിട്ടുണ്ടാവും. പാറക്കഷ്ണങ്ങളും മണ്ണും പൊടിയുമെല്ലാം ഇതിന്റെ തെളിവുകളാണ്. ഇവ പരിശോധിക്കുന്നതിലൂടെ പ്രപഞ്ചം എങ്ങനെ സൃഷ്ടിക്കപ്പെട്ടു, ഭൂമി ഇന്നത്തെ അവസ്ഥയിലേക്ക് എങ്ങനെ എത്തി എന്നെല്ലാം മനസ്സിലാക്കാൻ സാധിക്കും. എങ്ങനെയാണ് ജീവജാലങ്ങൾ രൂപപ്പെട്ടതെന്നതിനെ കുറിച്ചെല്ലാം ഏകദേശം ധാരണയും ലഭിക്കും. ഇത് വലിയ വഴിത്തിരിവായി മാറും.

ഛിന്നഗ്രഹത്തിന്റെയും നാസയുടെ ദൗത്യത്തിന്റെയും പേര് സൈക്കി എന്ന് തന്നെയാണ്. അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിലാണ് ദൗത്യത്തിന്റെ പര്യവേഷണം. ഡിസ്‌കവറി പ്രോഗ്രാമിന്റെ ഭാഗമായി 2017-ലാണ് സൈക്കി ദൗത്യം എന്ന ആശയം രൂപം കൊള്ളുന്നത്. സൗരയൂഥത്തിനുള്ളിലെ ചെലവ് കുറഞ്ഞ പര്യവേഷണ ദൗത്യങ്ങൾക്ക് ഫണ്ട് നൽകുന്ന പദ്ധതിയാണ് ഡിസ്‌കവറി എന്ന് അറിയപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.