നാരീശക്തി പുരസ്‌കാര ജേതാവ് കാര്‍ത്ത്യായനിയമ്മ ഇനി ഓര്‍മ്മ

നാരീശക്തി പുരസ്‌കാര ജേതാവ് കാര്‍ത്ത്യായനിയമ്മ ഇനി ഓര്‍മ്മ

പാലക്കാട്: അക്ഷരലക്ഷം പരീക്ഷ ഒന്നാം റാങ്കില്‍ പാസായ മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ കാര്‍ത്ത്യായനിയമ്മ (101) അന്തരിച്ചു. ചേപ്പാട് മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ വീട്ടില്‍ ചൊവ്വാഴ്ച രാത്രി 12 ഓടെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന് കാര്‍ത്ത്യായനിയമ്മ കിടപ്പിലായിരുന്നു.

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവായിരുന്നു കാര്‍ത്ത്യായനിയമ്മ അമ്മ. നാല്പതിനായിരം പേര്‍ എഴുതിയ അക്ഷര ലക്ഷം പരീക്ഷയില്‍ 98ശതമാനം മാര്‍ക്ക് നേടിയാണ് കാര്‍ത്ത്യായനിയമ്മ ഒന്നാം റാങ്ക് നേടിയത്. സാക്ഷരതാ മിഷന്‍ വഴി നടപ്പാക്കിയ അക്ഷരലക്ഷം പദ്ധതിയില്‍ 96 ാം വയസില്‍ പങ്കെടുത്താണ് ഈ നേട്ടം കാര്‍ത്യായനിയമ്മ സ്വന്തമാക്കിയത്.

2017ലെ അക്ഷരലക്ഷം പരീക്ഷ വീടിനടുത്തുള്ള കണിച്ചനെല്ലൂര്‍ എല്‍.പി.സ്‌കൂളിലാണ് എഴുതിയത്. 2018ലെ നാരീശക്തി പുരസ്‌കാര ജേതാവാണ്. സാക്ഷരതാ പ്രേരക് സതിക്കൊപ്പം ഡല്‍ഹിയിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നാണ് കാര്‍ത്ത്യായനിയമ്മ നാരീശക്തി പുരസ്‌കാരം ഏറ്റുവാങ്ങിയത്.

കാര്‍ത്യായനിയമ്മയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും അനുശോചിച്ചു. കുട്ടിക്കാലം മുതല്‍ അധ്വാനിച്ച് കുടുംബം പോറ്റേണ്ടി വന്നതിനാല്‍ ഇത്രയും കാലമായിട്ടും പഠനത്തിന്റെ വഴിയില്‍ വരാന്‍ പറ്റാതിരുന്ന അവര്‍ ഒരവസരം കിട്ടിയപ്പോള്‍ പ്രായം വകവെയ്ക്കാതെ അതിന് സന്നദ്ധയായത് നൂറുകണക്കിന് സ്ത്രീകള്‍ക്കാണ് പ്രചോദനമായെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ അഭിമാനമായ ഒരു മാതൃകാ വ്യക്തിത്വത്തെയാണ് വിയോഗത്തിലൂടെ നമുക്ക് നഷ്ടപ്പെട്ടതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.