ന്യൂസ് ക്ലിക്കിനെതിരെ സി.ബി.ഐ അന്വേഷണത്തിന് പിന്നാലെ ചീഫ് എഡിറ്ററുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്

ന്യൂസ് ക്ലിക്കിനെതിരെ സി.ബി.ഐ അന്വേഷണത്തിന് പിന്നാലെ ചീഫ് എഡിറ്ററുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്

ന്യൂഡല്‍ഹി: വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിനെതിരായ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തതിന് പിന്നാലെ ന്യൂസ് ക്ലിക്ക് ചീഫ് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തയുടെ വീട്ടില്‍ സി.ബി.ഐ സംഘം പരിശോധന നടത്തി.

പ്രബീറിന്റെ പങ്കാളിയും എഴുത്തുകാരിയുമായ ഗീത ഹരിഹരനെയും സംഘം ചോദ്യം ചെയ്തു. വിദേശ സംഭാവന വിനിമയ ചട്ടലംഘനം നടന്നിട്ടുണ്ടോയെന്നും സി.ബി.ഐ അന്വേഷിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് സിബിഐ കേസെടുത്തത്.

പ്രബീര്‍ പുര്‍കായസ്തയെ ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ ഈ മാസം മൂന്നിന് തീവ്രവാദ വിരുദ്ധ നിയമം, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം എന്നിവ പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ന്യൂസ് പോര്‍ട്ടലിന് ചൈനീസ് പ്രചരണം പ്രോത്സാഹിപ്പിക്കുന്ന നെറ്റ് വര്‍ക്കില്‍ നിന്ന് ധനസഹായം ലഭിച്ചുവെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ന്യൂസ് ക്ലിക്ക് ജീവനക്കാരെയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്.

ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട മറ്റ് സ്ഥലങ്ങളിലും വ്യാപക പരിശോധന നടത്താനാണ് സി.ബി.ഐ നീക്കം. ചൈനീസ് ഫണ്ട് സ്വീകരിച്ച് രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുന്നതും അപകീര്‍ത്തികരവുമായ വാര്‍ത്തകള്‍ ഇവര്‍ ആവര്‍ത്തിച്ച് പ്രസിദ്ധീകരിച്ചതായാണ് എഫ്‌ഐആറില്‍ പറയുന്നത്. നികുതി വെട്ടിപ്പ് കേസില്‍ 2021 ല്‍ ന്യൂസ് പോര്‍ട്ടലിന്റെ ഓഫീസുകളിലും ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.