പത്താന്‍കോട്ട് ഭീകരാക്രമണം: മുഖ്യ സൂത്രധാരനെ പാകിസ്ഥാനില്‍ അജ്ഞാതര്‍ വെടിവച്ചു കൊന്നതായി റിപ്പോര്‍ട്ട്

പത്താന്‍കോട്ട് ഭീകരാക്രമണം: മുഖ്യ സൂത്രധാരനെ പാകിസ്ഥാനില്‍ അജ്ഞാതര്‍ വെടിവച്ചു കൊന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള ഭീകരരില്‍ ഒരാളുമായ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബുധനാഴ്ച പാകിസ്ഥാനിലെ സിയാല്‍കോട്ടില്‍ അജ്ഞാതരുടെ വെടിയേറ്റ് ഷാഹിദ് കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

നാല്‍പത്തൊന്നുകാരനായ ഷാഹിദ് ലത്തീഫ് നിരോധിത ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് (ജെഇഎം) അംഗവും 2016 ജനുവരി രണ്ടിന് ആരംഭിച്ച പത്താന്‍കോട്ട് ആക്രമണത്തിന്റെ പ്രധാന സൂത്രധാരനുമാണ്. സിയാല്‍കോട്ടില്‍ നിന്ന് ആക്രമണം ഏകോപിപ്പിച്ചതും ആക്രമണം നടപ്പാക്കാന്‍ നാല് ജെയ്ഷെ ഭീകരരെ പത്താന്‍കോട്ടിലേക്ക് അയച്ചതും ഇയാളായിരുന്നു.

ജമ്മു കാശ്മീരിലെ നിരവധി ഭീകരരുമായി ബന്ധമുള്ള ഷാഹിദ്, നിരവധി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയിട്ടുമുണ്ട്. ജെയ്‌ഷെ മുഹമ്മദിന്റെ മാതൃസംഘടനയായ ഹര്‍ക്കത്ത്-ഉല്‍- മുജാഹിദീന്റെ പ്രവര്‍ത്തനങ്ങളിലൂടെ തൊണ്ണൂറുകളിലാണ് ഗുജ്രന്‍വാല സ്വദേശിയായ ഷാഹിദ് ലത്തീഫ് ഭീകരപ്രവര്‍ത്തനം ആരംഭിച്ചത്.

1994 നവംബറില്‍ ഇന്ത്യയില്‍ വച്ച് യുഎപിഎ പ്രകാരം ലത്തീഫ് അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ജയിലായി. ശേഷം 2010ല്‍ വാഗ വഴി പാകിസ്ഥാനിലേക്ക് നാടുകടത്തപ്പെട്ടു. 1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയ കേസിലും ഷാഹിദ് ലത്തീഫ് പ്രതിയായിരുന്നു. 2016 ജനുവരി രണ്ടിന് പാകിസ്ഥാനില്‍ നിന്നെത്തിയ ജയ്‌ഷെ മുഹമ്മദ് സംഘടനയില്‍പ്പെട്ട ഭീകരര്‍ പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ കടന്ന് ആക്രമണം നടത്തുകയായിരുന്നു. ഭീകരരെ നേരിടുന്നതിനിടെ ലഫ്. കേണല്‍ ഇ.കെ നിരഞ്ജന്‍ ഉള്‍പ്പെടെ ഏഴു സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.