വൈദ്യുതി, ഗ്രീന്‍ ഹൈഡ്രജന്‍ മേഖലകളില്‍ സഹകരണം; ഇന്ത്യയും സൗദിയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വൈദ്യുതി, ഗ്രീന്‍ ഹൈഡ്രജന്‍ മേഖലകളില്‍ സഹകരണം; ഇന്ത്യയും സൗദിയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

ന്യൂഡല്‍ഹി: ഊര്‍ജ രംഗത്ത് കൈകോര്‍ത്ത് ഇന്ത്യയും സൗദി അറേബ്യയും. ഇലക്ട്രിക്കല്‍ ഇന്റര്‍ കണക്ഷന്‍, ഗ്രീന്‍ ഹൈഡ്രജന്‍ സപ്ലൈ ചെയിന്‍ എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായി. ഇതു സംബന്ധിച്ച ധാരണാ പത്രത്തില്‍ ഇന്ത്യയുടെയും സൗദിയുടെയും ഊര്‍ജ മന്ത്രിമാര്‍ ഒപ്പു വച്ചു.

റിയാദിലെത്തിയ ഇന്ത്യന്‍ ഊര്‍ജമന്ത്രി ആര്‍.കെ സിങും സൗദി ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അല്‍സൗദുമാണ് ധാരണാ പത്രത്തില്‍ ഒപ്പുവെച്ചത്.

അടിയന്തര ഘട്ടങ്ങളിലും തിരക്കേറിയ സാഹചര്യങ്ങളിലും വൈദ്യുതി കൈമാറാനും ഊര്‍ജ പദ്ധതികളില്‍ പരസ്പരം സഹകരിക്കാനും അവ വികസിപ്പിക്കാനും ഗ്രീന്‍ ഹൈഡ്രജനും പുനരുപയോഗ ഊര്‍ജവും പരസ്പര സഹകരണത്തോടെ വികസിപ്പിക്കാനും ഊര്‍ജ വിതരണ ശൃംഖലകള്‍ സ്ഥാപിക്കാനുമാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്. ഇത് ഉറപ്പാക്കുന്നതിന് ബിസിനസ് ഉച്ചകോടികളും പതിവ് ആശയ വിനിമയങ്ങളും നടത്തും.

 ഒക്ടോബര്‍ എട്ടിന് സൗദി അറേബ്യയിലെ റിയാദില്‍ തുടങ്ങിയ മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക ക്ലൈമറ്റ് വീക്ക് 2023 (Middle East and North Africa (MENA) Climate Week 2023) ല്‍ ആര്‍.കെ സിങിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം പങ്കെടുക്കുന്നുണ്ട്. ഇതില്‍ നിലവില്‍ ലോകം നേരിടുന്ന കാലാവസ്ഥാ പ്രശ്‌നങ്ങളും ചര്‍ച്ചയാകും.

ആഗോളതലത്തില്‍ ഊര്‍ജ ഉത്പാദനം, ഊര്‍ജ ഉപഭോഗം, സുസ്ഥിരത എന്നീ മേഖലകളില്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ക്ലൈമറ്റ് വീക്കിലെ ഒരു സെഷനില്‍ ആര്‍.കെ സിങ് വ്യക്തമാക്കിയിരുന്നു. ക്ലൈമറ്റ് വീക്ക് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണെന്നും ഊര്‍ജ മേഖലയില്‍ അപാരമായ സാധ്യതകള്‍ ഉണ്ടെന്നും അതിന് കൂട്ടായ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഊര്‍ജ മേഖലയില്‍ ഹൈഡ്രജന്‍ ഉപയോഗപ്പെടുത്തുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റ് ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്‍ ആരംഭിച്ച കാര്യവും ആര്‍.കെ സിങ് ചൂണ്ടിക്കാട്ടി. ആഗോള ജൈവ ഇന്ധന സഖ്യത്തില്‍ ചേരാനും മെന ( MENA) രാജ്യങ്ങളോട് മന്ത്രി ആഹ്വാനം ചെയ്തു. സുസ്ഥിര ജൈവ ഇന്ധനങ്ങളുടെ വികസനത്തിലും വിന്യാസത്തിലും സഹകരിച്ചു പ്രവര്‍ത്തിക്കാനും ജൈവ ഇന്ധനങ്ങളുടെ വ്യാപാരം സുഗമമാക്കാനും കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാനുമാണ് സഖ്യം ലക്ഷ്യമിടുന്നതെന്നും അദേഹം പറഞ്ഞു.

ഗ്രീന്‍ ഹൈഡ്രജന്‍ താരതമ്യേന മലിനീകരണം കുറഞ്ഞ ഇന്ധനമാണ്. കൂടാതെ വിശാലമായ ഉപയോഗവും ഇതിനുണ്ട്. ഇത് വളരെ ലാഭകരമാണെന്നതും പ്രകൃതി സൗഹൃദമാണെന്നതും ഗ്രീന്‍ ഹൈഡ്രജനോടുള്ള താല്‍പര്യം വര്‍ധിപ്പിക്കുന്നു. ആകെയുള്ള ഹൈഡ്രജന്‍ ഉല്‍പാദനത്തിന്റെ വെറും ഒരു ശതമാനത്തില്‍ താഴെയാണ് ഗ്രീന്‍ ഹൈഡ്രജന്റെ ഉല്‍പാദനം. എണ്ണയില്‍ നിന്നുള്ള വരുമാനം ഇടിയുന്നതു കൊണ്ടു തന്നെ ഊര്‍ജ വിപണിയില്‍ പ്രധാന സ്രോതസുകളായി തുടരാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇതൊരു അവസരമായി കാണുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.