ഡല്‍ഹിയില്‍ ബിജെപിക്ക് സീറ്റുകള്‍ കുറയുമെന്ന് സര്‍വ്വേ ഫലം

 ഡല്‍ഹിയില്‍ ബിജെപിക്ക് സീറ്റുകള്‍ കുറയുമെന്ന് സര്‍വ്വേ ഫലം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ബിജെപിക്ക് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വന്‍ വിജയം ആവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് സര്‍വ്വേ ഫലം. ടൈംസ് നൗ-നവ്ഭാരത് ഇടിജി സര്‍വ്വേയാണ് ബിജെപിക്ക് ഡല്‍ഹിയില്‍ സീറ്റുകള്‍ കുറയുമെന്ന് പ്രവചിച്ചിരിക്കുന്നത്.

ഡല്‍ഹിയില്‍ ഏഴ ലോക്‌സഭാ സീറ്റുകളാണുളളത്. 2014 ലും 2019 ലും ഈ ഏഴ് സീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു. അന്ന് കോണ്‍ഗ്രസും ആം ആദ്മിയും തിരഞ്ഞെടുപ്പില്‍ കാഴ്ചക്കാരായി നിന്നു. എന്നാല്‍ ഇത്തവണ സ്ഥിതിഗതികള്‍ മാറിമറിയാനാണ് സാധ്യത.

ഡല്‍ഹിയില്‍ ബിജെപി തന്നെയാണ് നേട്ടമുണ്ടാക്കുക. എന്നാല്‍ ഏഴ് സീറ്റുകളില്‍ അഞ്ച് മുതല്‍ ആറ് സീറ്റുകളില്‍ ബിജെപി വിജയിക്കാനാണ് സാധ്യത. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന ഇന്ത്യ സഖ്യത്തിന് ഒന്ന് മുതല്‍ രണ്ട് സീറ്റുകള്‍ വരെ ലഭിച്ചേക്കും. മറ്റുളളവര്‍ക്ക് നേട്ടമുണ്ടാക്കാനാകില്ല.

ചാന്ദ്‌നി ചൗക്ക്, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി, ന്യൂ ഡല്‍ഹി, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി, വെസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ഹി എന്നിവയാണ് ഡല്‍ഹിയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങള്‍. 2019ല്‍ 4,908,541 വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. അതായത് ആകെ പോള്‍ ചെയ്തതിന്റെ 56.9 ശതമാനം വോട്ടും ബിജെപി സ്വന്തമാക്കി. രണ്ടാമത് എത്തിയ കോണ്‍ഗ്രസിന് 22 ശതമാനം വോട്ട് ആണ് ലഭിച്ചത്. അതായത് 1,953,900 വോട്ട്.

ആം ആദ്മി പാര്‍ട്ടി 2019 ല്‍ മൂന്നാം സ്ഥാനത്തായിരുന്നു. 1,571,687 വോട്ടാണ് ആപ് നേടിയത്. അതായത് 18.1 ശതമാനം വോട്ട്. 2019 ലെ ദേശീയ രാഷ്ട്രീയ സാഹചര്യമല്ല 2014 ലേത്. 2019 ല്‍ എതിര്‍പക്ഷത്ത് നിന്ന് മത്സരിച്ച കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഇന്ന് ഒരേ ചേരിയിലാണ്. അതേസമയം സീറ്റുകള്‍ ഇരുപാര്‍ട്ടികളും എങ്ങനെയാണ് പങ്കുവെയ്ക്കുക എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.