സിഡ്നി: ഇസ്രായേൽ പാലസ്തീൻ യുദ്ധം ആറാം ദിവസവും തുടരുകയും മരണ സംഖ്യ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഓസ്ട്രേലിയക്കാരെ തിരികെ കൊണ്ടുവരാൻ നടപടികളുമായി സർക്കാർ. ഏകദേശം 12,000ത്തോളം ഓസ്‌ട്രേലിയക്കാർ ഇസ്രായേലിൽ ഉണ്ടെന്നാണ് കണക്കുകൂട്ടൽ. അവരെ തിരികെ നാട്ടിലെത്തിക്കാൻ രണ്ട് പുതിയ ക്വാണ്ടാസ് വിമാനങ്ങളെ നിയോഗിച്ചു.
പല ഓസ്‌ട്രേലിയക്കാരും വാണിജ്യ വിമാനങ്ങളുടെ കാലതാമസവും റദ്ദാക്കലും മൂലം ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതിനാൽ സർക്കാർ പിന്തുണയുള്ള വിമാനങ്ങൾ ആവശ്യമാണെന്ന് പ്രധാനമന്ത്രി ആന്റണി അൽബനീസി പറഞ്ഞു. ഓസ്‌ട്രേലിയക്കാർക്കായി ഓസ്‌ട്രേലിയൻ സർക്കാരിന്റെ സഹായത്തോടെ പുറപ്പെടുന്ന വിമാനങ്ങൾ വെള്ളിയാഴ്ച മുതൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ബെൻ ഗുറിയോൺ എയർപോർട്ടിൽ നിന്ന് ലണ്ടനിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കിയതിന് ക്വാണ്ടാസിന് നന്ദി പറയുന്നു. രണ്ട് വിമാനങ്ങൾ ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്. ഏകദേശം 12000 ഓസ്‌ട്രേലിയക്കാർ ഇസ്രായേലിലുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും ഇവരിൽ പലരും ഇരട്ട പൗരത്വമുള്ളവരാണ്.
സർക്കാർ ഏർപ്പെടുത്തിയ വിമാനങ്ങളിൽ നാട്ടിലേക്ക് പുറപ്പെടാൻ ആഗ്രഹിക്കുന്ന ഓസ്‌ട്രേലിയക്കാർ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൺസുലാർ എമർജൻസി സെന്ററിൽ രജിസ്റ്റർ ചെയ്യണമെന്നും സർക്കാർ അറിയിച്ചു. ഇസ്രായേലിൽ നിന്ന് ഓസ്‌ട്രേലിയക്കാരെ തിരിച്ചയക്കുന്നതിന് സർക്കാർ ക്വാണ്ടാസിനോടും വിർജിനോടും അടിയന്തര സഹായം ആവശ്യപ്പെട്ടതായി മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം, യുദ്ധം രൂക്ഷമായതോടെ കൂടുതൽ രാജ്യങ്ങൾ പൗരന്മാരെ ഇസ്രയേലിൽനിന്ന് ഒഴിപ്പിക്കാനുള്ള നടപടികളും ഊർജിതമാക്കി. ഇസ്രയേലിൽനിന്ന് കാനേഡിയൻ പൗരന്മാരെ ഉടൻ ഒഴിപ്പിക്കുമെന്ന് കാനഡ അറിയിച്ചു. ഹംഗറി, അൽബേനിയ, തായ്‌ലൻഡ്, മെക്സിക്കോ, കംബോഡിയ, ബൾഗേറിയ, റുമേനിയ രാജ്യങ്ങൾ ഒഴിപ്പിക്കൽ തുടരുന്നു. ഗാസയിൽ അഞ്ചാം ദിവസവും ഇസ്രയേൽ ബോംബാക്രമണം തുടരുകയാണ്. ഗാസയിൽ മാത്രമായി ആയിരത്തോളം പേരാണ് മരിച്ചത്. കുടിവെള്ളവും ഭക്ഷണവും വൈദ്യുതിയുമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് ഗാസ നിവാസികൾ.
യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ഇസ്രയേലിലും ഗാസയിലുമായി രണ്ടായിരത്തോളം പേരാണ് മരിച്ചത്. ഇസ്രയേൽ -ഹമാസ് യുദ്ധത്തിൽ ഓരോ ദിവസവും മരണ സംഖ്യ ഉയരുകയാണ്. അഞ്ച് ദിവസമായി ഗാസ മേഖലയിൽ വൈദ്യുതിയും ഇല്ല. പരിക്കേറ്റവരെ ഉൾക്കൊള്ളാനാകാതെ ഗാസയിലെ ആരോഗ്യമേഖല തകർന്നതായി ഐക്യരാഷട്ര സഭ വ്യക്തമാക്കി. ഇതിനിടെ, പലസ്തീൻ ജനതക്ക് യു.എ.ഇ സഹായം പ്രഖ്യാപിച്ചിരുന്നു. ഐക്യരാഷ്ട്ര സഭാ ഏജൻസിയായ യുഎൻആർഡബ്ല്യുഎ വഴി രണ്ടു കോടി ഡോളർ സഹായം എത്തിക്കാനാണ് പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദേശം നൽകിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.