ടെല്‍ അവീവ്: ഇസ്രയേലില്‍ ഹമാസ് ആക്രമണം ആരംഭിച്ചിട്ട് ഏഴാം ദിവസമാകുമ്പോള്‍ ഈ ഭീകര സംഘടനയുടെ ക്രൂരതകള്‍ കണ്ട് മരവിച്ചിരിക്കുകയാണ് ലോകമെമ്പാടുമുള്ള മനുഷ്യ സ്‌നേഹികള്‍. മാനുഷികമായ യാതൊരു പരിഗണനയുമില്ലാതെ, നിരപരാധികളായ പിഞ്ചുകുഞ്ഞുങ്ങളെപ്പോലും കൊന്നൊടുക്കുന്ന കണ്ണില്ലാത്ത ക്രൂരത... ഉറ്റവരുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ മേല്‍ പോലും മിസൈല്‍ വര്‍ഷിക്കുന്ന നിര്‍ദയത. ഒരു പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ സഹജീവികളെ നിര്‍ദാക്ഷണ്യം കൊന്നൊടുക്കാന്‍ ഹമാസിനെ പ്രേരിപ്പിക്കുന്നതെന്താണ്? നിര്‍ധനര്‍ക്ക് സേവനം ചെയ്യുന്ന സംഘടനയായി തുടങ്ങി തീവ്രവാദ സംഘടനയായി ഹമാസ് പരിവര്‍ത്തനം ചെയ്യപ്പെട്ടത് എപ്പോഴാണ്?
അമേരിക്ക, ഓസ്ട്രേലിയ, കാനഡ, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ജോര്‍ദാന്‍, പരാഗ്വേ, യു.കെ തുടങ്ങി നിരവധി രാജ്യങ്ങളാണ് ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ മുസ്ലിം രാഷ്ട്രമായ ഇറാന്‍ ഹമാസിന് എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്. തുര്‍ക്കി ഹമാസിലെ ചില ഉന്നത നേതാക്കള്‍ക്ക് അഭയവും നല്‍കിയിട്ടുണ്ട്. ഇതിനോടൊപ്പം ഖത്തര്‍, അറേബ്യ, റഷ്യ അടക്കമുള്ള രാഷ്ട്രങ്ങളും ഹമാസിനെ പിന്തുണയ്ക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. ഈ പാലസ്തീന്‍ ഭീകര സംഘടനയായ ഹമാസിന്റെ ഉദയവും തുടര്‍ന്നുള്ള ചരിത്രവും എങ്ങനെയാണന്ന് നോക്കാം...
സേവനത്തില്‍ നിന്ന് തീവ്രവാദത്തിലേക്ക്
പലസ്തീന്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ, തീവ്രവാദ സംഘടനയാണ് ഹമാസ്. ഇസ്രായേലിനെ പരാജയപ്പെടുത്തുകയും പാലസ്തീനോട് ചേര്‍ത്ത് ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുകയുമാണ് ഹമാസിന്റെ ആത്യന്തിക ലക്ഷ്യം.
1970 കളില്‍ ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ് എന്ന വര്‍ഗീയ സംഘടനയുടെ ശാഖ പലസ്തീനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തങ്ങളുടെ നിഗൂഢ ലക്ഷ്യങ്ങള്‍ക്കുള്ള മറയായി പലസ്തീനിലെ സേവന പ്രവര്‍ത്തനങ്ങള്‍ക്കും ഈ സംഘടന പ്രാധാന്യം കൊടുത്തിരുന്നു. പലസ്തീനിയന്‍ പുരോഹിതനായ ഷെയ്ഖ് അഹമ്മദ് യാസിനായിരുന്നു സംഘടനയ്ക്ക് നേതൃത്വം കൊടുത്തിരുന്നത്.
ഹമാസ് പോരാളികള്‍
1967 ല്‍ ഇസ്ലാമിക സഖ്യം ഇസ്രയേലിനെ ആക്രമിച്ച ആറു ദിവസ യുദ്ധം അവസാനിച്ചപ്പോള്‍ പാലസ്തീനു മേല്‍ കൂടുതല്‍ ആധിപത്യം നേടാന്‍ ഇസ്രയേലിന് സാധിച്ചു. ഇതോടെ പാലസ്തീനിയന്‍ മുസ്ലിം ബ്രദര്‍ ഹുഡ് സേവനപ്രവര്‍ത്തനങ്ങള്‍ മറയാക്കി ഗാസാ മുനമ്പ്, വെസ്റ്റ് ബാങ്ക് തുടങ്ങിയ പാലസ്തീന്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങി. തുടര്‍ന്ന്, 1987 ഡിസംബറില്‍ ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായി ഗാസയില്‍ ഹമാസിനെ സ്ഥാപിച്ചു.
യാസിര്‍ അറഫാത്തിന്‍െ പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ വകവെയ്ക്കാതെയായിരുന്നു അഹമ്മദ് യാസിന്‍ ഹമാസിന് രൂപം നല്‍കിയത്.
ലക്ഷ്യം ഇസ്രയേലിന്റെ പതനം
ഇസ്ലാമിക ചെറുത്തുനില്‍പ്പ് പ്രസ്ഥാനം എന്നര്‍ത്ഥം വരുന്ന എന്ന അറബി വാക്കിന്റെ ചുരുക്കെഴുത്താണ് യഥാര്‍ത്ഥത്തില്‍ ഹമാസ്. സാമൂഹിക സേവനങ്ങള്‍, മതപരിശീലനം, സായുധസേന എന്നിങ്ങനെ ത്രിതല ഘടനയാണ് ഹമാസിന്റേത്. ഇസ്രയേലിനെതിരെ സായുധ പോരാട്ടം നടത്തുന്നത് ഇവരുടെ സൈനിക വിഭാഗമാണ്. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ നയിക്കുന്ന വിഭാഗം ദഅഹ് എന്നറിയപ്പെടുന്നു.
1987 മുതല്‍ 1993 വരെ ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടലുകളുടെ പരമ്പര തന്നെയുണ്ടായി. 1993 ല്‍ ഏപ്രിലില്‍ ഹമാസ് ഇസ്രായേലിനെതിരെ ഹമാസ് ആദ്യമായി ചാവേര്‍ ബോംബാക്രമണം നടത്തി.
ഷെയ്ഖ് അഹമ്മദ് യാസിന്‍
1993-ലാണ് പലസ്തീന്‍ നേതാവായ യാസര്‍ അറഫാത്ത് ഓസ്ലോ സമാധാന കരാറില്‍ ഒപ്പുവെച്ചത്. ഇസ്രായേലുമായുള്ള സംഘര്‍ഷത്തിന് പരിഹാരം കാണുവാനുള്ള സമാധാന ഉടമ്പടിയായിരുന്നു ഇത്.
ഇസ്രയേലിന്റെ നിലനില്‍പ്പിനുള്ള അവകാശം അംഗീകരിച്ചുകൊണ്ട് യാസര്‍ അറഫാത്ത് കത്ത് നല്‍കുകയും ഇതിനുപകരമായി ഇസ്രായേല്‍ പലസ്തീന്‍ പ്രദേശങ്ങളുടെ നിയന്ത്രണം ക്രമേണ പലസ്തീനുകള്‍ക്ക് കൈമാറുമെന്നതായിരുന്നു ഓസ്ലോ കരാറിന്റെ തീരുമാനം. എന്നാല്‍ ഈ ഉടമ്പടി അംഗീകരിക്കാന്‍ ഹമാസ് തയ്യാറായില്ല. അവര്‍ വീണ്ടും ആക്രമണം തുടര്‍ന്നുകൊണ്ടിരുന്നു. തുടര്‍ന്നാണ് അമേരിക്ക ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നത്.
രാഷ്ട്രീയത്തിലേക്ക്
2004ല്‍ ഹമാസിന്റെ സ്ഥാപകന്‍ ഷെയ്ഖ് അഹമ്മദ് യാസിന്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് നേതൃസ്ഥാനമേറ്റെടുത്ത രന്‍തീസിയും ഒരു മാസം തികയും മുന്‍പേ കൊല്ലപ്പെട്ടു. ഇതേ സമയം തന്നെയാണ് സമാധാന ഉടമ്പടിക്ക് മുന്നിട്ടു നിന്ന പലസ്തീന്‍ നേതാവ് യാസര്‍ അറാഫത്ത് മരിക്കുന്നത്. ഇതോടെ ഹമാസ് കൂടുതല്‍ കരുത്തരായി രാഷ്ട്രീയത്തില്‍ ഇറങ്ങി.
2005ല്‍ ഗാസയില്‍ നിന്ന് ഇസ്രയേല്‍ പിന്‍വാങ്ങിയതിനുപിന്നാലെ നടന്ന പാലസ്തീനിയന്‍ ലെജിസ്ലേറ്റീവ് തെരഞ്ഞെടുപ്പില്‍ ഹമാസ് ഭൂരിപക്ഷം നേടി. മതനിരപേക്ഷ നിലപാടുകളുള്ള പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ രാഷ്ട്രീയ മുഖമായ ഫത്താഹ് പാര്‍ട്ടിയെ അട്ടിമറിച്ചാണ് ഹമാസ് ഭൂരിപക്ഷം നേടിയത്.
നിലവില്‍ ഹമാസിന്റെ രാഷ്ട്രീയ മേധാവി ഇസ്മായില്‍ ഹനിയ്യയാണ്. 2017-ലാണ് ഖാലിദ് മെഷാലില്‍ നിന്ന് അദ്ദേഹം നേതൃത്വം ഏറ്റെടുത്തത്. ഗാസയ്ക്കകത്തും പുറത്തും യാത്രാ നിയന്ത്രണങ്ങള്‍ നേരിടുന്നതിനാല്‍ 2020 മുതല്‍ ഇസ്മായില്‍ ഹനിയ്യ ഖത്തറിലെ ദോഹയിലാണ് താമസിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. ഹമാസിന്റെ ചില മുതിര്‍ന്ന വ്യക്തികള്‍ തുര്‍ക്കിയിലെ ഓഫീസുകളില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്.
വെസ്റ്റ് ബാങ്കിലെ പിഎല്‍ഒയ്ക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സും യൂറോപ്യന്‍ യൂണിയനും (ഇയു) നല്‍കുന്ന ഔദ്യോഗിക സഹായങ്ങള്‍ തീവ്രവാദ സംഘടനയായ ഹമാസിന് ലഭ്യമല്ല. പാലസ്തീന്‍ പ്രവാസികളും പേര്‍ഷ്യന്‍ ഗള്‍ഫിലെ സ്വകാര്യ ദാതാക്കളുമാണ് ഈ ഭീകര സംഘടനയ്ക്ക് സാമ്പത്തിക സഹായം ചെയ്യുന്നത്. കൂടാതെ, പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ചില ഇസ്ലാമിക സംഘടനകളുടെ ഫണ്ടിങ്ങും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ഇപ്പോള്‍ ഹമാസിന് ഏറ്റവും അധികം സാമ്പത്തികമായും അല്ലാതെയും സഹായം ചെയ്യുന്ന രാജ്യം ഇറാനാണ്. ഇറാന്‍ നിലവില്‍ പ്രതിവര്‍ഷം 100 മില്യണ്‍ ഡോളറാണ് ഹമാസിന് നല്‍കുന്നത്.
നിലയ്ക്കാത്ത നിലവിളികള്‍
ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും പലസ്തീനികള്‍ ഇസ്രായേലിന്റെ നിയന്ത്രണങ്ങള്‍ക്ക് കീഴിലാണ് ജീവിക്കുന്നത്, പലരും ഭക്ഷണം, വെള്ളം, സാധനങ്ങള്‍ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് അന്താരാഷ്ട്ര സഹായത്തെ ആശ്രയിക്കുന്നു. ഈ പ്രദേശങ്ങളുടെ നിയന്ത്രണത്തിനായുള്ള പോരാട്ടം ദശാബ്ദങ്ങളായി നിലനില്‍ക്കുന്നു,
ഹമാസ് ഇസ്രയേലില്‍ നിരന്തരം ചാവേര്‍ ബോംബാക്രമണങ്ങള്‍ നടത്തുകയും ഗാസയില്‍ നിന്ന് ഇസ്രയേലിലേക്ക് പതിനായിരക്കണക്കിന് റോക്കറ്റുകള്‍ തൊടുത്തുവിടുകയും ചെയ്യുന്നു. ആയുധങ്ങള്‍ കടത്തുന്നതിന് ഗാസയില്‍ നിന്ന് ഈജിപ്തിലേക്ക് നീളുന്ന തുരങ്കങ്ങളുടെ ഒരു ശൃംഖലയുണ്ട്. ഇസ്രയേലിലേക്ക് നുഴഞ്ഞുകയറി ആക്രമണം നടത്താന്‍ വേണ്ടിയും നിരവധി തുരങ്കങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.