'ഗര്‍ഭസ്ഥശിശുവിന് വേണ്ടി ആരാണ് ഹാജരാവുക, അവരുടെ അവകാശം അവഗണിക്കാനാവില്ല'; ഗര്‍ഭച്ഛിദ്രത്തിനായുള്ള ഹര്‍ജിയില്‍ സുപ്രധാന പരാമര്‍ശവുമായി സുപ്രീംകോടതി

'ഗര്‍ഭസ്ഥശിശുവിന് വേണ്ടി ആരാണ് ഹാജരാവുക, അവരുടെ അവകാശം അവഗണിക്കാനാവില്ല'; ഗര്‍ഭച്ഛിദ്രത്തിനായുള്ള ഹര്‍ജിയില്‍ സുപ്രധാന പരാമര്‍ശവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്വയം തീരുമാനമെടുക്കാന്‍ സ്ത്രീക്ക് അവകാശമുള്ളപ്പോള്‍ തന്നെ ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശങ്ങളെ അവഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഇരുവരുടെയും അവകാശങ്ങള്‍ സന്തുലിതമാവേണ്ടതെന്ന് പ്രധാനമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായുള്ള മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. 26 ആഴ്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടിയുള്ള ഹര്‍ജി പരിഗണക്കവെയാണ് ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവര്‍ കൂടി ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചിന്റെ സുപ്രധാനമായ നിരീക്ഷണം.

രണ്ട് കുട്ടികളുടെ അമ്മയായ ഹര്‍ജിക്കാരിയുടെ മൂന്നാമത്തെ ഗര്‍ഭം അലസിപ്പിക്കാനാണ് കോടതിയെ സമീപിച്ചത്. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ അനുഭവിക്കുന്നുണ്ടെന്നും വൈകാരികമായും സാമ്പത്തികമായും മൂന്നാമത്തെ കുഞ്ഞിനെ വളര്‍ത്താന്‍ പ്രാപ്തയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുവതിയുടെ ഹര്‍ജി.

ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നത് സംബന്ധിച്ച് രണ്ടംഗ ബെഞ്ച് കഴിഞ്ഞ ദിവസം ഭിന്നവിധി പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിട്ടത്. ഗര്‍ഭധാരണം നടന്ന് 24 ആഴ്ച കഴിഞ്ഞ് ഗര്‍ഭം അവസാനിപ്പിക്കാന്‍ അനുവദിക്കുന്ന അസാധാരണമായ സാഹചര്യം നിലവില്‍ ഇല്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി വാദിച്ചു.

ഗര്‍ഭസ്ഥ ശിശു ആരോഗ്യവാനാണെന്നും അതിജീവിക്കാനുള്ള സാധ്യത കൂടുതലാണെന്നും വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഗര്‍ഭം അലസിപ്പിക്കുന്നത് ഭ്രൂണഹത്യയ്ക്ക് കാരണമായേക്കാമെന്നുള്ള ആശങ്ക കോടതി പ്രകടിപ്പിച്ചു.

'സ്വയം തീരുമാനിക്കാനുള്ള സ്ത്രീയുടെ അവകാശത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ, ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ല' എന്നായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടത്.

അതേസമയം കുട്ടിയെ ഇപ്പോള്‍ ഗര്‍ഭഛിദ്രം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും പകരം, മുഴുവന്‍ കാലാവധി വരെ കാത്തിരിക്കുന്നതിനുപകരം സി-സെക്ഷന്‍ വഴി കുട്ടിയെ പ്രസവിക്കാനുള്ള അനുമതി തേടുകയായിരുന്നെന്നും ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ പറഞ്ഞു. ഹര്‍ജിക്കാരിക്ക് ഗര്‍ഭം പൂര്‍ണ കാലയളവിലേക്ക് കൊണ്ടുപോകാനുള്ള മാനസികാവസ്ഥയിലായിരുന്നില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു. 2022 സെപ്റ്റംബറില്‍ സ്ത്രീക്ക് മുമ്പ് പ്രസവം നടന്നിരുന്നുവെന്നും പ്രസവാനന്തര വിഷാദത്തിന് വിധേയയായിരുന്നുവെന്നും ഗര്‍ഭം തുടര്‍ന്നാല്‍ അത് മോശമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ നേരത്തെ കുട്ടിയെ പ്രസവിക്കുന്നത് കുഞ്ഞിന് ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങള്‍ക്ക് കാരണമാകുമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചതിനാല്‍ ഈ ആവശ്യം അംഗീകരിക്കാ ബെഞ്ച് തയ്യാറായില്ല.

'അവള്‍ വിവാഹിതയാണ്. 26 ആഴ്ചയായി അവള്‍ എന്തുചെയ്യുകയായിരുന്നു? അവള്‍ക്ക് രണ്ട് കുട്ടികളുണ്ട്, അവള്‍ക്ക് അതിന്റെ അനന്തരഫലങ്ങളും അറിയാം. ഡോക്ടര്‍മാരോട് എന്താണ് പറയേണ്ടത്?' കോടതി ചോദിച്ചു.

ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശത്തെ കുറിച്ചും നാം ചിന്തിക്കണം. സ്ത്രീയുടെ സ്വയം
നിര്‍ണയവകാശം തീര്‍ച്ചയായും പ്രധാനമാണ്. അനുച്ഛേദം 21 പ്രകാരം അവള്‍ക്ക് അതിന് അവകാശമുണ്ട്.. എന്നാല്‍, എന്തു ചെയ്താലും അത് കുട്ടിയുടെ അവകാശത്തെ ബാധിക്കുമെന്ന വസ്തുതയെക്കുറിച്ച് നാം ബോധവാന്മാരായിരിക്കണം. ഗര്‍ഭസ്ഥ ശിശുവിന് വേണ്ടി ആരാണ് ഹാജരാവുക. നേരത്തെ പ്രസവം അനുവദിച്ചാല്‍ വൈകല്യങ്ങളോടെയാണ് കുഞ്ഞ് ജനിക്കാന്‍ സാധ്യത. അത്തരത്തില്‍ സംഭവിച്ചാല്‍ കുഞ്ഞിനെ കൊല്ലുക എന്നത് മാത്രമാണ് പോംവഴി. ജുഡീഷ്യല്‍ ഉത്തരവനുസരിച്ച് കുട്ടിയെ എങ്ങനെ വധിക്കാന്‍ കഴിയുമെന്നും കോടതി ചോദിച്ചു.

ഹര്‍ജിക്കാരി പാവപ്പെട്ട സ്ത്രീയാണെന്നും അത്ര വിദ്യാഭ്യാസം ലഭിച്ചിട്ടില്ലെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി ഇത് തള്ളി. കുഞ്ഞിനെ ദത്ത് കൊടുക്കാനുള്ള സാധ്യതകളെക്കുറിച്ചും കോടതി ആരാഞ്ഞു. അതേസമയം വൈകല്യങ്ങളോടെയാണ് കുട്ടി ജനിച്ചതെങ്കില്‍ ദത്തെടുക്കാനുള്ള സാധ്യത കുറവായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

കേസ് പിന്നീട് വീണ്ടും പരിഗണിക്കും. ഗര്‍ഭം തുടരാനുള്ള സാധ്യതയെക്കുറിച്ച് യുവതിയുമായി സംസാരിക്കാന്‍ ബെഞ്ച് അഭിഭാഷകരോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ബുധനാഴ്ച കോടതിയില്‍ ഹാജരായ ഹര്‍ജിക്കാരിയോട് ഗര്‍ഭം വഹിക്കാനും കുട്ടിയെ ദത്തെടുക്കാന്‍ വിട്ടുകൊടുക്കാനും തയ്യാറാണോയെന്ന് പ്രത്യേക ബെഞ്ച് ചോദിച്ചിരുന്നു. എന്നാല്‍ ഗര്‍ഭാവസ്ഥ തുടരാന്‍ താല്‍പ്പര്യമില്ലെന്നാണ് യുവതി കോടതിയെ അറിയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.