സിംഗപ്പൂരില്‍നിന്ന് പെര്‍ത്തിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ ബോംബ് ഭീഷണി; ഓസ്‌ട്രേലിയക്കാരനായ യാത്രക്കാരന്‍ അറസ്റ്റില്‍

സിംഗപ്പൂരില്‍നിന്ന് പെര്‍ത്തിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ ബോംബ് ഭീഷണി; ഓസ്‌ട്രേലിയക്കാരനായ യാത്രക്കാരന്‍ അറസ്റ്റില്‍

പെര്‍ത്ത്: സിംഗപ്പൂരിലെ ചാംഗി വിമാനാവളത്തില്‍ നിന്ന് ഓസ്ട്രേലിയയിലെ പെര്‍ത്തിലേക്കു പുറപ്പെട്ട വിമാനം ബോംബ് ഭീഷണിയെതുടര്‍ന്ന് തിരിച്ചിറക്കി. വിമാനം പുറപ്പെട്ട് ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ഒാസ്‌ട്രേലിയക്കാരനായ യാത്രക്കാരന്‍ ബോംബ് ഭീഷണി ഉയര്‍ത്തിയത്. തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയെന്നോണം വിമാനം സിംഗപ്പൂരിലേക്കു തിരിച്ച് വിടാന്‍ തീരുമാനമെടുത്തതായി എയര്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ 30 വയസുകാരനായ ഓസ്‌ട്രേലിയന്‍ പൗരനെ വിമാനത്താവളത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു.

സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ സ്‌കൂട്ടിന്റെ ഫ്‌ളൈറ്റ് ടി.ആര്‍ 16 വിമാനം ചാംഗി എയര്‍പോര്‍ട്ടില്‍ നിന്ന് പ്രാദേശിക സമയം 4:11 നാണ് പുറപ്പെട്ടത്. പെര്‍ത്തിലേക്കുള്ള യാത്രാമധ്യേ ബോംബ് ഭീഷണിയെതുടര്‍ന്ന് വിമാനം ഒരു മണിക്കൂറിനു ശേഷം 6.27 ന് തിരിച്ചിറങ്ങി.

എയര്‍ഫോഴ്സിന്റെ രണ്ടു യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് വിമാനം ചാംഗി എയര്‍പോര്‍ട്ടില്‍ തിരികെ ലാന്‍ഡ് ചെയ്തത്. വിമാനത്താവളത്തില്‍ അടിയന്തര സേവനങ്ങളും സജ്ജമാക്കി. തുടര്‍ന്ന് വിമാനത്തില്‍ വിശദമായ സുരക്ഷാ പരിശോധന നടത്തി യുവാവിനെ അറസ്റ്റ് ചെയ്തു. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തിന് വിമാനക്കമ്പനി ക്ഷമാപണം നടത്തി.

സംഭവത്തെതുടര്‍ന്ന് വിമാനത്താവളത്തിലെ ഒരു റണ്‍വേ ഒരു മണിക്കൂറോളം അടച്ചിട്ടതായി സിംഗപ്പൂരിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. പല ഭാഗത്തേക്കുള്ള നിരവധി വിമാനങ്ങള്‍ വൈകുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.