ചൈനയില്‍ ഇസ്രായേല്‍ എംബസി ഉദ്യോഗസ്ഥന് കുത്തേറ്റു; ഒരാള്‍ കസ്റ്റഡിയില്‍

ചൈനയില്‍ ഇസ്രായേല്‍ എംബസി ഉദ്യോഗസ്ഥന് കുത്തേറ്റു; ഒരാള്‍ കസ്റ്റഡിയില്‍

ബീജിങ്: ചൈനയിലെ ഇസ്രായേല്‍ എംബസി ഉദ്യോഗസ്ഥനു നേരെ ആക്രമണം. കുത്തേറ്റ ഉദ്യോഗസ്ഥനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിച്ചുവെന്നും അപകടനില തരണം ചെയ്തുവെന്നും ഇസ്രയേല്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ചയാണ് ഒരു സൂപ്പര്‍ മാര്‍ക്കറ്റിനു മുന്നില്‍ വച്ച് ആക്രമണമുണ്ടായത്.

സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഹമാസിനെ അനുകൂലിക്കുന്ന തരത്തില്‍ ചൈന പ്രസ്താവന നടത്തിയത് ഇസ്രയേല്‍ അംബസഡര്‍ റാഫി ഹാര്‍പാസ് വിമര്‍ശിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം.

ആക്രമണം നടന്നത് ഇസ്രയേല്‍ എംബസിയിലല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയില്‍ ഇസ്രായേല്‍ എംബസി സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ലോകമെമ്പാടുമുള്ള പല രാജ്യങ്ങളുടെയും എംബസികള്‍ സ്ഥിതി ചെയ്യുന്നതിനാല്‍ അതീവ സുരക്ഷാ മേഖലയാണ്.

ആക്രമണത്തിന്റെ പശ്ചാത്തലം പരിശോധിച്ച് വരികയാണെന്ന് ഇസ്രായേല്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു. ഇസ്രായേല്‍ - ഹമാസ് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരമൊരു ആക്രമണം ഉണ്ടായിരിക്കുന്നത്.

നയതന്ത്ര പ്രതിനിധിക്ക് കുത്തേറ്റ സംഭവം ഇസ്രായേലും ചൈനയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. അടുത്തിടെ നടന്ന ഹമാസ് ആക്രമണങ്ങളെ ചൈന അപലപിക്കാത്തതില്‍ ബീജിങ്ങിലെ ഇസ്രായേല്‍ പ്രതിനിധി നിരാശ പ്രകടിപ്പിച്ചു. നിലവിലെ സംഘര്‍ഷത്തില്‍ ചൈനയുടെ നിലപാടിനെക്കുറിച്ചുള്ള ആശങ്കകളെക്കുറിച്ച് ഇസ്രായേല്‍ സര്‍ക്കാര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.

അക്രമ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തെ തുടര്‍ന്ന് ഡല്‍ഹിയിലും സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യു.എസ്.എ, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലും പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.