50 ദിർഹത്തിന് ഒമാനിൽ നിന്ന് യുഎഇയിലേക്ക് ബസ് യാത്ര; അറിയേണ്ടതെല്ലാം

50 ദിർഹത്തിന് ഒമാനിൽ നിന്ന് യുഎഇയിലേക്ക് ബസ് യാത്ര; അറിയേണ്ടതെല്ലാം

മസ്‌കറ്റ്: ഒമാൻ- യുഎഇ രാജ്യങ്ങളെ ബന്ധിപ്പിച്ച് റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർഎകെടിഎ) പുതിയ അന്താരാഷ്ട്ര ബസ് റൂട്ട് പ്രഖ്യാപിച്ചത് ഒക്ടോബർ ആറ് മുതലാണ്. ഉയർന്ന നിരക്കിലുള്ള വിമാനയാത്രയ്ക്ക് കാത്തുനിൽക്കാതെ 50 ദിർഹത്തിന് മനോഹരമായ കാഴ്ചകൾ കണ്ട് നിരത്തിലൂടെ യാത്രചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഏകദേശം മൂന്നു മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താം.

വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ എട്ട് മണിക്കും വൈകുന്നേരം ആറ് മണിക്കും രണ്ട് യാത്രകളാണ് ഇപ്പോൾ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ഒമാനിലെ മുസൻദം മുതൽ യുഎഇയിലെ റാസൽഖൈമ വരെയാണ് ബസ് സർവീസ്. ഇതേസമയങ്ങളിൽ ഒമാനിലെ ഖസബ് പ്രവിശ്യയിൽ നിന്ന് റാസൽഖൈമയിലേക്കും യാത്ര ആരംഭിക്കും.

പ്രകൃതി സുന്ദരമായ ഒമാനിലെ സലാല ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ കാണാൻ പോകുന്ന യുഎഇ നിവാസികൾക്കും ദുബായ് ഉൾപ്പെടെയുള്ള യുഎഇയിലെ നഗരമനോഹാരിത ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ഒമാനിലെ സ്വദേശികൾക്കും വിദേശികൾക്കുമെല്ലാം ബസ് യാത്ര ഉപയോഗപ്പെടുത്താവുന്നതാണ്. ജോലി ആവശ്യാർത്ഥം ഇടയ്ക്കിടെ ഈ പ്രദേശങ്ങൾ സന്ദർശിക്കേണ്ട സ്വദേശി-വിദേശി തൊഴിലാളികൾക്കാണ് സർവീസ് കൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനം.

ഒമാനിലെ മുസൻദം ഗവർണറേറ്റുമായി സഹകരിച്ചാണ് റാസൽഖൈമ ഗവർണറേറ്റ് സർവീസ് നടത്തുന്നത്. 2023 ഓഗസ്റ്റ് 30നാണ് ഗവർണറേറ്റുകൾ ഇതു സംബന്ധിച്ച കരാർ ഒപ്പുവച്ചത്. റാസൽഖൈമയിൽ മൂന്നും ഒമാനിൽ അഞ്ചും സ്ഥലങ്ങളിലാണ് ബസ് നിർത്തുക. വെബ്‌സൈറ്റ് വഴിയും ആപ്ലിക്കേഷനിലൂടെയും ബസ് സ്റ്റേഷനിലും ടിക്കറ്റ് ബുക്ക് ചെയ്യാനും ബസ്സിനുള്ളിൽ വച്ച് നേരിട്ട് ടിക്കറ്റെടുക്കാനും യാത്രക്കാർക്ക് സാധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.