പാരീസ്: ഉക്രെയ്ന്‍ അധിനിവേശത്തിനെതിരെ റഷ്യയിലെ സര്‍ക്കാര്‍ മാധ്യമത്തിലൂടെ പ്രതിഷേധിച്ച് ശ്രദ്ധ നേടിയ മാദ്ധ്യമപ്രവര്‍ത്തക മറീന ഒവ്സ്യാനികോവയ്ക്ക് ഫ്രാന്‍സില്‍ വിഷബാധയേറ്റതായി റിപ്പോര്‍ട്ട്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് മറീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് മറീന റഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 'ചാനല്‍ 1' ന്റെ ലൈവ് വാര്‍ത്താ ബുള്ളറ്റിനിടെ യുദ്ധവിരുദ്ധ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചത്.
പാരീസിലെ തന്റെ അപ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ തുറന്ന ശേഷമാണ് അസ്വസ്ഥതയുണ്ടായതെന്നും പൗഡര്‍ പോലുള്ള എന്തോ ഒന്ന് വാതിലില്‍ പുരണ്ടിരുന്നെന്നും മറീന പൊലീസിന് മൊഴി നല്‍കി. ഇതോടെ ഫ്രഞ്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് സംഘം മറീനയുടെ അപ്പാര്‍ട്ട്‌മെന്റ് പരിശോധിച്ചു. മറീനയുടെ നില തൃപ്തികരമാണെന്നും വിഷബാധയേറ്റെന്ന സാദ്ധ്യത തള്ളിക്കളയില്ലെന്നും പൊലീസ് പറഞ്ഞു.
'ചാനല്‍ വണ്ണില്‍' എഡിറ്ററായി ജോലി ചെയ്യുകയായിരുന്നു മറീന. വാര്‍ത്ത വായിച്ചിരുന്ന ന്യൂസ് റീഡറുടെ പിന്നിലെത്തിയ മറീന 'യുദ്ധം അവസാനിപ്പിക്കൂ. ഇത് വിശ്വസിക്കരുത്. ഇവര്‍ ഇവിടെയിരുന്ന് കള്ളം പറയുകയാണ്' എന്നെഴുതിയ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചു. പിന്നാലെ വാര്‍ത്താ വായന തടസപ്പെട്ടു.
ഉക്രെയിനില്‍ നടത്തുന്ന 'പ്രത്യേക സൈനിക നടപടി' സംബന്ധിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതും 'യുദ്ധം' എന്ന് വിശേഷിപ്പിക്കുന്നതും തടയാന്‍ റഷ്യയില്‍ നിയമം പാസാക്കിയിരുന്നു. 15 വര്‍ഷം വരെ ജയില്‍ ശിക്ഷയോ പിഴയോ ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണിവ. ഇത് പ്രകാരം മറീനയ്‌ക്കെതിരെ കേസെടുത്തിരുന്നു.
മറീനയില്‍ നിന്ന് 30,000 റൂബിള്‍സ് പിഴ ഈടാക്കി. വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തു. ഇതിനിടെ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് സംഘടനയുടെ സഹായത്തോടെ 12 വയസുള്ള മകളുമായി 45കാരിയായ മറീന റഷ്യ വിട്ട് പാരീസിലെത്തി. കഴിഞ്ഞാഴ്ച റഷ്യന്‍ കോടതി മറീനയ്ക്ക് എട്ടര വര്‍ഷം ജയില്‍ശിക്ഷയും വിധിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.