ടെഹ്‌റാന്‍: വിഖ്യാത ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ ദാരിയൂഷ് മെര്‍ജൂയിയെയും ഭാര്യയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇരുവരെയും വീട്ടില്‍ കുത്തിക്കൊലപ്പെടുത്തിയ നിലയിലായിരുന്നു കണ്ടെത്തിയതെന്ന് ഇറാനിയന്‍ ജുഡീഷ്യറി ഉദ്യോഗസ്ഥനായ ഹൊസൈന്‍ ഫസെലിയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരുടെ കഴുത്തിലാണ് കുത്തേറ്റതെന്നാണ് ഐആര്‍എന്‍എ റിപ്പോര്‍ട്ട്.
1970കളിലെ ഇറാനിയന്‍ നവതരംഗ സിനിമകളുടെ ഉപജ്ഞാതാക്കളില്‍ ഒരാളാണ് ദാരിയൂഷ് മെര്‍ജൂയി. 2015-ല്‍ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സമഗ്ര സംഭവാനയ്ക്കുള്ള പുരസ്‌കാരം ദാരിയൂഷ് മെര്‍ജൂയിക്കായിരുന്നു.
ടെഹ്റാനില്‍ നിന്ന് 30 കിലോമീറ്റര്‍ മാറിയുള്ള അതിര്‍ത്തിപ്രദേശത്തുള്ള വീട്ടിലാണ് ദാരിയൂഷും ഭാര്യയും താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തിയ ദാരിയൂഷ് മെര്‍ജൂയിയുടെ മകള്‍ മോണ മെര്‍ജൂയിയാണ് ഇരുവരും കൊല്ലപ്പെട്ടത് ആദ്യം കണ്ടത്. ഇവര്‍ ഉടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന് സംവിധായകന്റെ ഭാര്യ വഹിദെ മുഹമ്മദീഫറി ഏതാനും നാളുകള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കൊലപാതകത്തിലേക്ക് നയിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു.
83 കാരനായ മെര്‍ജൂയി 1970 കളുടെ തുടക്കത്തില്‍ ഇറാനിലെ നവതരംഗ സിനിമ പ്രസ്ഥാനത്തില്‍ പ്രധാന പങ്കുവഹിച്ച സംവിധായകനാണ്. 1998 ലെ ചിക്കാഗോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്ന് സില്‍വര്‍ ഹ്യൂഗോയും 1993 ലെ സാന്‍ സെബാസ്റ്റ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ സീഷെലും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 1969-ല്‍ പുറത്തിറങ്ങിയ ദ കൗ എന്ന ചിത്രം അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളില്‍ ഒന്നാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.