​ദൈവ വിശ്വാസമാണ് തന്റെ എഴുത്തിനെ പ്രചോദിപ്പിക്കുന്നതെന്ന് നൊബേൽ സമ്മാന ജേതാവ് ജോൺ ഫോസെ

​ദൈവ വിശ്വാസമാണ് തന്റെ എഴുത്തിനെ പ്രചോദിപ്പിക്കുന്നതെന്ന്  നൊബേൽ സമ്മാന ജേതാവ് ജോൺ ഫോസെ

സ്റ്റോക്ക്ഹോം: ദൈവത്തിലുള്ള വിശ്വാസമാണ് തന്റെ എഴുത്തിനെ പ്രചോദിപ്പിക്കുന്നതെന്ന് ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ നോർവീജിയൻ എഴുത്തുകാരൻ ജോൺ ഫോസെ. ഗദ്യസാഹിത്യത്തിനും നാടകവേദിക്കും നൽകിയ സംഭാവനകൾ പരി​ഗണിച്ചായിരുന്നു ജോൺ ഫോസെന് പുരസ്കാരം ലഭിച്ചത്.

നിരീശ്വരവാദിയായിരുന്ന ജോൺ ഫോസെ ഓസ്ലോയിലെ സാങ്ക്റ്റ് ഡൊമിനിക്കിന്റെ ആശ്രമ ദേവാലയത്തിൽവെച്ച് 2013ലാണ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത്. കത്തോലിക്ക വിശ്വാസം സ്വീകരിച്ചതിനു പിന്നാലെ ഫോസെ ദൈവവചനത്തിന്റെ ആരാധകനായി തുടരുകയും അത് തന്റെ ജീവിതത്തിലെ ഒരു പ്രധാനമുള്ള ഒന്നായി കണക്കാക്കുകയും ചെയ്യുന്നു.

'വർഷങ്ങളായി മദ്യപാനിയായിരുന്നു. പക്ഷേ അത് ആർക്കും ഒരു പ്രശ്നമായിരുന്നില്ല. ഞാൻ അമിതമായി മദ്യപിച്ചതിന് പല കാരണങ്ങളുണ്ട്. എന്നാൽ മദ്യം പൂർണമായും പിടിമുറുക്കിയപ്പോൾ അത് വലിയ പ്രശ്നമാവുകയും എഴുത്തിനെ ബാധിക്കുകയും ചെയ്തു. കത്തോലിക്കാ മതത്തിലേക്കുള്ള പരിവർത്തനത്തിനുശേഷം മദ്യപാനം നിർത്തി. ഭാര്യ അന്നയും ‌കത്തോലിക്ക മതം സ്വീകരിച്ചു'- ഫോസെ പറയുന്നു.

എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി ശബ്ദങ്ങളിൽ നിന്ന് അകന്നു നിൽക്കുകയാണ്. ഒരിക്കലും ടിവി കാണുകയോ റേഡിയോ കേൾക്കുകയോ ഇല്ല. അപൂർവ്വമായി സംഗീതം കേൾക്കുന്നു. ഏകാന്തതയെ പിന്തുടരുന്നതിനിടയിൽ എഴുത്തിനെ ഒരു കുമ്പസാരമായും പ്രാർത്ഥനയായും കാണുന്നെന്ന് ഫോസെ പറഞ്ഞു.

16-ആം വയസ്സിൽ നോർവീജിയൻ സഭ വിട്ടതിനുശേഷം ഫോസെ നിരീശ്വരവാദിയായിമാറുകയായിരുന്നു. പിന്നീട് ജർമ്മൻ തത്ത്വചിന്തകനായ മാർട്ടിൻ ഹൈഡെഗറുടെയും മെയിസ്റ്റർ എക്കർട്ട് എന്ന മധ്യകാല എഴുത്തുകാരന്റെയും കൃതികൾ വായിക്കുകയുയും അത് ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്തു. ഒടുവിൽ ഫോസെ കത്തോലിക്ക ദൈവാലയം ഭവനമായി കണക്കാക്കുകയും കത്തോലിക്ക വിശ്വാസം സ്വീകരിക്കുകയും ചെയ്തു.

നോർവീജിയനിൽ എഴുതിയ ഫോസെയുടെ കലാസൃഷ്ടികൾ വിവിധ വിഭാഗങ്ങളിൽ വരുന്നതാണ്. നാടകങ്ങൾ, നോവലുകൾ, കവിതാ സമാഹാരങ്ങൾ, ഉപന്ന്യാസങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ, പരിഭാഷകൾ എന്നിവ അതിൽ വരും. ഇന്ന് ലോകത്ത് തന്നെ ഫോസെയുടെ രചനകൾ വ്യാപകമായി നാടകങ്ങളാക്കാറുണ്ട്. ഹോസെയുടെ പ്രഥമ നോവലായ റോഡ്റ്റ് സ്വാർട്ട് 1983ലാണ് പുറത്തിറങ്ങിയത്. ആത്മഹത്യയായിരുന്നു ഇതിന്റെ പ്രധാന ഇതിവൃത്തം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.