നാഗോര്‍ണോ-കരാബാഖിലെ മാനുഷിക പ്രതിസന്ധിയില്‍ ആശങ്ക പ്രകടിപ്പിച്ച് മാര്‍പ്പാപ്പ; ആരാധനാലയങ്ങള്‍ സംരക്ഷിക്കാനും ആഹ്വാനം

നാഗോര്‍ണോ-കരാബാഖിലെ മാനുഷിക പ്രതിസന്ധിയില്‍ ആശങ്ക പ്രകടിപ്പിച്ച് മാര്‍പ്പാപ്പ; ആരാധനാലയങ്ങള്‍ സംരക്ഷിക്കാനും ആഹ്വാനം

വത്തിക്കാന്‍ സിറ്റി: അസര്‍ബൈജാന്റെ അധിനിവേശത്തെ തുടര്‍ന്ന് ജന്മനാടായ നാഗോര്‍ണോ-കരാബാഖില്‍ നിന്ന് പലായനം ചെയ്ത അര്‍മേനിയന്‍ വംശജരായ ക്രിസ്ത്യാനികളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ. വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ഞായറഴ്ച നടന്ന ആഞ്ചലൂസ് പ്രാര്‍ഥനയ്ക്കു ശേഷമാണ് പാപ്പാ തന്റെ ആശങ്ക ഒരിക്കല്‍ക്കൂടെ ലോകരാഷ്ട്രങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയത്.

വംശഹത്യ ഭയന്ന് 120,000 അര്‍മേനിയക്കാരില്‍ ഏകദേശം 100,000 പേര്‍ ഈ പ്രദേശം വിട്ട് പലായനം ചെയ്തിട്ടുണ്ട്.

'നാഗോര്‍ണോ-കരാബാഖിലെ പ്രതിസന്ധിയെക്കുറിച്ചുള്ള എന്റെ ആശങ്കയ്ക്ക് അയവില്ല. അതുപോലെതന്നെ, കുടിയൊഴിപ്പിക്കപ്പെട്ടവരുടെ മാനുഷികസാഹചര്യത്തെക്കുറിച്ചുള്ള എന്റെ ഉത്കണ്ഠയും കുറയുന്നില്ല; അത് ഗുരുതരമാണ്' - പാപ്പാ ഓര്‍മിപ്പിച്ചു.

ഈ പ്രദേശത്തെ ആശ്രമങ്ങളുടെയും ആരാധനാലയങ്ങളുടെയും സംരക്ഷണത്തിനായി മാര്‍പാപ്പ പ്രത്യേക അഭ്യര്‍ഥന നടത്തി. 'അവയെ പ്രാദേശികസംസ്‌കാരത്തിന്റെ ഭാഗമായി ബഹുമാനിക്കാനും സംരക്ഷാനും കഴിയണം. അവ വിശ്വാസത്തിന്റെ പ്രകടനവും സാഹോദര്യത്തിന്റെ അടയാളവുമാണ്. വ്യത്യാസങ്ങളില്‍ ഒരുമിച്ചുജീവിക്കാന്‍ അവ നമ്മെ പ്രേരിപ്പിക്കും' - പാപ്പാ പറഞ്ഞു.

റഷ്യ പുതിയ സമാധാന ചര്‍ച്ചകള്‍ക്ക് ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് നാഗോര്‍ണോ കരാബാക്കിലെ ആരാധനാലയങ്ങള്‍ സംരക്ഷിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അസര്‍ബൈജാനോട് അഭ്യര്‍ത്ഥിച്ചത്.

2020 സെപ്റ്റംബറില്‍ യുദ്ധം ആരംഭിച്ചതു മുതല്‍ ആറു സാംസ്‌കാരിക കേന്ദ്രങ്ങള്‍ നശിപ്പിക്കപ്പെട്ടു. ഏഴ് എണ്ണത്തിന് കേടുപാടുകള്‍ സ്ഥിരീകരിച്ചു.

അസര്‍ബൈജാന്റെ ആക്രമണത്തെ തുടര്‍ന്ന് അഭയംതേടി കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ അര്‍മേനിയയിലേക്ക് പലായനം ചെയ്തിരുന്നു. സെപ്റ്റംബര്‍ 16-ന് ഇന്ധനടാങ്ക് പൊട്ടിത്തെറിച്ച് 68 അഭയാര്‍ഥികള്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒക്ടോബര്‍ ഒന്നിനു നടന്ന ത്രികാല പ്രാര്‍ഥനയ്ക്കിടെയും മാര്‍പാപ്പ നാഗോര്‍ണോ-കരാബാഖിലെ ക്രിസ്ത്യാനികളുടെ കാര്യത്തില്‍ ആശങ്ക അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.