ഭീകരാക്രമണം; തീവ്രവാദ ആശയങ്ങള്‍ പിന്തുടരുന്ന വിദേശ കുടിയേറ്റക്കാരെ നാടുകടത്താനൊരുങ്ങി ഫ്രാന്‍സ്

ഭീകരാക്രമണം; തീവ്രവാദ ആശയങ്ങള്‍ പിന്തുടരുന്ന വിദേശ കുടിയേറ്റക്കാരെ നാടുകടത്താനൊരുങ്ങി ഫ്രാന്‍സ്

പാരിസ്: മതമുദ്രവാക്യം മുഴക്കി അധ്യാപകനെ കൊലപ്പെടുത്തിയ സംഭവം ഭീകരാക്രമണമാണെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് തീവ്ര ആശയങ്ങള്‍ പിന്തുടരുന്ന വിദേശ കുടിയേറ്റക്കാര്‍ക്കെതിരേ കടുത്ത നടപടിക്കൊരുങ്ങി ഫ്രാന്‍സ്.

തീവ്രവാദ ബന്ധമുള്ളതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്ന വിദേശ കുടിയേറ്റക്കാരുടെ പശ്ചാത്തലം പരിശോധിച്ച് അവരെ നാടുകടത്താന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നിര്‍ദേശിച്ചതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ആഴ്ച്ചയാണ് ഫ്രാന്‍സിലെ വടക്കുകിഴക്കന്‍ നഗരമായ അരാസിലെ ഒരു പബ്ലിക് സ്‌കൂളിലുണ്ടായ കത്തി ആക്രമണത്തില്‍ അധ്യാപകന്‍ കൊല്ലപ്പെട്ടത്. മതമുദ്രാവാക്യം മുഴക്കിയാണ് ഫ്രഞ്ച് ഭാഷാ അധ്യാപകനെ അക്രമി കുത്തിവീഴ്ത്തിയത്. സംഭവത്തില്‍ 20 വയസ് പ്രായമുള്ള ചെചെന്‍ വംശജനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്തെ നടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കുടിയേറ്റക്കാരുടെ തീവ്രവാദ ബന്ധം പരിശോധിച്ച് നാടുകടത്താന്‍ ഫ്രാന്‍സ് ഭരണകൂടം സുപ്രധാന നീക്കം നടത്തുന്നത്.

ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഫ്രാന്‍സിലെ മുസ്ലീം, ജൂത സമുദായങ്ങള്‍ തമ്മിലുള്ള ബന്ധം അടുത്തിടെയായി മോശമായിരുന്നു. അതിനിടെയാണ് പബ്ലിക് സ്‌കൂളില്‍ കത്തി ആക്രമണം ഉണ്ടായത്. തുടര്‍ന്ന് രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ബോംബ് ഭീഷണിയും ഉണ്ടായി. ഇതേത്തുടര്‍ന്ന് രാജ്യത്ത് അതീവ ജാഗ്രതയിലാണ് പൊലീസും സൈന്യവും.

അതിനിടെ, പലസ്തീന്‍ അനുകൂല പ്രകടനങ്ങളും ഫ്രഞ്ച് ഗവണ്‍മെന്റ് നിരോധിച്ചിരുന്നു. ഉത്തരവ് ലംഘിക്കുന്ന വിദേശ പൗരന്മാരെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ദര്‍മാനിന്‍ മുന്നറിയിപ്പ് നല്‍കി.

ദേശീയ സുരക്ഷ തന്നെ അപകടത്തിലായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടിക്കൊരുങ്ങുന്നത്. രഹസ്യാന്വേഷണ ഏജന്‍സികള്‍ തയ്യാറാക്കിയ തീവ്രവാദ ബന്ധമുള്ള ആളുകളുടെ ഫയലുകള്‍ വിശദമായി പരിശോധിക്കാന്‍ പ്രാദേശിക അധികാരികള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എല്ലാ കേസുകളും വിശദമായി പരിശോധിക്കാന്‍ 48 മണിക്കൂര്‍ സമയമാണ് അനുവദിച്ചിരിക്കുന്നത്.

സ്‌കൂളിലുണ്ടായ ആക്രമണത്തെ 'ഇസ്ലാമിക ഭീകരതയുടെ ക്രൂരമായ മുഖം' എന്നാണ് ഇമ്മാനുവല്‍ മാകോണ്‍ വിശേഷിപ്പിച്ചത്. റഷ്യയിലെ കോക്കസസില്‍ നിന്നുള്ള യുവാക്കളെ പ്രത്യേകം നിരീക്ഷിക്കാന്‍ ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

'റഷ്യന്‍ പൗരന്മാരുടെ അറുപതോളം റെക്കോഡുകള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ കൈയിലുണ്ട്. അവരില്‍ ചെചെന്‍ വംശജരുമുണ്ട്. അപകടകാരികളായ ഇവരെ ആസൂത്രിതമായി പുറത്താക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.