ന്യൂയോര്‍ക്ക്: ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് റഷ്യ അവതരിപ്പിച്ച പ്രമേയം യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ തള്ളി. ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമേയം തള്ളിയത്.
ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം യു.എന്നില്‍ ചര്‍ച്ച ചെയ്ത ആദ്യ പ്രമേയം ആയിരുന്നു റഷ്യയുടേത്. ഗാസയില്‍ മാനുഷിക പരിഗണനയുടെ പേരില്‍ ഉടന്‍ സമ്പൂര്‍ണ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യണം എന്നായിരുന്നു ഒരു പേജിലുള്ള പ്രമേയത്തില്‍ റഷ്യ ആവശ്യപ്പെട്ടത്. ബന്ദികളെ എത്രയും വേഗം മോചിപ്പിക്കണമെന്നും സംഘര്‍ഷ മേഖലയില്‍ നിന്ന് സിവിലിയന്‍മാരെ ഉടന്‍ മോചിപ്പിക്കണമെന്നും റഷ്യ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ 15 അംഗ സെക്യൂരിറ്റി കൗണ്‍സിലില്‍ അഞ്ച് വോട്ട് മാത്രമാണ് പ്രമേയത്തിന് അനുകൂലമായി ലഭിച്ചത്. റഷ്യയ്ക്ക് പുറമേ ചൈന, ഗാബോണ്‍, മൊസംബിക്, യുഎഇ എന്നിവരാണ് പ്രമേയത്തെ അനുകൂലിച്ചത്. ഫ്രാന്‍സ്, ജപ്പാന്‍, യു.കെ, യു.എസ് എന്നിവര്‍ പ്രമേയത്തിന് എതിരായി വോട്ട് ചെയ്തു.
അല്‍ബേനിയ, ബ്രസീല്‍, ഇക്വഡോര്‍, ഘാന, മാള്‍ട്ട, സ്വിസര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. കൗണ്‍സിലില്‍ ഒരു പ്രമേയം അംഗീകരിക്കപ്പെടണമെങ്കില്‍ അനുകൂലമായി കുറഞ്ഞത് ഒമ്പത് വോട്ടുകളെങ്കിലും ലഭിക്കണം. അഞ്ച് സ്ഥിരാംഗങ്ങളില്‍ ആരും എതിര്‍ക്കുകയോ വീറ്റോ ചെയ്യുകയോ ചെയ്യാനും പാടില്ല.
സിവിലിയന്‍മാര്‍ക്ക് എതിരായ എല്ലാ ആക്രമണങ്ങളെയും പ്രമേയം ശക്തമായി അപലപിച്ചെങ്കിലും ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തെ കുറിച്ച് പരാമര്‍ശിച്ചില്ല. ഹമാസിനെ അപലപിക്കാത്തതിലൂടെ റഷ്യ സാധാരണക്കാരോട് ക്രൂരത കാട്ടിയ ഒരു ഭീകര സംഘടനയ്ക്ക് കവചം തീര്‍ക്കുകയാണെന്ന് അമേരിക്ക ആരോപിച്ചു. ഹമാസിന്റെ ഭീകരതയെ അവഗണിച്ച് ഇരകളെ അപമാനിക്കുന്ന റഷ്യയുടെ പ്രമേയത്തെ പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്നും അമേരിക്ക കൂട്ടിച്ചേര്‍ത്തു.
സിവിലിയന്‍മാര്‍ കൊല്ലപ്പെടുന്നത് കുറയ്ക്കാനും മാനുഷിക സഹായങ്ങള്‍ എത്തിക്കാനും സാധ്യമാകുന്ന എല്ലാ നടപടികളും സ്വീകരിക്കേണ്ടതുണ്ടെന്നും ഹമാസിനെ പരാമര്‍ശിക്കാതെയുള്ള റഷ്യയുടെ പ്രമേയം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും യു.കെ നിലപാട് സ്വീകരിച്ചു.
സംയമനം പാലിക്കാനുള്ള ആഹ്വാനത്തിന് മുന്‍പ് യു.എന്‍ സ്വീകരിക്കേണ്ട ആദ്യ നടപടി ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുകയാണെന്ന് യു.എന്നിലെ ഇസ്രയേല്‍ സ്ഥിരം പ്രതിനിധി ഗിലാഡ് എര്‍ദന്‍ പറഞ്ഞു. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ സെക്യൂരിറ്റി കൗണ്‍സില്‍ പിന്തുണയ്ക്കമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പലസ്തീനികളുടെ ജീവന്‍ പ്രശ്നമല്ലെന്ന സൂചന യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ നല്‍കരുതെന്ന് യു.എന്നിലെ പലസ്തീന്‍ പ്രതിനിധി റിയാദ് മന്‍സൂര്‍ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.