സീ ന്യൂസ് ലൈവിന്റെ ആഭിമുഖ്യത്തില്‍ പെര്‍ത്തില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഫാ. സിനോള്‍ മാത്യു വി.സി ഉദ്ഘാടനം ചെയ്യുന്നു. സെന്റ് ജോസഫ് സീറോ മലബാര്‍ ഇടവക വികാരി ഫാ. അനീഷ് ജെയിംസ്, സീ ന്യൂസ് ലൈവ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ലിസി കെ ഫെര്‍ണാണ്ടസ്, അഡൈ്വസറി എഡിറ്റര്‍ പ്രകാശ് ജോസഫ്, ഓസ്‌ട്രേലിയ കോര്‍ഡിനേറ്റര്‍ മാത്യൂ മത്തായി, ലൈസ മാത്യൂ, ജോളി രാജു, റൈസന്‍ ജോസ് എന്നിവര്‍ സമീപം.
പെര്‍ത്ത്: ആധുനിക ഡിജിറ്റല്‍ ലോകത്ത് സംസ്‌കാരവും മൂല്യങ്ങളും സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി പെര്‍ത്തില്‍ സംഘടിപ്പിച്ച മാധ്യമ അവബോധ സെമിനാര്‍ ശ്രദ്ധേയമായി. മാധ്യമങ്ങളെ, പ്രത്യേകിച്ച് സമൂഹ മാധ്യമങ്ങളെ ഉത്തരവാദിത്തത്തോടും വിവേകത്തോടും കൂടി ഉപയോഗിച്ചില്ലെങ്കില്‍ സാംസ്‌കാരികത്തകര്‍ച്ചയും മൂല്യങ്ങളുടെ അപചയവും അതിവേഗത്തിലാകുമെന്നുള്ള ഉള്‍ക്കാഴ്ച്ച സെമിനാര്‍ പങ്കുവെച്ചു.
സീ ന്യൂസ് ലൈവിന്റെ ആഭിമുഖ്യത്തില്‍ പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ പാരിഷ് ഹാളില്‍ ഇന്നലെ വൈകുന്നേരം സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ 130-ലേറെ പേര്‍ പങ്കെടുത്തു. മാനുഷിക നിയമങ്ങള്‍, ധാര്‍മികത, മൂല്യങ്ങള്‍, തെറ്റു തിരുത്തല്‍, സഹജീവികളോടുള്ള സ്‌നേഹം പ്രകടിപ്പിക്കല്‍ എന്നീ സുകൃതങ്ങളില്‍ നിന്ന് മാധ്യമങ്ങള്‍ ഒരു കാലത്തും പിന്നോട്ടു പോകരുതെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ഫാ. സിനോള്‍ മാത്യു വി.സി ഓര്‍മിപ്പിച്ചു. സമൂഹ മാധ്യമങ്ങളിലെ ഓരോ പോസ്റ്റുകള്‍ക്കും പിന്നില്‍ ഉന്നതമായ ലക്ഷ്യങ്ങള്‍ ഉണ്ടാവണം. സ്വന്തം മഹത്വം നോക്കാതെ സമൂഹ നന്മയും അപരനെ പ്രോല്‍സാഹിപ്പിക്കുന്നതുമായിരിക്കണം ലക്ഷ്യം. സഭയെയും സമൂഹത്തെയും വളര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതായിരിക്കണം സമൂഹ മാധ്യമങ്ങളിലെ ഓരോ ഇടപെടലുകളും - ഫാ. സിനോള്‍ മാത്യു കൂട്ടിച്ചേര്‍ത്തു.
ഫാ. സിനോള്‍ മാത്യു വി.സി
സമൂഹ മാധ്യമങ്ങളില്‍ വരുന്ന സന്ദേശങ്ങളില്‍ തെറ്റേത് ശരിയേത് എന്ന് വിവേചിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ് മാതാപിതാക്കളും കുട്ടികളും. നിയന്ത്രണം ഇല്ലാതെ കുട്ടികള്‍ക്ക് ടിവി വച്ചുകൊടുക്കുമ്പോള്‍ തിന്മ അവരിലേക്കു കയറുന്നു. ഇത്തരം മാധ്യമ അവബോധ സെമിനാറുകളുടെ പ്രസക്തി അവിടെയാണ്. ദൈവം ജനങ്ങളോടു സംസാരിക്കാന്‍ ഉപയോഗിക്കുന്ന മാധ്യമമായിരുന്നു പ്രവാചകന്മാരെന്നും ഫാ. സിനോള്‍ പറഞ്ഞു.
ഫാ. അനീഷ് ജെയിംസ് വി.സി
മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സെമിനാറില്‍ അധ്യക്ഷത വഹിച്ച പെര്‍ത്ത് സെന്റ് ജോസഫ് സീറോ മലബാര്‍ ഇടവക വികാരി ഫാ. അനീഷ് ജെയിംസ് വി.സി അഭിപ്രായപ്പെട്ടു.
സീ ന്യൂസ് ലൈവ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ലിസി കെ ഫെര്‍ണാണ്ടസ്
സീ ന്യൂസ് ലൈവ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ലിസി കെ ഫെര്‍ണാണ്ടസ് മുഖ്യ പ്രഭാഷണം നടത്തി. വൈദികര്‍ക്കെതിരേ ദുഷ്പ്രചാരണങ്ങള്‍ നടത്തി സഭയെയും വിശ്വാസത്തെയും തകര്‍ക്കാനുള്ള സാമൂഹിക ഇടപെടലുകള്‍ അനിയന്ത്രിതമായി വര്‍ധിച്ച പശ്ചാത്തലത്തിലാണ് സീ ന്യൂസ് ലൈവ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ പിറവി. മാധ്യമ രംഗത്തെ തെറ്റായ പ്രവണതകള്‍ തുറന്നുകാട്ടുകയും വിശ്വാസ മേഖലയില്‍ അതിശക്തമായ പ്രതിരോധം തീര്‍ക്കുന്നതിനൊപ്പം ലോകം മുഴുവന്‍ നന്മയുടെയും സ്‌നേഹത്തിന്റെയും പ്രചാരകരാകുന്നതും സീ ന്യൂസ് ലൈവിന്റെ ലക്ഷ്യമാണെന്നു ലിസി കെ ഫെര്‍ണാണ്ടസ് പറഞ്ഞു.
സീ ന്യൂസ് ലൈവ് അഡൈ്വസറി എഡിറ്റര്‍ പ്രകാശ് ജോസഫ്
'മാധ്യമ അവബോധവും ക്രിസ്തീയ ജീവിതവും' എന്ന വിഷയത്തില്‍ സീ ന്യൂസ് ലൈവ് അഡൈ്വസറി എഡിറ്റര്‍ പ്രകാശ് ജോസഫ് പ്രഭാഷണം നടത്തി. ഫാ. ബിബിന്‍ വേലമ്പറമ്പില്‍ പ്രാര്‍ത്ഥനയും സീ ന്യൂസ് ലൈവ് ഓസ്‌ട്രേലിയ കോര്‍ഡിനേറ്റര്‍ മാത്യൂ മത്തായി നന്ദിയും പറഞ്ഞു.
ഫാ. ബിബിന്‍ വേലമ്പറമ്പില്‍
സെക്രട്ടറി ജോളി രാജു ചടങ്ങില്‍ എം.സി ആയിരുന്നു. ഇന്റര്‍നാഷണല്‍ ടെക്‌നിക്കല്‍ ടീം അംഗം റൈസന്‍ ജോസ്, ലൈസ മാത്യൂ, സജി വര്‍ഗീസ്, ബിനോ പോളശേരി, എബ്രഹാം ചാക്കോ, ഷാജു ജോണ്‍, രാജു അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ഫോട്ടോ: ബിജു പെര്‍ത്ത്
സ്പോൺസേഴ്സ്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.