അഞ്ച് വിമാനങ്ങളിലായി ഇതുവരെ 1,200 പേരെ ഒഴിപ്പിച്ചു.
ന്യൂഡല്‍ഹി: ഗാസയില്‍ ഇപ്പോള്‍ നിലവിലുള്ള നാല് ഇന്ത്യക്കാരെ ഉടനെ ഒഴിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇവരെ ഒഴിപ്പിക്കാന്‍ കഴിയുന്ന സാഹചര്യമല്ല നിലവിലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
അനുകൂലമായ ആദ്യ അവസരത്തില്‍ തന്നെ നാല് പേരേയും നാട്ടിലെത്തിക്കുമെന്നും അദേഹം അറിയിച്ചു. ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അഞ്ച് വിമാനങ്ങളിലായി ഇതുവരെ 1,200 പേരെ ഇന്ത്യ ഇസ്രയേലില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. 18 നേപ്പാള്‍ സ്വദേശികള്‍ ഉള്‍പ്പെടെയാണിത്.
അവശേഷിക്കുന്ന നാല് പേരില്‍ ഒരാള്‍ വെസ്റ്റ് ബാങ്കിലാണുള്ളത്. യുദ്ധത്തില്‍ ഗാസയിലുള്ള ഇന്ത്യക്കാര്‍ക്ക് ആര്‍ക്കെങ്കിലും പരിക്കേറ്റതായോ ജീവന്‍ നഷ്ടമായതായോ വിവരമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. നേരത്തെ അഷ്‌കലോണില്‍ കണ്ണൂര്‍ സ്വദേശിനിയായ കെയര്‍ ഗിവര്‍ക്ക് ഹമാസിന്റെ മിസൈല്‍ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
ഭീകരവാദത്തെ നേരിടുന്നതില്‍ രാജ്യം ഇസ്രയേലിനൊപ്പമാണെന്ന നിലപാട് ഇന്ത്യ ഇന്നും ആവര്‍ത്തിച്ചു. ഇസ്രയേലിന് നേരെ നടന്ന ആക്രമണത്തില്‍ ഇന്ത്യയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും ഇതില്‍ ഉറച്ചു നില്‍ക്കുന്നതായും വിദേശകാര്യ വക്താവ് വ്യക്തമാക്കി. അതേ സമയം എല്ലാ മാനുഷിക ചട്ടങ്ങളും പാലിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ ഇസ്രയേലിനെ പിന്തുണച്ച ആദ്യ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഹമാസിന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി എല്ലാ തരം ഭീകരവാദത്തെയും എതിര്‍ക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ പലസ്തീനിലിലെ ഇസ്രയേലിന്റെ ആക്രമണത്തെയും അധിനിവേശത്തെയും അപലപിക്കണമെന്ന കാലങ്ങളായുള്ള നിലപാട് ഇന്ത്യ തുടരണമെന്ന് കോണ്‍ഗ്രസ് അടക്കം പല പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെട്ടു.
ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ നിലപാടിനെ ശക്തമായി ന്യായീകരിച്ച് മുതിര്‍ന്ന ബിജെപി നേതാക്കള്‍ രംഗത്തെത്തി. ലോകത്തെവിടെയായാലും ഭീകരവാദത്തെ എതിര്‍ക്കണമെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു. ഭീകരവാദത്തോടുള്ള സമീപനത്തില്‍ രാഷ്ട്രീയം കൂട്ടിക്കുഴയ്ക്കരുതെന്ന് നിതിന്‍ ഗഡ്കരിയും പ്രതികരിച്ചു.
ഗാസയില്‍ അഞ്ഞൂറിലേറെ പേര്‍ മരിച്ച അല്‍ അഹ് ലി ആശുപത്രിയിലെ സ്‌ഫോടനത്തിന് ശേഷം എങ്ങനെയും സംഘര്‍ഷം അവസാനിപ്പിക്കണം എന്ന നിലപാടിലേക്ക് അറബ് രാജ്യങ്ങള്‍ എത്തിയിട്ടുണ്ടെന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.