ന്യൂഡല്‍ഹി: തോട്ടിപ്പണി പൂര്‍ണമായും ഇല്ലാതായെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പ് വരുത്തണമെന്ന് സുപ്രീം കോടതി. അഴുക്ക് ചാലുകള്‍ വൃത്തിയാക്കുന്ന സമയത്ത് മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് അതാത് സംസ്ഥാന സര്‍ക്കാരുകള്‍ 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
ഓവുചാല്‍ വൃത്തിയാക്കുമ്പോള്‍ ഉണ്ടാകുന്ന അപകടം മൂലം സ്ഥിര അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എസ്. രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്. വിഷയവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയിലാണ് വിധി.
ശുചീകരണത്തൊഴിലാളിക്ക് മറ്റ് ശാരീരിക വിഷമതകള്‍ ഉണ്ടായാല്‍ 10 ലക്ഷം രൂപ വരെ നല്‍കണമെന്നും ജസ്റ്റിസ് ഭട്ട് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഏകോപിപ്പിക്കണമെന്നും മലിന ജല മരണങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ നിരീക്ഷിക്കുന്നതില്‍ നിന്ന് ഹൈക്കോടതികള്‍ക്ക് തടസമില്ലെന്നും ബെഞ്ച് നിര്‍ദേശിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയില്‍ അഴുക്ക് ചാലുകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്നതിനിടെ 347 പേരാണ് മരിച്ചത്. ഈ മരണങ്ങളില്‍ 40 ശതമാനവും ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ്. 2022 ജൂലൈയില്‍ ലോക്സഭയില്‍ അവതരിപ്പിച്ച സര്‍ക്കാര്‍ കണക്കാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.