ബംഗളൂരു: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ മെട്രോ സര്‍വീസ് വെട്ടിച്ചുരുക്കുമെന്ന മുന്നറിയിപ്പുമായി ബംഗളൂരു മെട്രോ. പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന യാത്രക്കാരെ ട്രെയിനില്‍ നിന്ന് ഇറക്കിവിടുമെന്നും ബംഗളൂരു മെട്രോ മുന്നറിയിപ്പില്‍ പറയുന്നു.
നീണ്ട അഞ്ചുമാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നാണ് രാജ്യത്തെ മെട്രോ സര്‍വീസുകള്‍ പുനാരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സര്‍വീസ് നടത്തുന്നത്. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് ബംഗളൂരു മെട്രോ.
സ്‌റ്റേഷനുകളില്‍ അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുകയോ, യാത്രക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവാതിരിക്കുകയോ ചെയ്താല്‍ സര്‍വീസ് വെട്ടിച്ചുരുക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇതിന് പുറമേ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന യാത്രക്കാരെ ട്രെയിനില്‍ നിന്ന് ഇറക്കിവിടുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. നിലവില്‍ യാത്രക്കാര്‍ സാമൂഹിക അകലം പാലിക്കാത്തത് മൂലം ഒരു സ്റ്റേഷനിലും ട്രെയിന്‍ പിടിച്ചിട്ട സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
ഇന്ന് രാവിലെ എട്ടുമണിക്ക് ബയപ്പനഹളളിയിലെ പര്‍പ്പിള്‍ ലൈനില്‍ നിന്നാണ് സര്‍വീസ് ആരംഭിച്ചത്. ഘട്ടം ഘട്ടമായി കൂടുതല്‍ റൂട്ടുകളില്‍ നിന്ന് സര്‍വീസ് പുനരാരംഭിക്കാനാണ് ബംഗളൂരു മെട്രോ തീരുമാനിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.