ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെയും കോടതി കുറ്റവിമുക്തരാക്കി.
മദ്യനയത്തിലെ അഴിമതിയില്‍ സിബിഐ എടുത്ത കേസിലാണ് ഡല്‍ഹി റോസ് അവന്യൂ കോടതിയുടെ നടപടി. ഇവര്‍ക്ക് പുറമേ കേസില്‍ ഉള്‍പ്പെട്ടിരുന്ന മറ്റ് പ്രതികളെയും കോടതി വെറുതെ വിട്ടു.
തെളിവുകളില്ലാതെ കേസില്‍ ഉള്‍പ്പെടുത്തിയതിന് സിബിഐയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കോടതി അറിയിച്ചു.
താനും സിസോദിയയും സത്യസന്ധരാണ്. സത്യം ജയിച്ചു. മോഡിയും അമിത് ഷായും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് അഴിമതി കേസെന്നും കെജരിവാള്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെ അദേഹം പൊട്ടിക്കരയുകയും ചെയ്തു.
ഫെബ്രുവരി 12 ന് സിബിഐയുടെയും പ്രതി ഭാഗത്തിന്റെയും വിശദമായ വാദങ്ങള്‍ കേട്ട ശേഷം കോടതി വിധി പറയാന്‍ കേസ് മാറ്റി വച്ചിരുന്നു. റദ്ദാക്കപ്പെട്ട ഡല്‍ഹി മദ്യനയത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ വരുത്താന്‍ ഏകദേശം ആയിരം കോടി രൂപയുടെ അഴിമതി നടന്നെന്നായിരുന്നു പ്രധാന ആരോപണം.
മദ്യക്കമ്പനികള്‍ക്ക് ഇളവുകള്‍ നല്‍കിയതിലൂടെ ലഭിച്ച കമ്മീഷന്‍ തുക ഗോവ തിരഞ്ഞെടുപ്പിലടക്കം ആം ആദ്മി പാര്‍ട്ടി ഉപയോഗിച്ചുവെന്ന ആരോപണങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്ന് കോടതി കണ്ടെത്തി.
കെജരിവാള്‍, സിസോദിയ, തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ. കവിത തുടങ്ങി 23 പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ഈ ഗൂഢാലോചനയില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നും വിചാരണ നേരിടാന്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നുമാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഡി.പി സിങ് കോടതിയില്‍ വാദിച്ചത്.
കെജരിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എന്‍. ഹരിഹരന്‍ സിബിഐയുടെ ആരോപണങ്ങളെ ശക്തമായി എതിര്‍ത്തു. ആദ്യത്തെ മൂന്ന് അനുബന്ധ കുറ്റപത്രങ്ങളിലും കെജരിവാളിന്റെ പേരുണ്ടായിരുന്നില്ല. നാലാമത്തെ കുറ്റപത്രത്തില്‍ മാത്രമാണ് അദേഹത്തെ ഉള്‍പ്പെടുത്തിയത്.
മുഖ്യമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക ചുമതലകള്‍ മാത്രമാണ് അദേഹം നിര്‍വഹിച്ചത്. ഗൂഢാലോചനയുമായി ബന്ധിപ്പിക്കാന്‍ കെജരിവാളിനെതിരെ വ്യക്തമായ തെളിവുകളില്ലെന്നും പ്രതിഭാഗം വാദിച്ചു. കോടതി വിധി ആം ആദ്മി ക്യാമ്പിന് വലിയ ആശ്വാസമാണ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെ ബിജെപി ഉപയോഗിച്ച പ്രധാന രാഷ്ട്രീയ ആയുധമായിരുന്നു മദ്യനയ അഴിമതി. അരവിന്ദ് കെജരിവാള്‍ നേരിട്ട് പണം വാങ്ങിയെന്നും മനീഷ് സിസോദിയ ഇതിന് ഇടനിലക്കാരനായി നിന്നുവെന്നുമായിരുന്നു ബിജെപിയുടെ പ്രധാന ആരോപണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.