'ബന്ദികളെ വിട്ടയച്ചാല്‍ മാത്രം വെടി നിര്‍ത്തല്‍ ചര്‍ച്ച; ഗാസയിലെ സ്ഥിതി മാര്‍പാപ്പയെ ധരിപ്പിച്ചിട്ടുണ്ട്': ജോ ബൈഡന്‍

'ബന്ദികളെ വിട്ടയച്ചാല്‍ മാത്രം വെടി നിര്‍ത്തല്‍ ചര്‍ച്ച; ഗാസയിലെ സ്ഥിതി  മാര്‍പാപ്പയെ ധരിപ്പിച്ചിട്ടുണ്ട്': ജോ ബൈഡന്‍

വാഷിങ്ടണ്‍: ഹമാസ് ഭീകരര്‍ ബന്ദികളാക്കിയ മുഴുവന്‍ പേരെയും വിട്ടയച്ചതിനു ശേഷമേ ഇനി വെടി നിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് തയാറാകൂവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഭീകരര്‍ക്കെതിരായ നീക്കത്തില്‍ ഇസ്രയേലിന് അമേരിക്ക പൂര്‍ണ പിന്തുണ നല്‍കുമെന്നും വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവേ അദേഹം പറഞ്ഞു.

ഗാസയില്‍ വെടി നിര്‍ത്തല്‍ ആവശ്യമാണ്. എന്നാല്‍ അതിന് മുമ്പ് ബന്ദികളെ മോചിപ്പിക്കേണ്ടതുണ്ട്. അതിനുശേഷം ചര്‍ച്ചകളാകാം. ഗാസയിലെ സ്ഥിതി സംബന്ധിച്ച്  മാര്‍പാപ്പയെ  ധരിപ്പിച്ചിട്ടുണ്ട്. ഗാസയിലെ സംഭവ വികാസങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ജോ ബൈഡന്‍ പറഞ്ഞു. ഇതിനിടെ ഹമാസ് ഇന്നലെ മോചിപ്പിച്ച രണ്ട് ഇസ്രയേലി സ്ത്രീകളെ വിദഗ്ധ ചികിത്സക്കായി ടെല്‍ അവീവിലേക്ക് മാറ്റി.

അതേസമയം ബന്ദികളെ നേരിട്ട് മോചിപ്പിക്കാന്‍ ഗാസയില്‍ പ്രവേശിച്ച ഇസ്രയേല്‍ സൈന്യം തിരച്ചില്‍ തുടരുകയാണ്. പലയിടങ്ങളിലും ഹമാസുമായി ഏറ്റുമുട്ടലുകള്‍ നടക്കുന്നുണ്ട്. ഹമാസിനെ ലക്ഷ്യമിട്ടുള്ള നിയന്ത്രിത ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും വലിയ രീതിയിലുള്ള ആക്രമണത്തിലേക്ക് കടന്നിട്ടില്ലെന്നും ഇസ്രയേല്‍ ഭരണകൂടം വ്യക്തമാക്കി.

അതിനിടെ സംഘര്‍ഷത്തില്‍ ഒറ്റപ്പെട്ടു പോയ ഗാസയിലെ ജനങ്ങള്‍ക്ക് ശുദ്ധജലവും ഭക്ഷണവും നിഷേധിക്കുന്നത് പോലുള്ള നടപടികള്‍ ഇസ്രയേലിന് തന്നെ തിരിച്ചടിയായേക്കാമെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. ഇസ്രയേലിന് ലോക രാജ്യങ്ങളില്‍ നിന്നു ലഭിക്കുന്ന പിന്തുണ ഇടിയാന്‍ ഇത് കാരണമാകുമെന്നും അദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.