ഗാസയിലേക്ക് കടന്നു കയറി ഇസ്രയേല്‍ യുദ്ധ ടാങ്കുകള്‍; കരമാര്‍ഗവും ആക്രമണം തുടങ്ങി: വീഡിയോ

ഗാസയിലേക്ക് കടന്നു കയറി ഇസ്രയേല്‍ യുദ്ധ ടാങ്കുകള്‍; കരമാര്‍ഗവും ആക്രമണം തുടങ്ങി: വീഡിയോ

ഗാസ: വടക്കന്‍ ഗാസയിലേക്ക് കടന്നു കയറി ഇസ്രയേലിന്റെ സൈനിക ടാങ്കുകള്‍. ഇന്നലെ രാത്രിയാണ് നിരവധി യുദ്ധ ടാങ്കുകള്‍ ഗാസ അതിര്‍ത്തിയില്‍ കയറി ഹമാസ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്.

ഹമാസിന്റെ നിരവധി ആയുധ സംഭരണ കേന്ദ്രങ്ങള്‍ നശിപ്പിച്ചതായി സൈന്യം അവകാശപ്പെട്ടു. ആക്രമണത്തിന് ശേഷം കരസേന ഇസ്രയേല്‍ അതിര്‍ത്തിക്കുള്ളിലേക്ക് മടങ്ങിയതായും സൈന്യം അറിയിച്ചു. ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യവെ കരസേന ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു.

ഗാസയില്‍ ബോംബാക്രമണം തുടരുന്നതിനിടെ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈന്യം പരിശോധന ശക്തമാക്കി. അതേസമയം ഇസ്രയേലിന്റെ നടപടിയെ വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ രംഗത്തെത്തി. ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ നിരപരാധികളായ സ്ത്രീകളും കുട്ടികളും വൃദ്ധരുമാണ് കൊല്ലപ്പെടുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും പുടിന്‍ പറഞ്ഞു.

എന്നാല്‍ ഗാസ ഭരിക്കുന്ന ഹമാസിനെ തുടച്ചു നീക്കാതെ പിന്നോട്ടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു.

അതിനിടെ ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ ഇതുവരെ ഗാസയില്‍ മാത്രം മരണം 6,600 ആയി. സ്ഥിതി ചര്‍ച്ച ചെയ്ത യു.എന്‍ രക്ഷാസമിതി യോഗം നാലാം തവണയും സമവായത്തില്‍ എത്താതെ പിരിഞ്ഞു. അമേരിക്ക അവതരിപ്പിച്ച പ്രമേയം ചൈനയും റഷ്യയും വീറ്റോ ചെയ്തതോടെയാണിത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.