പെര്‍ത്ത്: ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നീക്കം ഉടന്‍ ഉണ്ടാകാനിടയില്ലെന്നു സൂചന. മതവിശ്വാസികളായ അധ്യാപകരെ നിയമിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുകയും ക്രൈസ്തവ മൂല്യങ്ങള്‍ക്കു വിരുദ്ധമായി ജീവിക്കുന്നവരെ നിയമിക്കാന്‍ സ്‌കൂളുകളെ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്ന നിയമ ഭേദഗതിക്കെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിനാല്‍ വിവാദ നിയമ ഭേദഗതിക്കുള്ള നീക്കത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ടുവലിയുന്ന റിപ്പോര്‍ട്ടുകളെ വലിയ ആശ്വാസത്തോടെയാണ് വിശ്വാസികള്‍ കാണുന്നത്.
മതപരമായ സ്ഥാപനങ്ങള്‍ക്ക് ഇളവ് അനുവദിച്ചിരുന്ന തുല്യ അവസര നിയമത്തില്‍ ഭേദഗതി വരുത്താനായിരുന്നു സര്‍ക്കാരിന്റെ നീക്കം. നിയമ ഭേദഗതി ശിപാര്‍ശ ചെയ്യുന്ന ബില്‍ സംസ്ഥാന പാര്‍ലമെന്റില്‍ 2023-ല്‍ അവതരിപ്പിക്കാനിരിക്കെയാണ് ബില്ലിന്റെ ഭാവി അനിശ്ചിതത്വത്തിലായത്.
അടുത്തിടെ അബോര്‍ജിനലുകള്‍ക്ക് (തദ്ദേശീയ ജനവിഭാഗം) ഭരണഘടനാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന റഫറണ്ടം ദേശീയ തലത്തില്‍ ജനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. ഈ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് വിശ്വാസികളുടെ വിമര്‍ശനം ഭയന്ന് ക്രിസ്ത്യന്‍ സ്‌കൂളുകളെ നിയന്ത്രിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ മാറിച്ചിന്തിക്കുന്നത്. മറ്റൊരു കാരണം, 2025 ല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ ക്രൈസ്തവ സഭാ നേതാക്കളുമായി ഇടയാന്‍ പ്രീമിയര്‍ റോജര്‍ കുക്കിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനു താല്‍പര്യമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പുതുക്കിയ നിയമം നിലവില്‍ വന്നാല്‍ ക്രൈസ്തവ സഭാ സ്ഥാപനങ്ങളില്‍ വിശ്വാസികളായ ജീവനക്കാരെ നിയമിക്കാന്‍ അധികൃതര്‍ക്ക് അധികാര പരിമിതിയുണ്ടാകും. ഇതുപ്രകാരം സഭയുടെ കീഴിലുള്ള സ്‌കൂളുകളില്‍ വിശ്വാസികളായ ജീവനക്കാരെ നിയമിക്കാന്‍ നിലവിലുണ്ടായിരുന്ന അധികാരം കുറയും. മതപരമായ സ്ഥാപനങ്ങളിലെ ലിംഗാടിസ്ഥാനത്തിലുള്ള വിവേചനം ഒഴിവാക്കുന്നതിനാണ് നിയമം ഭേദഗതി ചെയ്യുന്നതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
കഴിഞ്ഞ ഓഗസ്റ്റില്‍ സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ജോണ്‍ ക്വിഗ്ലിയാണ് പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ തുല്യ അവസര നിയമം പുനഃപരിശോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും പ്രതിജ്ഞയെടുത്തിരുന്നു. ഇത് ക്രൈസ്തവ വിശ്വാസികളുടെ സ്വാതന്ത്ര്യത്തിനു നേരേയുള്ള പ്രഹരമാണെന്ന് കത്തോലിക്ക സഭ വിമര്‍ശനം ഉന്നയിച്ചിരുന്നു.
തുല്യ അവസര നിയമത്തില്‍ ഭേദഗതി വരുത്തുന്നതില്‍ റോജര്‍ കുക്ക് സര്‍ക്കാര്‍ 100 ശതമാനം പ്രതിജ്ഞാബദ്ധമാണെന്ന് സ്റ്റേറ്റ് അറ്റോര്‍ണി വക്താവ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 2025 ലെ തിരഞ്ഞെടുപ്പിന് മുമ്പ് ഈ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കഴിയുമോ എന്ന് സ്ഥിരീകരിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല.
സ്വവര്‍ഗാനുരാഗികളായ അധ്യാപകരെ നിയമിക്കാന്‍ സ്‌കൂളുകളെ നിര്‍ബന്ധിതമാക്കുന്ന നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി ക്രൈസ്തവ സംഘടനകള്‍ മുന്നിലുണ്ട്. ക്രൈസ്തവ മൂല്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം ആഗ്രഹിക്കുന്ന മാതാപിതാക്കളാണ് തങ്ങളുടെ കുട്ടികളെ ക്രിസ്ത്യന്‍ സഭയുടെ കീഴിലുള്ള സ്‌കൂളുകളില്‍ ചേര്‍ക്കുന്നതെന്ന് സ്‌കൂള്‍ അധികൃതരും അഭിപ്രായപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26