സ്വവര്‍ഗ വിവാഹം ആശീര്‍വദിക്കില്ല; സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം: 40 പേജ് സമന്വയ രേഖ പങ്കുവച്ച് മെത്രാന്‍ സിനഡിന് സമാപനം

സ്വവര്‍ഗ വിവാഹം ആശീര്‍വദിക്കില്ല; സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം: 40 പേജ് സമന്വയ രേഖ പങ്കുവച്ച് മെത്രാന്‍ സിനഡിന് സമാപനം

വത്തിക്കാന്‍ സിറ്റി: ഒരു മാസത്തോളം നീണ്ടുനിന്ന കത്തോലിക്കാ സഭയുടെ സുപ്രധാനമായ മെത്രാന്‍ സിനഡിന് സമാപനം. കഴിഞ്ഞ ദിവസം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന വിശുദ്ധബലിയോടെയാണ് സിനഡിന്റെ ആദ്യ ഘട്ടത്തിന് തിരശീല വീണത്. ഇതാദ്യമായി വനിതകള്‍ക്കും അല്‍മായര്‍ക്കും വോട്ടവകാശം അനുവദിച്ച സിനഡില്‍ 300 മെത്രാന്മാരും 50 വനിതകളും 65 അല്‍മായരുമാണ് പങ്കെടുത്തത്.

ലോകത്തിന്റെ വേദനകള്‍ക്ക് കാതുകൊടുക്കാത്ത ആത്മീയത ഫരിസേയ മനോഭാവമാണെന്ന് വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ സുവിശേഷ സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പാ സഭംഗങ്ങളെ ഓര്‍മ്മിപ്പിച്ചു. ആരെയും ഒഴിവാക്കാതെ എല്ലാവരെയും സ്വീകരിക്കുന്ന ഒരു സഭയായി മാറാനുള്ള ആഹ്വാനമാണ് സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡ് മുന്നോട്ടു വയ്ക്കുന്നതെന്ന് പാപ്പാ വ്യക്തമാക്കി.

ലോകത്തെക്കുറിച്ചും സഭയെക്കുറിച്ചും നവീന വീക്ഷണത്തോടെ സമീപിക്കുന്ന 40 പേജുള്ള സമന്വയ റിപ്പോര്‍ട്ടും സിനഡിന്റെ സമാപനത്തില്‍ പുറത്തിറക്കി. സ്ത്രീകളുടെയും അല്‍മായരുടെയും പങ്കാളിത്തം, മെത്രാന്മാരുടെയും വൈദികരുടെയും ഡീക്കന്മാടെയും പ്രേഷിത ദൗത്യം, ദരിദ്രരുടെയും കുടിയേറ്റക്കാരുടെയും പ്രാധാന്യം, ഡിജിറ്റല്‍ പ്രേഷിതത്വം, എക്യുമേനിസം, ദുരുപയോഗം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നത്. നാലാഴ്ച നീണ്ട ആഴമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. സമന്വയ രേഖയുടെ ആമുഖത്തില്‍ തന്നെ യുദ്ധങ്ങളും, അതിന്റെ പരിണതഫലങ്ങളായ ദരിദ്രരുടെ നിലവിളിയും നിര്‍ബന്ധിത കുടിയേറ്റവും പ്രമേയമാക്കിയിട്ടുണ്ട്.

സഭയില്‍ വനിതകള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം

സ്ത്രീകളുള്‍പ്പടെയുള്ള അല്‍മായര്‍ക്ക് സഭാ സംവിധാനങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. സ്വവര്‍ഗ വിവാഹങ്ങള്‍ ആശീര്‍വദിക്കാന്‍ സാധ്യമല്ലെന്നും എന്നാല്‍ വനിതാ പൗരോഹത്യം സംബന്ധിച്ച വിഷയത്തില്‍ തുടര്‍ ചര്‍ച്ചകളും വിചിന്തനങ്ങളും ആവശ്യമാണെന്ന് സമാപന രേഖ പറയുന്നു. വൈദിക ബ്രഹ്‌മചര്യം നിര്‍ത്തലാക്കാനുള്ള സാഹചര്യം നിലവിലില്ലെന്നും മെത്രാന്റെ അധികാരം വിശ്വാസികളുമായുള്ള കൂട്ടുത്തരവാദിത്വത്തിലധിഷ്ഠിതമാണെന്നും, കൃത്യമായ നിര്‍വചനങ്ങളോടെ വനിതകള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വം നല്‍കണമെന്നും രേഖ നിര്‍ദ്ദേശിക്കുന്നു.

സഭയില്‍ ഉള്‍പ്പെടെ സ്ത്രീകളുടെ നേര്‍ക്കുള്ള തൊഴില്‍ വിവേചനവും അന്യായമായ പ്രതിഫലവും പരിഹരിക്കാനും ദൈവശാസ്ത്ര വിദ്യാഭ്യാസത്തിലേക്കും പരിശീലന പരിപാടികളിലേക്കും സ്ത്രീകളെ കൂടുതലായി പ്രവേശിപ്പിക്കാനും, ആരാധനാ ഗ്രന്ഥങ്ങളിലും സഭാ രേഖകളിലും എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഭാഷയുടെ പ്രയോഗം പ്രോത്സാഹിപ്പിക്കാനും റിപ്പോര്‍ട്ടില്‍ നിര്‍ദേശം നല്‍കുന്നു.

സന്യസ്തജീവിതത്തിലുള്ളവരും അല്‍മായ സംഘടനകളിലെ അംഗങ്ങളായ സ്ത്രീകളും അനുഭവിക്കുന്ന വിവിധ തരത്തിലുള്ള ദുരുപയോഗം അധികാരം പ്രയോഗിക്കുന്നതിലുള്ള ഗുരുതരമായ പിഴവ് മൂലമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ ഉചിതമായ ഇടപെടലുകള്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ ചേര്‍ത്തു നിര്‍ത്താം

ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ സഭയോടു ചേര്‍ത്തുനിര്‍ത്തല്‍ എന്നിവയില്‍ അനുഭാവപൂര്‍വമായ സമീപനമാണു ഫ്രാന്‍സിസ് പാപ്പ സ്വീകരിക്കുന്നത്. സ്വത്വം അല്ലെങ്കില്‍ ലൈംഗികത എന്നിവ കാരണം സഭയില്‍ നിന്ന് പാര്‍ശ്വവത്കരിക്കപ്പെടുകയോ പുറന്തള്ളപ്പെടുകയോ ചെയ്യുന്ന ആളുകളെ കേള്‍ക്കാന്‍ റിപ്പോര്‍ട്ടില്‍ ആഹ്വാനം ചെയ്യുന്നു. വേദന അനുഭവിക്കുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നവരുടെ നേര്‍ക്ക് സിനഡ് ആഴത്തിലുള്ള സ്‌നേഹവും കാരുണ്യവും അനുകമ്പയും പ്രകടിപ്പിക്കുന്നു.

ദരിദ്രരും കുടിയേറ്റക്കാരും

റിപ്പോര്‍ട്ടില്‍ വലിയ സ്ഥാനം കൈയടക്കുന്നത് ദരിദ്രരും കുടിയേറ്റക്കാരുമാണ്. കുടിയേറ്റക്കാരിലും അഭയാര്‍ത്ഥികളിലും യുദ്ധവും അക്രമവും കൊണ്ട് വേരോടെ പിഴുതെറിയപ്പെട്ടതിന്റെ മുറിവുകളുണ്ട്. തുറന്ന സ്വാഗത മനോഭാവത്തോടെ ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതില്‍ അവരോടൊപ്പം പങ്കുചേരാനും ജനങ്ങള്‍ക്കിടയില്‍ ഒരു യഥാര്‍ത്ഥ സാംസ്‌കാരിക ഐക്യം കെട്ടിപ്പടുക്കാനും സിനഡല്‍ രേഖ ക്ഷണിക്കുന്നു.

വിവിധ തരത്തില്‍ തദ്ദേശവാസികള്‍, അക്രമത്തിന്റെയും ദുരുപയോഗത്തിന്റെയും (പ്രത്യേകിച്ച് സ്ത്രീകള്‍), വംശീയതയുടെയും കള്ളക്കടത്തിന്റെയും ഇരകള്‍, ന്യൂനപക്ഷങ്ങള്‍, ഉപേക്ഷിക്കപ്പെട്ട പ്രായമായവര്‍, ചൂഷണം ചെയ്യപ്പെട്ട തൊഴിലാളികള്‍, ദുര്‍ബലരില്‍ ഏറ്റവും ദുര്‍ബലരായ ഗര്‍ഭസ്ഥ ശിശുക്കളും അവരുടെ അമ്മമാര്‍ ഒക്കെ ഈ ഗണത്തില്‍ രേഖ ഉള്‍ക്കൊള്ളിക്കുന്നു. ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതില്‍ അവരോടൊപ്പം പങ്കുചേരാനും ജനങ്ങള്‍ക്കിടയില്‍ സാംസ്‌കാരിക ഐക്യം കെട്ടിപ്പടുക്കാനും സിനഡല്‍ രേഖ ക്ഷണിക്കുന്നു.

എല്ലാ രൂപതകളിലേക്കും അയക്കുന്ന ഈ റിപ്പോര്‍ട്ട് ചര്‍ച്ചകള്‍ക്ക് ശേഷം അടുത്ത ജൂണ്‍ മാസത്തിന് മുമ്പായി വത്തിക്കാന് സമര്‍പ്പിക്കണം. തുടര്‍ന്ന് അടുത്ത വര്‍ഷം ഒക്ടോബറില്‍ വീണ്ടും നടക്കുന്ന സിനഡിന്റെ അവസാന സമ്മേളനത്തില്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ അന്തിമ നിര്‍ദ്ദേശം ഉണ്ടാകും. 2025 ജനുവരിയില്‍ പുതിയ തീരുമാനങ്ങള്‍ ഫ്രാന്‍സിസ് പാപ്പാ പുറപ്പെടുവിച്ചേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26