ഹൃദയാഘാതം; പരീക്ഷാ ഹാളില്‍ കുഴഞ്ഞുവീണ പതിനഞ്ചുകാരി മരിച്ചു

 ഹൃദയാഘാതം; പരീക്ഷാ ഹാളില്‍ കുഴഞ്ഞുവീണ പതിനഞ്ചുകാരി മരിച്ചു

രാജ്‌കോട്ട്: പരീക്ഷയ്‌ക്കെത്തിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. ഗുജറാത്തിലെ അമ്രേലി സ്‌കൂളിലാണ് സംഭവം. രാജ്‌കോട്ടിലെ ജാസ്ദന്‍ സ്വദേശിയായ സാക്ഷി സാജോദര എന്ന 15 കാരിയാണ് മരിച്ചത്. പരീക്ഷക്കായി ക്ലാസ് മുറിയില്‍ പ്രവേശിക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു.

അധ്യാപകരും സഹപാഠികളും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഗുജറാത്തില്‍ ചെറുപ്പക്കാര്‍ക്കിടയല്‍ ഹൃദയാഘാതം വര്‍ധിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഗുജറാത്തില്‍ നവരാത്രി ആഘോഷത്തില്‍ ഗര്‍ബ നൃത്തം ചെയ്യുന്നതിനിടെ മണിക്കൂറില്‍ 10 പേര്‍ ഹൃദയാഘാതം മൂലം മരിച്ചത് വലിയ വാര്‍ത്തയായിരുന്നു. കൗമാരക്കാര്‍ മുതല്‍ മധ്യവയസ്‌കര്‍ വരെയുള്ളവര്‍ക്ക് ഹൃദയാഘാതം സംഭവിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.

മരിച്ചവരില്‍ 13 ഉം 17 ഉം വയസുള്ള കുട്ടികളും ഉള്‍പ്പെട്ടിരുന്നു. നവരാത്രിയുടെ ആദ്യ ആറ് ദിവസങ്ങളില്‍ ഗുജറാത്തില്‍ ഹൃദയ സംബന്ധമായ അസുഖം കാരണം എമര്‍ജന്‍സി ആംബുലന്‍സ് സേവനം തേടി 521 കോളുകള്‍ വന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ശ്വാസ തടസത്തിന് ചികിത്സയ്ക്കായി ആംബുലന്‍സ് സഹായം തേടി 609 കോളുകളും വന്നു. ഇതോടെ ഗര്‍ബ വേദികള്‍ക്ക് സമീപമുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ക്കും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ക്കും ഗുജറാത്ത് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.